പത്തനംതിട്ട: സ്കാനിങ് സെന്ററിൽ യുവതിയുടെ ദൃശ്യം പകർത്തിയ കേസിൽ പ്രതി അംജിത്തിനെ കസ്റ്റഡിയിൽ വാങ്ങും. ഇയാളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ലാബ് നടത്തിപ്പുകാരും ഡോക്ടർന്മാരും തമ്മിൽ ധാരണയെന്ന് ആരോഗ്യ വകുപ്പിന് മുൻപും പരാതി ലഭിച്ചിരുന്നു. ദേവി സ്കാൻസ് തിരുവനന്തപുരം ശാഖയിലെ ജീവനക്കാരനായിരുന്നു കടക്കൽ സ്വദേശിയായ പ്രതി അംജിത്ത്.
അടൂരിൽ രണ്ട് മാസം മുൻപ് പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചപ്പോഴാണ് ഇയാൾ സ്ഥലംമാറ്റം ലഭിച്ച് ഇവിടേക്ക് എത്തിയത്. കഴിഞ്ഞദിവസം യുവതിക്ക് ദുരനുഭവം ഉണ്ടായതിന് സമാനമായി മറ്റ് യുവതികളുടേയും ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തിൽ പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനും ഒപ്പം തന്നെ മറ്റ് ആർക്കെങ്കിലുംപങ്കുവെക്കാനും സാധ്യതയുള്ളതായി പോലീസ് കരുതുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അംജിത്തിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ പോലീസ് തീരുമാനിച്ചത്.
ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും അയച്ചുകൊടുക്കുകയോ ചെയ്തിട്ടുണ്ടോ എന്നും ഫോറൻസിക് പരിശോധനയിൽ വ്യക്തമാകും. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും. ലാബുമായി ബന്ധപ്പെട്ട് മറ്റ് പരാതികളും ആരോഗ്യ വകുപ്പിന് മുൻപ് ലഭിച്ചിരുന്നു.
ഡോക്ടർമാരും ദേവി ലാബും തമ്മിലുള്ള ധാരണ സംബന്ധിച്ചായിരുന്നു പരാതികൾ. അടൂർ ജനറൽ ആശുപത്രിയിലെ ഗയനക്കോളജി വിഭാഗത്തിൽ എത്തുന്നവരെ സ്കാനിങ്ങിനായി ദേവി ലാബിലേക്ക് അയക്കുന്നുവെന്നതാണ് ഇത് സംബന്ധിച്ച് പരാതി. ദേവി സ്കാനിലേക്ക് പോകാൻ നിർദേശിച്ചിട്ടും മറ്റൊരു ലാബിൽ പോയി പരിശോധന നടത്തിയതിന് ഫലവുമായി എത്തിയപ്പോൾ മോശമായി പെരുമാറി എന്നതാണ് പരാതിയുടെ അടിസ്ഥാനം.
സ്കാനിങ് കേന്ദ്രത്തിൽ കരിയോയിൽ ഒഴിച്ച് പ്രതിഷേധം
സമീപത്തെ ദേവി സ്കാനിങ് കേന്ദ്രത്തിൽ റേഡിയോഗ്രാഫർ ഒളിക്യാമറവെച്ച സംഭവത്തിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത് . ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, ബി.ജെ.പി. സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടന്നത്. രാവിലെ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിലാണ് ആദ്യം സ്കാനിങ് സെന്ററിനു മുമ്പിൽ സമരം നടന്നത്. ഒന്നര മണിക്കൂറിനുശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. തുടർന്ന് ഡിവൈഎഫ്ഐ. പ്രവർത്തകർ സ്കാനിങ് കേന്ദ്രത്തിന്റെ ഗ്ലാസുകളിലും ഭിത്തിയിലും കരിഓയിൽ ഒഴിച്ചു.
കേന്ദ്രത്തിന്റെ മുകൾനിലയിൽ കയറി മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും പുറത്തേക്കെറിഞ്ഞു. ഇതോടെ അടൂർ ഡിവൈ.എസ്.പി. ആർ.ബിനുവിന്റെയും സി.ഐ. ടി.ഡി. പ്രജീഷിന്റെയും നേതൃത്വത്തിൽ പ്രവർത്തകരെ പിടിച്ചുമാറ്റി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പോലീസുമായി അൽപ്പനേരം ഉന്തുംതള്ളുമുണ്ടായി. സ്കാനിങ് കേന്ദ്രത്തിന് പുറത്ത് അലങ്കരിക്കാൻ തൂക്കിയിട്ടിരുന്ന ബൾബുകൾ മിക്കതും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു.
പ്രധാനവാതിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്റെ നേതൃത്വത്തിൽ ചങ്ങലയും താഴും ഉപയോഗിച്ച് പൂട്ടി. വാതിൽ പൂട്ടുന്നത് അടൂർ ഡിവൈ.എസ്.പി. തടയാൻ നോക്കിയെങ്കിലും യൂത്ത് കോൺഗ്രസ് പ്രർത്തകർ വാതിൽ പൂട്ടുകയായിരുന്നു.സംഭവം സർക്കാർ കൂടുതൽ ഗൗരവകരമായി എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം സ്ഥലങ്ങളിൽ ഉണ്ടാകുന്ന സംഭവങ്ങൾ ഏറെ ആശങ്കപ്പെടുത്തുന്നതായി ബി.ജെ.പി. അഭിപ്രായപ്പെട്ടു.
മന്ത്രി പോയി, പ്രതിഷേധം കനത്തു
ആരോഗ്യമന്ത്രി വീണാ ജോർജ് പെരിങ്ങനാട് സർവീസ് സഹകരണ ബാങ്കിന്റെ ലാബ് ഉദ്ഘാടനം കഴിഞ്ഞ് തിരികെ പോയശേഷമാണ് സമരം കനത്തത്. അടൂർ വില്ലേജ് ഓഫീസിനു സമീപമായിരുന്നു ലാബ് പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് സമ്മേളനം നടന്നത് എസ്.എൻ.ഡി.പി. യോഗം അടൂർ യൂണിയന്റെ ഹാളിൽ വെച്ചായിരുന്നു.ഇതിനു സമീപമാണ് ദേവി സ്കാൻ കേന്ദ്രം പ്രവർത്തിക്കുന്നത്. മന്ത്രിയെ യൂത്ത് കോൺഗ്രസുകാർ തടയുമെന്ന അഭ്യൂഹം പടർന്നിരുന്നു. ഇതിനാൽ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.