നെയ്യാറ്റിന്‍കര : വഴുതൂര്‍ കേന്ദ്രീകരിച്ചു വഴിയോര കച്ചവടം നടത്തുന്ന തട്ട് മനഃപൂര്‍വം അഗ്‌നിക്കരയാക്കിയതെന്നു കണ്ടെത്തി; പ്രതി അറസ്റ്റില്‍. വീരണകാവ് തോട്ടംമ്പറ മുറിയില്‍ കാക്കമുകളില്‍ റോഡരികത്തു വീട്ടില്‍ അജയകുമാര്‍ (46) ആണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടിയിലായത്. സമീപത്തു വഴിയോര കച്ചവടം നടത്തുന്ന സഹോദരന്റെ തട്ടില്‍ വില്‍പന കുറഞ്ഞതിനെത്തുടര്‍ന്ന് ഉണ്ടായ വൈരാഗ്യമെന്നു പൊലീസ്.കഴിഞ്ഞ 28ന് രാത്രി ആയിരുന്നു സംഭവം. ബാലരാമപുരം വഴിമുക്ക് അഴകറത്തലമേലെ പുത്തന്‍ വീട്ടില്‍ റഹിം, ഉള്ളി, കിഴങ്ങ് വര്‍ഗങ്ങള്‍, സീസണ്‍ അനുസരിച്ചുള്ള പഴങ്ങള്‍ തുടങ്ങിയവ വില്‍പന നടത്തിയിരുന്ന തട്ട് ആണ് അഗ്‌നിക്കിരയായത്. തട്ട് കത്തി നശിച്ച അന്നു തന്നെ റഹിം, തന്റെ തട്ട് ആരോ മനഃപൂര്‍വം അഗ്‌നിക്കിരയാക്കിയതാണ് എന്ന് കാട്ടി നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി ചുവടു പിടിച്ചു നടത്തിയ അന്വേഷണത്തില്‍ അജയകുമാര്‍ കുടുങ്ങുകയായിരുന്നു. നെയ്യാറ്റിന്‍കര സിഐ: കെ.ആര്‍.ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ: ആര്‍.സജീവ്, സിപിഒ ഷിബു തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.