ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയെ കയറിപ്പിടിച്ചു; മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഒളിവിലായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്പെക്ടര്‍ സി ബിജു അറസ്റ്റില്‍. മലപ്പുറം ആര്‍ടിഒ ഓഫീസിലെ എംവിഐ മഞ്ചേരി കാരക്കുന്ന് സ്വദേശി സി ബിജുവാണ് പിടിയിലായത്.

നവംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാല് ചക്ര വാഹന ലൈസന്‍സിനുള്ള റോഡ് ടെസ്റ്റിനിടെയാണ് വി ബിജു, അപമര്യാതയായി പെരുമാറിയെന്നും ശരീരത്തില്‍ കയറിപ്പിടിച്ചെന്നും കാട്ടി യുവതി നവംബര്‍ 24ന് മലപ്പുറം വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഇതേത്തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പരാതി ഉയര്‍ന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പോലീസ് കേസെടുത്തതോടെ ബിജു ഫോണ്‍ സ്വച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയി.

തിങ്കളാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയിലെ റിസോട്ടില്‍ നിന്ന് മലപ്പുറം ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ബിജുവിനെ കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു.

മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയതായി വനിതാ സ്റ്റേഷന്‍ എസ് ഐ പി കെ സന്ധ്യാ ദേവി പറഞ്ഞു.