ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ സെറ്റിഹള്ളിയിലാണ് ഈ ദാരുണ സംഭവം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ മകന് ഭക്ഷണം കൊടുക്കാനായി എത്തിയ അമ്മയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ 34 -കാരനായ മകന്‍ ലോകേഷിനെ കണ്ടത്.
ആന്ധ്രാപ്രദേശിലെ പുംഗനൂരിനടുത്തുള്ള ഗ്രാമത്തിലെ ഒരു സ്ത്രീയെ ലോകേഷ് വിവാഹം കഴിച്ചത് ഒമ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. തനിക്ക് ഒരു ആണ്‍കുഞ്ഞ് വേണമെന്നത് ലോഗേഷിന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് പറയുന്നു. ഭാര്യ മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ മുതല്‍ ഇയാള്‍ വലിയ നിരാശയില്‍ ആയിരുന്നെന്നും തനിക്കൊരു ആണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹം എപ്പോഴും സുഹൃത്തുക്കളുമായി പങ്കിടുമായിരുന്നു എന്നും ഇയാളുടെ സുഹൃത്തും അയല്‍വാസിയും സാമൂഹിക പ്രവര്‍ത്തകനുമായ നാഗഭൂഷണയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.ഭാര്യ നാലാമതും ഗര്‍ഭിണിയായപ്പോള്‍ ഇയാള്‍ വീണ്ടും ഏറെ സന്തോഷത്തില്‍ ആയി എന്നും തനിക്ക് ജനിക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞ് തന്നെ ആയിരിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ മുല്‍ബാഗലിലെ ഒരു ആശുപത്രിയില്‍ ഭാര്യ വീണ്ടും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ അയാള്‍ വീണ്ടും നിരാശയിലായി. ഇതേ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി സമീപത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടില്‍ നിന്നും അമ്മ എത്തി ഇയാള്‍ക്ക് ഭക്ഷണം നല്‍കി മടങ്ങിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ഭക്ഷണം നല്‍കാനായി അമ്മ എത്തിയപ്പോഴാണ് ഇയാളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.