*കലാലയ പഠന യാത്ര ആനവണ്ടിയിൽ ആഘോഷമാക്കി അധ്യാപക പരിശീലന പഠിതാക്കൾ ..*

പരിസ്ഥിതി സൗഹൃദ യാത്ര എന്ന ആശയം അന്വർത്ഥമാക്കി അധ്യാപക പരിശീലന പഠിതാക്കൾ ആനവണ്ടിയിൽ ആഘോഷപൂർവ്വം നടത്തിയ യാത്ര മാതൃകാപരമായി.

 നെയ്യാറ്റിൻകര ഓലത്താന്നി ബി.എഡ്. കോളേജിലെ അമ്പത് വിദ്യാർത്ഥികളും അധ്യാപകരുമാണ് അടവി എക്കോ ടൂറിസത്തിലേക്കും കോന്നി ആന മ്യൂസിയത്തിലേക്കുമുള്ള പഠന യാത്ര നെയ്യാറ്റിൻകര ഡിപ്പോയുടെ ട്രാൻസ്പോർട്ട് ബസിൽ സംഘടിപ്പിച്ചത്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ ആണ് യാത്രക്ക് നേതൃത്വം നൽകിയത്. യാത്രാമധ്യേ സംഘാംഗങ്ങൾ കൊട്ടാരക്കര , മലയാലപ്പുഴ ക്ഷേത്രങ്ങളിലും പത്തനംതിട്ട കാത്തോലിക്കറ്റ് ചർച്ചിലും സന്ദർശനം നടത്തി. കേരളത്തിൽ ആദ്യമായി കുട്ടവഞ്ചി ടൂറിസം ആരംഭിച്ച അടവിയിലെ കുട്ടവഞ്ചി യാത്ര സംഘാംഗങ്ങൾ ആവേശപൂർവ്വം സ്വീകരിച്ചു. "പരിസ്ഥിതിയും ടൂറിസവും " എന്ന വിഷയത്തെ ആസ്പദമാക്കി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷമ്മി , ആന പരിപാലനത്തെക്കുറിച്ച് മാധ്യമ പ്രവർത്തകനായ മനോജ് എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. ബി.എഡ്. സെന്റർ പ്രിൻസിപ്പൽ ബീബി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ പ്രവീൺ, നാൻസി , അഞ്ജു, ആൻസി, വിദ്യാർത്ഥികളായ അനന്തു, ഫിജി, അജീൻ, ഗായത്രി , ദേവി, ജ്യോതി എന്നിവർ യാത്രക്ക് ചുക്കാൻ പിടിച്ചു.
       നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിന്റെ എഴുപത്തി എട്ടാമത് യാത്രയാണ് അടവി എക്കോ ടൂറിസത്തിലേക്ക് സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ അടവിയിലേക്ക് യാത്ര ക്രമീകരിച്ചത്. ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ , എ.ടി.ഒ.മാരായ സജിത്, അനസ്, ബജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ജനറൽ സി.ഐ. സതീഷ് കുമാർ എന്നിവരാണ് ഡിപ്പോയിലെ ടൂറിസം പ്രവർത്തനങ്ങളും യാത്രകളും ഏകോപിപ്പിക്കുന്നത്. വിദഗ്ദ്ധ പരിശീലനം നേടിയ ജി. ജിജോ, യേശുദാസ് , സജീവ്, അനീഷ് പുതിയറക്കൽ, ഗോപകുമാർ, സതീഷ് ,സുരേഷ്കുമാർ ,രാജേഷ്, സജികുമാർ , സി.രാജൻ, എം.ഗോപകുമാർ എന്നീ ജീവനക്കാർ ഡിപ്പോയിലെ ടൂറിസം മേഖലക്ക് മുതൽ കൂട്ടാണ്. വേറിട്ട പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായ നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിനെ സ്റ്റേറ്റ് ടൂറിസം ഓഫീസർ ശ്രീ ലോപ്പസ് സാം ജേക്കബ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ശ്രീ V.പ്രശാന്ത് എന്നിവർ അഭിനന്ദിച്ചു.