വിതുര∙ സ്കൂളിലേക്കു വരവേ അജ്ഞാതനായ ഒരാൾ തടഞ്ഞു നിർത്തി നിർബന്ധിച്ചു നൽകിയ ലഹരി പദാർഥം ഉപയോഗിക്കാതെ സ്കൂളിൽ എത്തി അധ്യാപകരോടു പറയാൻ ധൈര്യം കാണിച്ച് ആറാം ക്ലാസുകാരൻ. തൊളിക്കോട് പനയ്ക്കോട് വി.കെ. കാണി ഗവ: ഹൈസ്കൂളിലെ വിദ്യാർഥിയും മുതിയൻകാവ് സ്വദേശികളായ ഷിജു ദീപ ദമ്പതികളുടെ മകനുമായ എസ്. നന്ദുവിനു ഇക്കാര്യം അധ്യാപകരോടു പറയാൻ പ്രേരണ ആയതു സ്കൂളിൽ നിന്നു ലഭിച്ച ലഹരി വിരുദ്ധ പാഠങ്ങൾ. രണ്ടാഴ്ച മുൻപായിരുന്നു സംഭവം.
ലഹരി പദാർഥം കയ്യിൽ വച്ചു കൊടുക്കുകയും ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്തപ്പോൾ നന്ദു സ്കൂളിലെത്തിയ ഉടൻ വിവരം അധ്യാപകരോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ ആര്യനാട് പൊലീസിനെ വിവരം അറിയിച്ചു. ലഹരി ഉറവിടം തേടിയുള്ള അന്വേഷണവും പൊലീസ് തുടങ്ങി. ഇതിനിടെ നന്ദുവിനെ കാണാനും അഭിനന്ദിക്കാനും പൊലീസ് സംഘം സ്കൂളിൽ എത്തി. പ്രത്യേക അസംബ്ലിയിൽ നന്ദുവിനു സബ് ഇൻസ്പെക്ടർ ഷീന ഉപഹാരം നൽകി. ജനമൈത്രി പ്രവർത്തകൻ സലിം, ഹെഡ്മിസ്ട്രസ് അനിത കുമാരി, പി.ടി.എ പ്രസിഡന്റ് കെ.ജെ. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.