പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ ഉത്തരവ് മരവിപ്പിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു.ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇടതുപക്ഷത്തിനുള്ളത് ഉള്‍പ്പെടെയുള്ള യുവജന സംഘടനകളെയുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി.

പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2017ല്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു ഉത്തരവ്. കെഎസ്‌എഫ്‌ഇ, ബിവറേജസ് കോര്‍പറേഷന്‍ അടക്കം 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോര്‍പറേഷനുകളിലുമായി ഒന്നര ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ഇവയില്‍ ചില സ്ഥാപനങ്ങളില്‍ വിരമിക്കല്‍ പ്രായം 60 ആണ്. ഇത് ഏകീകരിക്കുകയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. 

വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതിനെ ഇടതു യുവജന സംഘടനകളായ ഡിവൈഎഫ്‌ഐയും എഐവൈഎഫും എതിര്‍ത്തിരുന്നു. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും തീരുമാനത്തെ വിമര്‍ശിച്ചു. യുവജന സംഘടനകള്‍ സമരം നടത്തിയാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.