ഫുട്‌ബോള്‍ പരിശീലനത്തിനിടെ പീഡനത്തിനിരയായി ആണ്‍കുട്ടികള്‍, പരിശീലകന് 52 വര്‍ഷം തടവ് ശിക്ഷ

കൊച്ചി: ഫുട്‌ബോള്‍ പരിശീലിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് 52 വര്‍ഷം കഠിന തടവ് ശിക്ഷ. കൊച്ചി കോന്തുരുത്തി സ്വദേശി ഷാജിക്കാണ് ശിക്ഷ. പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫുട്‌ബോള്‍ പരിശീലിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഷാജി ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയത്. സെലക്ഷന്‍ ട്രയല്‍സ് നടത്തി റിക്രൂട്ട് ചെയ്ത് കോലഞ്ചേരിയിലും മഴുവന്നൂരിലും ആണ്‍കുട്ടികളെ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ഇരയായ ഒരു ആണ്‍കുട്ടികളുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.ഇതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ പുത്തന്‍കുരിശ് പൊലീസ് ഷാജിക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയും ചെയ്തു.

മുംബൈ, ചെന്നൈ, പൂനെ, ഡല്‍ഹി, കാശ്മീര്‍ എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് സാഹസികമായി കീഴടക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടു കേസുകളിലാണ് ഷാജിയെ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ മറ്റൊരു കേസില്‍ ഇയാള്‍ക്ക് 31 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇതോടെ 83 വര്‍ഷം തടവ് ശിക്ഷയാണ് ഷാജിക്ക് ലഭിച്ചത്.