മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ ആയിരുന്നു രവീന്ദ്രൻ (ജനനം: 1943നവംബർ 9 കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്ന ഗ്രാമത്തിൽ. മരണം: 2005). 150-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം രവീന്ദ്രൻ മാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. അമരം, സുഖമോ ദേവി, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങൾക്കും വസന്തഗീതങ്ങൾ പോലെയുള്ള ചില ഗാനസമാഹാരങ്ങൾക്കും രവീന്ദ്രൻ സംഗീതം നിർവ്വഹിച്ചു.സംഗീത ലോകത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത നിരവധി ഗാനങ്ങൾക്ക് ഇദ്ദേഹം ഈണം നൽകിയിട്ടുണ്ട്.
💫ജീവിത രേഖ
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ പരേതരായ മാധവൻ - ലക്ഷ്മി ദമ്പതികളുടെ ഒമ്പതുമക്കളിൽ ഏഴാമനായി 1943 നവംബർ ഒൻപതിനാണു രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ചേർന്നു. പിൽക്കാലത്ത് തനിക്കു വേണ്ടി ഒട്ടേറെ ചിത്രങ്ങളിൽ പാടിയ ഗായകൻ യേശുദാസ് ഇവിടെ സമകാലികനായിരുന്നു. യുവാവായിരിക്കെ "തണ്ടർ ബേഡ്സ്" എന്ന ഗാനമേള സംഘത്തിൽ ഗായകനായിരുന്നു.
സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണി ഗായകനാകാൻ അവസരം തേടി മദ്രാസി(ചെന്നൈ)ലെത്തി. അക്കാലത്ത് കുളത്തൂപ്പുഴ രവി എന്നായിരുന്നു സിനിമാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്. ചെന്നൈയിലെ ആദ്യ കാല ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു എന്ന് രവീന്ദ്രൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയോളം പൈപ്പു വെള്ളം മാത്രം കുടിച്ച് കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. നായക നടനായിരുന്ന സത്യനാണ് രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്. “വെള്ളിയാഴ്ച” എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. പിന്നീട് മുപ്പതോളം സിനിമകളിൽ പാടി. അവയിൽ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു. ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. 1970കളിൽ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നൽകിയത് രവീന്ദ്രനായിരുന്നു.
ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് യേശുദാസാണ്. രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങൾ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകൻ ശശികുമാറിന് പരിചയപ്പെടുത്തുകയായിരുന്നു.അങ്ങനെ 1979-ൽ “ചൂള” എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ചലച്ചിത്ര സംഗീതസംവിധായകനായി.2005 മാർച്ച് 3-ന് ചെന്നൈയിലെ വീട്ടിൽ വച്ചാണ് രവീന്ദ്രൻ അന്തരിച്ചത്.