മഹാരാജാസ് സംഘര്‍ഷം, നാലുപേര്‍ അറസ്റ്റിൽ

കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‍യു, എസ്എഫ്ഐ സംഘർഷത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പടക്കം ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഡിസിപി എസ് ശശിധരൻ പറഞ്ഞു. 

കോളേജിന് സമീപമുള്ള എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിലും ഇന്നലെ സംഘർഷം നടന്നിരുന്നു. എസ്എഫ്ഐ യൂണിറ്റ് പ്രസി‍ഡന്‍റ് അമൽ ജിത്ത് കുറ്റ്യാടി,വനിതാ പ്രവർത്തകയായ റൂബി അടക്കം 10 എസ്എഫ്ഐക്കാർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‍‍യു നേതാക്കളായ നിയാസ് റോബിൻസൻ അടക്കം പരിക്കേറ്റ ആറ് പേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. സർവ്വകക്ഷി യോഗം വിളിക്കും.