*ഡിജിറ്റൽ രൂപ നാളെ എത്തും; എങ്ങനെ ഉപയോഗിക്കണം...!?*

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിലുണ്ട്.

*ഉപയോഗിക്കേണ്ടത് എങ്ങനെ...!?*

ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വോളറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികൾ തമ്മിലോ, വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താൻ ഡിജിറ്റൽ രൂപ ഉപയോഗിക്കാം. കടകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ഡിജിറ്റൽ രൂപ വഴി പണമിടപാട് നടത്താം.

ഡിജിറ്റൽ രൂപ നാം സാധാരണ പണം ഉപയോഗിക്കുന്നത് പോലെ നിക്ഷേപം നടത്താനും മറ്റും ഉപയോഗിക്കാൻ സാധിക്കും. ബാങ്ക് അക്കൗണ്ടിൽ പണം കിടക്കുമ്പോൾ പലിശ ലഭിക്കുന്നത് പോലെ, ബങ്ക് വാളറ്റിൽ ഡിജിറ്റൽ രൂപ കിടന്നാൽ പലിശ ലഭിക്കില്ല.

*എവിടെ ലഭ്യമാകും..!?*

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ഡിജിറ്റൽ രൂപ
നാല് ബാങ്കുകൾക്കാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്‌സി. പിന്നീട് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കോടാക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയിൽ പങ്കാളികളാകും.

*ആർക്കെല്ലാം ലഭ്യമാകും...!?*

ആദ്യ ഘട്ടത്തിൽ മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ മാത്രമേ ഡിജിറ്റൽ രൂപ ലഭ്യമാവുകയുള്ളു. രണ്ടാം ഘട്ടത്തിലാണ് കേരളം പദ്ധതിയിൽ ഉൾപ്പെടുക. രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, ഗാംഗ്‌ടോക്, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, ഇൻഡോർ, ലഖ്‌നൗ, പാട്‌ന, ശിംല എന്നിവിടങ്ങളിലും ലഭ്യമാകും.