കഴിഞ്ഞ മാസം 23ന് നടന്ന സംഭവത്തിലാണ് വർക്കല പൊലീസിന്റെ നടപടി. ശിവഗിരി മഠത്തിലെ പരിപാടികൾക്ക് ശേഷം ഉച്ചയ്ക്ക് രണ്ടേകാലോടെ കൺവെൻഷൻ സെന്‍ററിലേക്ക് സ്കൂട്ടറിൽ പോകും വഴി മനോജും ആറംഗ സംഘവും ചേര്‍ന്ന് കാറിലെത്തി തട്ടിക്കൊണ്ടുപോയെന്നാണ് മണികണ്ഠ പ്രസാദിന്‍റെ പരാതി. മെഡിക്കൽ മിഷൻ ആശുപത്രിയിലെ ആളൊഴിഞ്ഞ മുറിയിൽ കൊണ്ടുപോയി വസ്ത്രങ്ങളെല്ലാം ഊരിമാറ്റി കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. രണ്ട് ദിവസത്തിന് ശേഷം 25ന് സംഘം കാറിൽ കയറ്റി കോട്ടയത്തെ ശാസ്ത്രി റോഡിന് സമീപത്ത് വഴിയിൽ തള്ളിയെന്നും മണികണ്ഠ പ്രസാദിന്റെ പരാതിയിലുണ്ട്.
അഞ്ച് പവന്‍ മാല, മൊബൈൽഫോൺ, സ്കൂട്ടര്‍ എന്നിവ തട്ടിയെടുത്തു. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഭീഷണിപ്പെടുത്തി ബലാത്സംഗക്കേസിൽ പ്രതിയായ സ്വാമി ഗുരുപ്രസാദിനെതിരെ കൂടുതൽ പരാതികൾ എഴുതി വാങ്ങിയെന്നും മണികണ്ഠപ്രസാദ് ആരോപിക്കുന്നു, പരാതി നൽകിയിട്ടും നടപടിയില്ലെന്നും കേസ് അന്വേഷണം ഇഴയുന്നു എന്നാരോപിച്ചും മുഖ്യമന്ത്രിക്കും ഡിജിപിക്കും മണികണ്ഠ പ്രസാദ് പരാതി നൽകിയതിന് പിന്നാലെയാണ് വധശ്രമത്തിനും തട്ടിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനും വര്‍ക്കല പൊലീസ് കേസെടുത്തത്. നിലവിൽ മനോജിനെതിരെ മാത്രമാണ് കേസ്. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു.