പതഞ്ജലിയുടെ മരുന്നുകള്‍ക്കു വിലക്ക്; നിര്‍മാണം നിര്‍ത്താന്‍ നിര്‍ദേശം

ന്യൂഡൽഹി:അഞ്ചു മരുന്നുകളുടെ ഉത്പാദനം നിര്‍ത്താന്‍ പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ദിവ്യ ഫാര്‍മസിക്ക് ഉത്തരാഖണ്ഡ് ആയുര്‍വേദ, യൂനാനി ലൈസന്‍സിങ് അതോറിറ്റിയുടെ നിര്‍ദേശം.ഈ മരുന്നുകളുടെ ചേരുവകളും നിര്‍മാണ ഫോര്‍മുലയും അറിയിക്കാന്‍ അതോറിറ്റി നിര്‍ദേശിച്ചു.

ബിപിഗ്രിറ്റ്, മധുഗ്രിറ്റ്, തൈറോഗ്രിറ്റ്, ലിപിഡോം, ഐഗ്രിറ്റ് എന്നിവയുടെ നിര്‍മാണ വിവരങ്ങള്‍ അറിയിക്കാനാണ്, ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്ബനിക്ക് നിര്‍ദേശം. രക്തസമ്മര്‍ദം, പ്രമേഹം, ഗോയിറ്റര്‍, ഗ്ലൂക്കോമ, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്ന പേരിലാണ് ഇവ വിപണനം ചെയ്തത്.

നിര്‍മാണ വിവരങ്ങള്‍ അതോറിറ്റി അംഗീകരിച്ചാല്‍ തുടര്‍ന്നും ഇവയുടെ ഉത്പാദനം നടത്താമെന്ന് ദിവ്യ ഫാര്‍മസിക്കു നല്‍കിയ നോട്ടീസില്‍ പറയുന്നു. 

കേരളത്തില്‍നിന്നുള്ള ഡോക്ടര്‍ കെവി ബാബു നല്‍കിയ പരാതിയിലാണ്, ഉത്തരാഖണ്ഡ് അതോറിറ്റിയുടെ നടപടി. മരുന്നു നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ദിവ്യ ഫാര്‍മസിയുടെ പ്രവര്‍ത്തനം എന്ന് ആരോപിച്ചാണ് പരാതി