തിരുവനന്തപുരം: സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ.നിശാന്തിനി ഇന്ന് സന്ദർശനം നടത്തും. നിശാന്തിനിയെ വിഴിഞ്ഞത്തെ സ്പെഷ്യൽ ഓഫീസറാക്കി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യ നിരോധനവും പൊലീസിനുള്ള ജാഗ്രതാ നിർദ്ദേശവും തുടരുകയാണ്. പൊലീസ് സ്റ്റേഷൻ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുൻ നിർത്തിയാണ് പ്രത്യേക സുരക്ഷ. പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തതിന് 3000 പേർക്കെതിരെ കേസെടുത്തുവെങ്കിലും ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമസമാധാന അന്തരീക്ഷം കലുഷിതമാക്കേണ്ടെന്ന തീരുമാനത്തിലാണ് അറസ്റ്റ് വൈകുന്നത്. സ്റ്റേഷൻ ആക്രണത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായ സമരസമിതിയിലെ എട്ടുപേർ ഇന്നലെ ആശുപത്രിവിട്ടിരുന്നു. അതിനിടെ വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.ശശികലയുടെ നേതൃത്വത്തിൽ ഹിന്ദു ഐക്യവേദി ഇന്ന് മാർച്ച് നടത്തും. വൈകീട്ട് നാല് മണിക്ക് മുക്കോല ജംങ്ഷനിൽ നിന്ന് മാർച്ച് തുടങ്ങും.