സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ, ഇന്ത്യയുടെ സാധ്യതാ ടീം; മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യത

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ സെമിപ്രതീക്ഷ നിലനിർത്താൻ ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലാദേശാണ് എതിരാളികൾ. അഡ്‌ലെയ്ഡ് ഓവലിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തിന് മഴ ഭീഷണിയുണ്ടെങ്കിലും മത്സരം തടസപ്പെടില്ലെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയോട് തോറ്റതോടെയാണ് ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇനിയുള്ള രണ്ട് മത്സരങ്ങളും നിർണായകമായത്.മുൻനിര തകർന്നതാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തിരിച്ചടിയായത്. തുടരെ പരാജയപ്പെടുന്ന കെ.എൽ.രാഹുലിനെ ഒഴിവാക്കില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതോടെ ഇന്ത്യയുടെ മുന്‍നിരയില്‍ വലിയമാറ്റങ്ങൾക്ക് സാധ്യതയില്ല. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തന്നെ ആദ്യ നാലില്‍ ഇറങ്ങും. ഹാര്‍ദ്ദിക് പാണ്ഡ്യയാകും അഞ്ചാം നമ്പറില്‍.പൂർണ കായികക്ഷമതയില്ലെങ്കിൽ ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി ടീമിലെത്തിയേക്കും. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പൂര്‍ണമായും നിരാശപ്പെടുത്തിയ ദീപക് ഹൂഡക്ക് പകരം അക്സര്‍ പട്ടേല്‍ ടീമിലെത്തിയേക്കും. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് പകരം ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടിയേക്കും.ബംഗ്ലാദേശാകട്ടെ ചെറുമീനുകളെ വീഴ്ത്തിയ കരുത്തിൽ സെമിയിലെത്താനാണ് ഇറങ്ങുന്നത്. എന്നാൽ ബംഗ്ലാദേശ് കിരീടസാധ്യതയുള്ള ടീമല്ലെന്ന് വ്യക്തമാക്കിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ സമ്മർദ്ധം ഇന്ത്യയിലേക്ക് തിരിക്കുകയാണ്. മഴകളി തടസ്സപ്പെടുത്തിയാൽ സെമി ഉറപ്പിക്കാൻ സിംബാബാ‍വെയ്ക്കെതിരായ അവസാന മത്സരത്തിൽ വമ്പൻ ജയവും മറ്റ് മത്സരങ്ങളുടെ ഫലവും ഇന്ത്യക്ക് പ്രധാനമാകും.നിലവില്‍ മൂന്ന് കളികളില്‍ നാലു പോയന്‍റുമായി ദക്ഷിണാഫ്രിക്കക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേിനെതിരായ ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ സിംബാബ്‌വെക്കിതിരെ ഇന്ത്യയുടെ അടുത്ത മത്സരം. ആറിനാണ് സിംബാബ്‌വെക്കെതിരായ മത്സരം.