കൊച്ചി: ഇതര സംസ്ഥാനക്കാർ ലേണേഴ്സ് എഴുതി പാസായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർ. മലയാളം എഴുതാനും വായിക്കാനും അറിയാത്ത ബംഗാളി ഭാഷ മാത്രം അറിയുന്നവർക്കാണ് ലേണേഴ്‌സ് ലൈസൻസ് ലഭിച്ചത്. ഇത് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
നോർത്ത് പറവൂരിൽ ബംഗാളി ഭാഷ മാത്രം അറിയുന്ന ആൾക്ക് ലേണേഴ്‌സ് ലൈസൻസ് കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ സ്‌കൂളുകാരൻറെ സഹായത്തോടെയാണ് പരീക്ഷ നടത്തിയത് എന്ന് കണ്ടെത്തി. ഇതോടെ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനവ്യാപകമായി ഇത്തരത്തിൽ എഴുത്തും വായനയും അറിയാത്തവർ ലേണേഴ്‌സ് പരീക്ഷ പാസായതായി കണ്ടെത്തിയിട്ടുണ്ട്.കൊവിഡ് കാലത്ത് വീട്ടിലിരുന്ന് പരീക്ഷ എഴുതാനുള്ള അവസരം ദുരുപയോഗം ചെയ്തതായാണ് വിലയിരുത്തൽ.
ഡ്രൈവിംഗ് സ്‌കൂളുകൾ ക്രമക്കേടിന് കൂട്ട് നിന്നെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അപേക്ഷകരിൽ നിന്ന് വൻ തുക ഈടാക്കിയാണ് ലേണേഴ്‌സ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേ ഐപി അഡ്രസ്സിൽ നിരവധി പേർ പരീക്ഷ എഴുതിയെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് നടത്തിയവർക്കെതിരെ പൊലീസ് കേസ് എടുക്കും. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ ഡ്രൈവിംഗ് സ്‌കൂളുകളുടെ ലൈസൻസക് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.