കോളേജിൽ വച്ച് ഷാരോണിന് 50 ഡോളോ ജ്യൂസിൽ കലർത്തി കൊടുത്തു, കലർത്തിയത് ശുചിമുറിയിൽ വച്ച് ‘; വെളിപ്പെടുത്തി ഗ്രീഷ്മ

തിരുവനന്തപുരം: പഠിച്ചിരുന്ന കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നതായി പ്രതി ഗ്രീഷ്മ മൊഴി നൽകി. ഇതിനായി ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകിയതായും ഗ്രീഷ്മ പറഞ്ഞു. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളേജിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസിൽ ഗുളിക കലർത്തിയതെന്നും പ്രതി വെളിപ്പെടുത്തി.

“തലേദിവസം തന്നെ ഇതിനായി 50 ഡോളോ ഗുളികകൾ കുതിർത്ത് കയ്യിൽ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാൽ ജ്യൂസിന് കയ്പ്പ് തോന്നിയതിനാൽ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി ഗ്രീഷ്മയെ കോളേജിൽ എത്തിച്ച് തെളിവെടുക്കും.

പ്രതി ഗ്രീഷ്മയുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിൽ ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് പ്രധാന തെളിവെടുപ്പ് നടക്കുക. തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിൾ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിൽ പൊലീസ് ഉടൻ തീരുമാനമെടുക്കും. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും നെയ്യാറ്റിൻകര കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.”