ചാത്തന്നൂരിൽ സ്വകാര്യ വ്യക്തിയുടെ ആംബുലൻസ് സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു

ആംബുലൻസിന് പുറമേ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാനും ബൈക്കും ഭാഗികമായി കത്തി നശിച്ചു

 കൊല്ലം : ചാത്തന്നൂരിൽ സ്വകാര്യ വ്യക്തിയുടെ ആംബുലൻസ് സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. മീനാട് സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ഒമിനി ആംബുലൻസിനാണ് സാമൂഹിക വിരുദ്ധർ തീയിട്ടത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ആംബുലൻസിന് പുറമേ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാനും ബൈക്കും ഭാഗികമായി കത്തി നശിച്ചു.  

തീ പടരുന്നത് കണ്ട നാട്ടുകാർ ഒന്നര മണിക്കൂ‍റെടുത്താണ് തീയണച്ചത്. കഴിഞ്ഞ മാസം രണ്ടംഗ സംഘം അഭിലാഷിനെ മര്‍ദിക്കുകയും ആംബുലൻസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ കേടു വരുത്തുകയും ചെയ്തിരുന്നു. അന്ന് വീഡിയോ സഹിതം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന ആരോപണവുമുണ്ട്. അതേ അക്രമികൾ തന്നെയാണ് തീയിട്ടതെന്നാണ് അഭിലാഷ് പറയുന്നത്. സംഭവ സ്ഥലത്ത് പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി. പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും ചാത്തന്നൂർ പൊലീസ് അറിയിച്ചു.