നവംബർ 8. എല്ലാവർക്കും ഈ ദിനം ഒരു ഓർമ്മപ്പെടുത്തലാണ്. അന്നു രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചത്. കേട്ടു മാത്രം പരിചയമുള്ള നോട്ടു നിരോധനത്തിന്റെ വഴിയൂടെയായി പിന്നീട് ഇന്ത്യയുടെ യാത്ര. എടിഎമ്മുകളിൽ നീണ്ട നിര. ബാങ്കുകളിൽ നോട്ടു മാറാനുള്ളവരുടെ തിരക്ക്. ഇന്ത്യ പുതിയ ജീവിത രീതിയിലേക്ക് ഒരു രാത്രി കൊണ്ട് മാറി. കള്ളപ്പണം തടയാനുള്ള ശ്രമം എന്നാണ് കേന്ദ്ര സർക്കാർ നോട്ടു നിരോധനത്തെ ന്യായീകരിച്ചത്. അതേ സമയം ക്യൂവിനൊപ്പം തർക്കങ്ങളും വിവാദങ്ങളും കിലോമീറ്ററുകൾ നീണ്ടു. പൊരിവെയിലത്ത് നീണ്ട ക്യൂവിൽ നിന്ന ചിലർ മരിച്ചു. പല വിവാഹങ്ങളും മുടങ്ങി. അതേ സമയം ഡിജിറ്റൽ ക്രയ വിക്രയങ്ങളും ഇതോടെ സജീവമായി. നോട്ടു നിരോധനം നടപ്പാക്കി വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ ജനങ്ങൾ ചോദിക്കുന്നു. നോട്ടു നിരോധനം കൊണ്ട് എന്തു നേടി? കള്ളപ്പണം കുറഞ്ഞോ ? ഇതേ ചോദ്യം സർക്കാരിനോട് സുപ്രീം കോടതിയും ചോദിച്ചു കഴിഞ്ഞു.
🔴 നോട്ടു നിരോധനം, ലാഭം ആർക്ക്, എങ്ങനെ....?
60 ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള ഒരു സ്ഥലം. ജനുവരി 1 ഞായറാഴ്ച രാവിലെയാണ് അതിന്റെ ഉടമസ്ഥന് 50 ലക്ഷം രൂപ അത്യാവശ്യമായി വരുന്നത് - ഒരു ജീവന്മരണ പ്രശ്നം പരിഹരിക്കാൻ പിറ്റേന്ന് രാവിലത്തേക്ക് 50 ലക്ഷം രൂപ വേണം. അന്നുതന്നെ അദ്ദേഹം ഭൂമി കച്ചവടക്കാരനായ നിങ്ങളെ സമീപിക്കുന്നു- 60 ലക്ഷത്തിന്റെ ഈ സ്ഥലം നിങ്ങൾക്ക് 50 ലക്ഷത്തിന് തരാം; മൊത്തം വിലയും നാളെ രാവിലത്തേക്ക് തരാമെങ്കിൽ മാത്രം. നിങ്ങൾ അടുത്തിടെ വിറ്റ ഒരു സ്ഥലത്തിന്റെ വിലയായ 50 ലക്ഷം കിട്ടാനുണ്ട്; അത് പക്ഷേ മാർച്ച് 15നേ കിട്ടൂ.ധനികരായ, നിങ്ങളോടു കടപ്പാടുള്ള ഒരുപാട് സുഹൃത്തുക്കളുണ്ട്; അവരിൽ പലരെയും നിങ്ങൾ സമീപിക്കുന്നു. അതിൽ 10 പേർ 5 ലക്ഷം രൂപ വീതം മൂന്നുമാസത്തേക്ക് കടം തരുന്നു; 10 പേർക്കും നിങ്ങൾ ജനുവരി 1 തീയതിയിട്ട 5 ലക്ഷത്തിന്റെ ഓരോ ചെക്ക് വീതം ഈടായി നൽകുന്നുഅടുത്ത ദിവസം 50 ലക്ഷം കൊടുത്ത് 60 ലക്ഷം മാർക്കറ്റു വിലയുള്ള സ്ഥലം നിങ്ങൾ വാങ്ങുന്നു. രണ്ടുമാസത്തിനുശേഷം, മാർച്ച് 1ന് നിങ്ങൾക്ക് 50 ലക്ഷം തരേണ്ടയാൾ രണ്ടു മാസത്തെ അവധി കൂടി ചോദിക്കുന്നു - പണം മെയ് 15നേ കിട്ടൂ. ഗത്യന്തരമില്ലാതെ ഇതിനു സമ്മതിച്ച നിങ്ങൾ അഞ്ചു ലക്ഷം വീതം തന്ന സുഹൃത്തുക്കളോട് കാര്യം പറയുന്നു.ചെക്കിന്റെ കാലാവധി കഴിയുന്നത് മാർച്ച് 31നാണ്; അതുകൊണ്ട് 5 ലക്ഷത്തിന്റെ പഴയ ചെക്കുകൾ തിരിച്ചുവാങ്ങി 5 ലക്ഷത്തിന്റെ തന്നെ മാർച്ച് 1 തീയതിയിട്ട പുതിയ ചെക്കുകൾ നൽകാൻ തീരുമാനിക്കുന്നു. കടം തന്ന 10 പേരിൽ 8 പേർ പഴയ ചെക്ക് തിരിച്ചുനൽകി പുതിയ ചെക്ക് വാങ്ങിക്കുന്നു. മറ്റു രണ്ടു പേർ മാർച്ച് 31 ആയിട്ടും പഴയ ചെക്ക് തിരിച്ചുനൽകി പുതിയവ വാങ്ങിച്ചില്ല.മാർച്ച് 31ന് 50 ലക്ഷം രൂപയുടെ വീട് നിങ്ങളുടെ ആസ്തിയും അതിനുവേണ്ടി കടമായി വാങ്ങിച്ച 50 ലക്ഷം രൂപ നിങ്ങളുടെ ബാധ്യതയുമാണ്. എന്നാൽ ഏപ്രിൽ 1ന് നിങ്ങളുടെ ബാധ്യത 40 ലക്ഷം മാത്രമാണ് - മാർച്ച് 31ന് കാലാവധി തീരുന്ന രണ്ടു ചെക്കുകളുടെ തുകയായ 10 ലക്ഷത്തിന് ഏപ്രിൽ 1മുതൽ നിങ്ങൾ ബാധ്യസ്ഥനല്ല. അഥവാ 50 ലക്ഷം രൂപ കടം വാങ്ങിയ നിങ്ങൾ തിരിച്ചു കൊടുക്കേണ്ടത് 40 ലക്ഷം മാത്രമാണ്. ഇവിടെ ഇല്ലാതായ 10 ലക്ഷം രൂപയുടെ ബാധ്യത നിങ്ങളുടെ ലാഭമാണ്. അക്കൗണ്ടിങ് ഭാഷയിൽ പറഞ്ഞാൽ ആ 10 ലക്ഷം രൂപ നിങ്ങളുടെ മൂലധനത്തിന്റെ (capital) അഥവാ അറ്റ മൂല്യത്തിന്റെ (net worth) വർദ്ധനയാണ്.
🟠കേന്ദ്ര സർക്കാർ സ്വപ്നം കണ്ടു, കള്ളപ്പണം പുറത്തു വരും
15.44 ലക്ഷം കോടി മൂല്യമുള്ള 500, 1000 നോട്ടുകൾ നിരോധിച്ചതിലൂടെ കേന്ദ്രസർക്കാർ പ്രതീക്ഷിച്ചതും ഇതുപോലുള്ള ലാഭമാണ്. മൊത്തം മൂല്യത്തിന്റെ 20% ആയ മൂന്നു ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകൾ ശരിയായ സ്രോതസില്ലാത്ത കള്ളപ്പണമാണ്; അത് കൈമാറി പുതിയ നോട്ടുകൾ കൊടുക്കുകയോ ബാങ്ക് അക്കൗണ്ടിൽ വരവ് വെക്കുകയോ വേണ്ടിവരില്ല. അത്രയും തുക കള്ളപ്പണക്കാരന്റെ നഷ്ടമാണ്; ആർബിഐയുടെ ലാഭവും. മുകളിലെ ഉദാഹരണത്തിലെ തിരിച്ചുവരാത്ത ചെക്കുകൾക്കു സമാനമാണ് കള്ളപ്പണക്കാരുടെ കയ്യിലുള്ള കറൻസിനോട്ടുകൾ. കറൻസി നോട്ടുകൾ ആർബിഐയുടെ ബാധ്യതയാണ്. ആർബിഐയുടെ ആസ്തികൾ സ്വർണ്ണമാകാം, വിദേശനാണ്യമാകാം, സർക്കാർ പുറത്തിറക്കിയ കടപ്പത്രങ്ങളാകാം, വാണിജ്യ ബാങ്കുകൾക്ക് നൽകിയ വായ്പയാകാം. സ്വർണമോ കടപ്പത്രമോ വാങ്ങാൻ നമ്മളായാലും ആർബിഐ ആയാലും അതിന്റെ വില നൽകണം. നമ്മൾ വാങ്ങുമ്പോൾ വിലയായി കൊടുക്കുന്ന പണം ഏതെങ്കിലും വിധത്തിൽ നമ്മൾ നേടിയതായിരിക്കണം; പക്ഷേ ആർബിഐക്ക് പുതിയ പണം സൃഷ്ടിക്കാം; നേടേണ്ടതില്ല. ഇങ്ങനെ സൃഷ്ടിച്ച പണം സാധുവായിരിക്കുന്നിടത്തോളം അതിനു തുല്യമായ ആസ്തികൾ ആർബിഐയുടെ കൈവശം വേണം. എന്നാൽ ഈ നോട്ടുകൾ അസാധുവാകുന്നു, പകരം പുതിയ നോട്ടുകൾ നൽകുന്നില്ല. ബാങ്ക് അക്കൗണ്ടിൽ വരവ് വയ്ക്കുന്നില്ലായെങ്കിൽ അസാധുവായ നോട്ടുകൾക്ക് തുല്യമായ ആസ്തി ആർബിഐയുടെ സ്വന്തമാണ്; ആർബിഐയുടെ ലാഭമാണ്. അത് കേന്ദ്ര സർക്കാരിന് ലാഭവിഹിതമായി നൽകാം. അതായിരുന്നോ സർക്കാരിന്റെ പ്രതീക്ഷ.
🔴കള്ളപ്പണം, ദേ പോയി, ദാ വന്നു....!
എന്നാൽ സർക്കാർ വിചാരിച്ചതു പോലെ കാര്യങ്ങൾ നീങ്ങിയില്ല. പോയ പണം അതേ പടി തിരികെ വന്നു. 99.9% നോട്ടുകളും തിരികെവന്നതോടുകൂടി കിട്ടിയ ലാഭം പ്രതീക്ഷിച്ചതിന്റെ 3.5% മാത്രമായി. നിരോധിച്ച നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകിയതിന്റെ ചെലവ് കൂടി പരിഗണിച്ചാൽ ലാഭം വീണ്ടും കുറയും. നോട്ടു നിരോധനത്തിലൂടെ ബാങ്കുകളുടെ നിക്ഷേപം വൻതോതിൽ വർദ്ധിച്ചു. എന്നാൽ തുടർന്നുണ്ടായ മാന്ദ്യം മൂലം അതിന്റെ ചെറിയൊരു പങ്ക് മാത്രമേ വായ്പയായി കൊടുക്കാൻ ബാങ്കുകൾക്ക് കഴിഞ്ഞുള്ളൂ. ബാക്കി തുക ആർബിഐയിൽ നിക്ഷേപിച്ചു. ഇതിനു ആർബിഐ നൽകിയ പലിശയും കൂടി കണക്കാക്കിയാൽ തുച്ഛമായ ലാഭം നഷ്ടത്തിലേക്ക് നീങ്ങുന്നു! നേട്ടം കുറച്ചെങ്കിലും തന്നത് ഇക്കാലയളവിൽ കള്ളപ്പണം വെളിപ്പെടുത്തൽ പദ്ധതിപ്രകാരം ലഭിച്ച ആദായനികുതിയാണ്. കൂടാതെ നിരോധിച്ച നോട്ടുകൾ വൻതോതിൽ നിക്ഷേപിച്ച അക്കൗണ്ടുകളിലെ പരിശോധന വഴി ആദായനികുതി വകുപ്പ് പിന്നീട് പിടിച്ചെടുത്ത നികുതിയും
🔴 ആർബിഐ നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നുവോ ?
നോട്ട് നിരോധനം പ്രഖ്യാപിച്ചത് 2016 നവംബർ 8 രാത്രി 8 മണിക്കാണെങ്കിൽ അതിന് രണ്ടരമണിക്കൂർ മുമ്പായിരുന്നു ആർബിഐ കേന്ദ്ര ഡയറക്ടർ ബോർഡിന്റെ യോഗം. ഇതിന്റെ മിനിറ്റ്സ് 27 മാസത്തിനുശേഷം വിവരാവകാശ ചോദ്യത്തിന് മറുപടിയായി ആർബിഐ പുറത്തുവിട്ടു; അതിനും 3 മാസം മുമ്പ് മിനിറ്റ്സിന്റെ വിശദാംശങ്ങൾ ഇന്ത്യൻ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ചിരുന്നു. അതു പ്രകാരം അന്നത്തെ ആർബിഐ ഗവർണ്ണർ ഉർജ്ജിത് പട്ടേലും അന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ആർബിഐ ഗവർണ്ണർ ശക്തികാന്ത ദാസും മറ്റു ചിലരും ഉൾപ്പെടുന്ന കേന്ദ്ര ഡയറക്ടർ ബോർഡ് മൂന്ന് പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ നടത്തി.
🟢ഈ വർഷത്തെ സാമ്പത്തിക വളർച്ചയെ നോട്ട് നിരോധനം പ്രതികൂലമായി ബാധിക്കും,
🟢കള്ളപ്പണം മുഖ്യമായും സ്വർണ്ണം, ഭൂമി എന്നിങ്ങനെയാണ് സൂക്ഷിച്ചിരിക്കുന്നത്; കറൻസി നോട്ടുകളായല്ല. നോട്ട് നിരോധനം സ്വർണ്ണം, ഭൂമി എന്നീ രൂപത്തിലുള്ള കള്ളപ്പണത്തെ ഒരു തരത്തിലും ബാധിക്കില്ല,
🟢വ്യാജ നോട്ടുകളുടെ മൂല്യം ഏതാണ്ട് 400 കോടി വരും. പക്ഷേ മൊത്തം കറൻസി നോട്ടുകളുടെ ശതമാനമായി നോക്കുമ്പോൾ ഇത് തുച്ഛമാണ്.
2011 -16 കാലഘട്ടത്തിൽ ജിഡിപി വളർച്ച 30% ആയിരുന്നു. എന്നാൽ ഇതേ കാലയളവിൽ 500/1000 നോട്ടുകളുടെ എണ്ണത്തിലെ വളർച്ച യഥാക്രമം 76 ഉം 109 ഉം ശതമാനമായിരുന്നു - നോട്ട് നിരോധനം എന്തുകൊണ്ട് നടത്തണം എന്നതിന്റെ കാരണമായി ഇതാണ് ധനകാര്യമന്ത്രാലയം പറഞ്ഞത്. ഇതിനെയും ആർബിഐ ഖണ്ഡിക്കുന്നു - 30% ജിഡിപി വളർച്ച വിലക്കയറ്റം കുറച്ചതിനു ശേഷമാണ് (real GDP growth rate); കറൻസി നോട്ടുകളുടെ വർദ്ധന കണക്കാക്കിയതിൽ വിലക്കയറ്റം കുറച്ചിട്ടില്ല; അതുകൊണ്ട് വിലക്കയറ്റത്തോടുകൂടിയുള്ള ജിഡിപി വളർച്ചയുമായാണ് (nominal GDP growth rate) താരതമ്യം ചെയ്യേണ്ടത്. അങ്ങനെ നോക്കുമ്പോൾ കറൻസി നോട്ടുകളുടെ വർദ്ധനയിൽ പറയത്തക്ക വ്യത്യാസമില്ല.
🟠 ചോദ്യങ്ങൾ ഉയരുന്നു, എന്തിനാണ് നോട്ട് നിരോധിച്ചത്.....?
ആർബിഐയുടെ നിരീക്ഷണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. നോട്ട് നിരോധനം കൊണ്ട് ധനമന്ത്രാലയം ഉദ്ദേശിച്ച നേട്ടങ്ങൾ ലഭിക്കില്ല; എന്നാൽ കോട്ടമുണ്ട്. മാത്രമല്ല ഇതിനു ന്യായമായി പറയുന്ന താരതമ്യം തന്നെ തെറ്റാണ്. എന്നിട്ടും ആർബിഐ അംഗീകാരം നൽകി! ഈ യോഗത്തിന്റെ മിനിറ്റ്സിൽ ഉർജ്ജിത് പട്ടേൽ ഒപ്പുവയ്ക്കുന്നത് 37 ദിവസത്തിനു ശേഷമാണ് - 2016 ഡിസംബർ 15ന് നോട്ടു നിരോധനം അതിന്റെ വാർഷികത്തിൽ മാത്രം ഓർക്കപ്പെടുന്ന ഒരു അവസാനിച്ച അദ്ധ്യായമാണോ? അല്ല; സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇതിനെതിരെയുള്ള കേസുകളിലെ ആദ്യ വാദം കേൾക്കുന്നത് 6 വർഷത്തിനുശേഷം നവംബർ 9 നാണ്. ഇനി ആ വാദപ്രതിവാദങ്ങൾക്കായി കാതോർക്കാം.