ലോക കിരീടത്തിലേയ്ക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ; സെമിയിൽ ഇന്ന് ഇംഗ്ലണ്ടിനെതിരെ...

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സെമിക്ക് മുമ്പ് ഇംഗ്ലണ്ടിന് തിരിച്ചടി. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ പേസറായ മാര്‍ക്ക് വുഡിനെ പരിക്കിനെ തുടര്‍ന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ക്രിസ് ജോര്‍ദാന്‍ പകരക്കാരനായി വരുമെന്നും ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അതേസമയം പരിക്കിന്‍റെ പിടിയിലുള്ള മറ്റൊരു താരമായ ബാറ്റര്‍ ഡേവിഡ് മലാന്‍ കളിക്കുമോ എന്ന് വ്യക്തമായിട്ടില്ല. മലാന്‍ പുറത്തായാല്‍ ഫിലിപ് സാള്‍ട്ട് പകരക്കാരനായി എത്താനാണ് സാധ്യത. സാള്‍ട്ട് കഴിഞ്ഞ ദിവസം അധിക സമയം പരിശീലനത്തില്‍ ചിലവഴിച്ചിരുന്നു. 

മാര്‍ക്ക് വുഡിനും ഡേവിഡ് മലാനും പരിക്ക് മാറാനുള്ള പൂര്‍ണസമയം നല്‍കുമെന്ന് ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡേവിഡ് മലാന്‍റെ അവസാനവട്ട ഫിറ്റ്‌നസ് പരീക്ഷ ഇന്ന് നടക്കും. ഈ ലോകകപ്പില്‍ 150 കിലോമീറ്റിലേറെ വേഗത്തില്‍ പലകുറി പന്തെറിഞ്ഞ മാര്‍ക്ക് വുഡിന്‍റെ കാര്യത്തില്‍ തിടുക്കം കാണിക്കാന്‍ ഇംഗ്ലണ്ട് മാനേജ്‌മെന്‍റിന് താല്‍പര്യമില്ല എന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന പാകിസ്ഥാന്‍ പര്യടനത്തില്‍ വുഡ് കളിക്കുമെന്നാണ് പ്രതീക്ഷ. ഈ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ 12.00 ശരാശരിയിലും 7.71 ഇക്കോണമിയിലും വുഡ് 9 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. 26 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. ഈ ലോകകപ്പില്‍ 31 പന്തുകളാണ് വുഡ് 150 കിലോമീറ്ററിലേറെ വേഗത്തിലെറിഞ്ഞത്