തിരുവനന്തപുരം. നാഗർകോവിലിൽ ബിഎസ്എഫ് ജവാന്‍റെ മരണാനന്തരം ഭാര്യയ്ക്ക് ലഭിച്ച ധന സഹായം വീതം വെക്കണമെന്ന് ആവശ്യപ്പെട്ടു നടന്ന തർക്കത്തിനിടെ യുവതിയെ ബന്ധുക്കൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വിധവയുടെ ഭർതൃ പിതാവും ഭർതൃ സഹോദരനും ചേർന്നാണ് ക്രൂരത ചെയ്തിരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ ഭർതൃ പിതാവിനെയും ഭർതൃ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാഗർകോവിൽ ഇരണിയലിന് സമീപമാണ് സംഭവം.
നാഗർകോവിൽ മണക്കര അവരിവിളാകം ദുർഗ (38) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദുർഗ്ഗയുടെ ഭർതൃ പിതാവ് ആറുമുഖ പിള്ള (78), ഇളയ സഹോദരൻ മധു (42) എന്നിവരെ ഇരണിയൽ പൊലീസ് അറസ്റ്റ് ചെയ്തു. ദുർഗയുടെ ഭർത്താവ് അയ്യപ്പ ഗോപു ബി എസ് എഫ് ജവാനായിരുന്നു.
അയ്യപ്പ ഗോപു കഴിഞ്ഞ സെപ്റ്റംബറിലാണ് മരണപ്പെടുന്നത്. തുടർന്ന് ദുർഗ്ഗയ്ക്ക് ലഭിച്ച സര്‍ക്കാര്‍ – സൈനിക ധന സഹായ തുകയിൽ നിന്ന് പങ്ക് ചോദിച്ച് എത്തിയ അയ്യപ്പ ഗോപുവിന്‍റെ പിതാവും സഹോദരനും ദുർഗയുമായി നിരന്തരം വഴക്കിടുക പതിവായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ഇരുവരും പണം ആവശ്യപ്പെട്ട് എത്തിയെങ്കിലും ദുർഗ്ഗ പണം നൽകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇതോടെ ഇരുവരും ചേര്‍ന്ന് യുവതിയെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ തലയിൽ ഗുരുതര പരിക്കേറ്റ് വീണ ദുർഗയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇവർക്ക് പ്ലസ് വൺലും, ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികൾ ഉണ്ട്.