കടവിൽ കുളിക്കാൻ ഇറങ്ങിയവർ കണ്ടത് കൂറ്റൻ ചീങ്കണ്ണിയെ, പരിഭ്രാന്തി; മുന്നറിയിപ്പുമായി വനം വകുപ്പ്

പാറശാല :നെയ്യാറിലെ കാഞ്ഞിരംമൂട് ഭാഗത്ത് ചീങ്കണ്ണിയെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 6.00ന് ചെങ്കൽ പഞ്ചായത്തിൽ പെട്ട കാഞ്ഞിരംമൂട് കടവിൽ കുളിക്കാൻ ഇറങ്ങിയവർ ആണ് കൂറ്റൻ ചീങ്കണ്ണിയെ കണ്ടത്. സംഭവം അറിഞ്ഞ് ആറിന്റെ ഇരുകരകളിലും നാട്ടുകാർ തടിച്ചു കൂടി. പ്രദേശത്തെ നൂറുകണക്കിനു പേർ കുളിക്കാനും, വസ്ത്രം അലക്കുന്നതിനും ആശ്രയിക്കുന്നത് നെയ്യാറിനെ ആണ്. ആറിന്റെ ഇരുകരകളിലെ താമസക്കാർ ജാഗ്രത പാലിക്കണം എന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജയും വൈസ് പ്രസിഡന്റ് കെ.അജിത്കുമാറും അറിയിച്ചു.നെയ്യാർ ജലാശയത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ചീങ്കണ്ണി ആക്രമണ സാധ്യത മുന്നറിയിപ്പുമായി വനം വകുപ്പ്. നവംബർ മുതൽ ജനുവരി വരെ ചീങ്കണ്ണികളുടെ പ്രജനന കാലമാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അറിയിച്ചു. പ്രജനന കാലത്ത് ചീങ്കണ്ണികൾ തീരത്തോട് ചേർന്ന സ്ഥലങ്ങളിലെത്തി മുട്ടയിടുക പതിവാണ്. ഈ സമയം ഇവ അക്രമണകാരികളാകും. ഇതുകൊണ്ട് തന്നെ ജലാശയത്തിൽ ഇറങ്ങുന്നതിൽ നിന്നും വനം വകുപ്പ് പരിസര വാസികളെ വിലക്കി.ചീങ്കണ്ണി സാന്നിധ്യം ഉള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ജലാശയത്തിൽ ഇറങ്ങുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. മരക്കുന്നം,പന്ത പ്ലാമൂട്, ഒന്നാം ചെറുപ്പണ, കോട്ടമൺപുറം ഭാഗങ്ങൾ ചീങ്കണ്ണി സാന്നിധ്യമുള്ള സ്ഥലങ്ങളായി വനം വകുപ്പ് കണ്ടെത്തി. കള്ളിക്കാട്,അമ്പൂരി പഞ്ചായത്ത് പ്രദേശങ്ങളിലായാണു റിസർവോയർ സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ആഴ്ച മരക്കുന്നം ഭാഗത്ത് ജലാശയത്തിൽ ചീങ്കണ്ണിയെ കണ്ടിരുന്നു.ആവശ്യമായ ബോധവൽക്കരണം നടത്താൻ പഞ്ചായത്ത് അധികൃതരോടും നിർദ്ദേശിച്ചതായി നെയ്യാർ ഡാം അസി.വൈൽഡ് ലൈഫ് വാർഡൻ വി. ബ്രിജേഷ് അറിയിച്ചു.