ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.3 ഓവറിൽ 219 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 51 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശ്രേയാസ് അയ്യരും (49) ഇന്ത്യക്കായി തിളങ്ങി. ഇന്ത്യക്കായി ഏഴ് താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും ഈ രണ്ട് പേർക്കൊഴികെ മറ്റാർക്കും മികച്ച സ്കോർ നേടാനായില്ല. ന്യൂസീലൻഡിനായി ഡാരിൽ മിച്ചലും ആദം മിൽനെയും 3 വിക്കറ്റ് വീതം വീഴ്ത്തി.ബൗളിംഗ് പിച്ചിൽ വളരെ സാവധാനമായിരുന്നു ഇന്ത്യയുടെ തുടക്കം. കഴിഞ്ഞ മത്സരങ്ങളിൽ ആക്രമിച്ചുകളിച്ച ശുഭ്മൻ ഗില്ലിനെ കിവീസ് പേസർമാർ ക്രീസിൽ തളച്ചിട്ടതോടെ റൺ വരൾച്ചയുണ്ടായി. 13 റൺസെടുത്ത ഗില്ലിനെ പുറത്താക്കിയ ആദം മിൽനെ കിവീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ശിഖർ ധവാനും (28) മിൽനെയുടെ ഇരയായി മടങ്ങി. ഋഷഭ് പന്തിനെ (10) ഡാരിൽ മിച്ചലും സൂര്യകുമാർ യാദവിനെ (6) മിൽനെയും ദീപക് ഹൂഡയെ (12) ടിം സൗത്തിയും മടക്കിയതോടെ ഇന്ത്യ തകർച്ചയിലേക്ക് കൂപ്പുകുത്തി. തുടരെ വിക്കറ്റുകൾ നഷ്ടമാവുമ്പോഴും പിടിച്ചുനിന്ന ശ്രേയാസ് അയ്യർ (49) കൂടി മടങ്ങിയതോടെ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലായി. എന്നാൽ, അസാമാന്യ മികവോടെ ബാറ്റ് വീശിയ വാഷിംഗ്ടൺ സുന്ദർ ഇന്ത്യയെ 200 കടത്തി. 51 റൺസെടുത്ത താരം 48ആം ഓവറിൽ സൗത്തിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. സഞ്ജുവിനെ ഒഴിവാക്കുന്നതിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും താരത്തെ ഒഴിവാക്കി ഇന്ത്യ ടീം പ്രഖ്യാപിച്ചത്. ന്യൂസീലൻഡ് നിരയിൽ ഡഗ് ബ്രേസ്‌വെലിനു പകരം ആദം മിൽനെ ടീമിലെത്തി. മഴ മൂലം വൈകിയാണ് ടോസ് നടന്നത്.പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചിരുന്നു. രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ന് ഇന്ത്യക്ക് ജയിച്ചേ തീരൂ. ടി-20 പരമ്പരയിൽ ഇന്ത്യ 1-0നു വിജയിച്ചു.