യാത്രക്കാർ ഇരിക്കെ ബസുകൾ തമ്മിലിടിപ്പിച്ച് ജീവനക്കാരുടെ പരാക്രമം; 4 പേർ അറസ്റ്റിൽ

കുണ്ടറ : യാത്രക്കാർ ഉള്ളിലിരിക്കെ സമയത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സ്വകാര്യ ബസുകൾ പരസ്പരം കൂട്ടിയിടിപ്പിച്ചു ജീവനക്കാരുടെ അതിക്രമം. ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പരാക്രമത്തിൽ പരിഭ്രാന്തരായ യാത്രക്കാർ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഒരു ബസിന്റെ മുൻഭാഗം തകർന്നെങ്കിലും ആർക്കും പരുക്കില്ല. ഡ്രൈവർമാർ ഉൾപ്പെടെ 4 ജീവനക്കാർ അറസ്റ്റിലായി. ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബസ് ഡ്രൈവർമാരായ ഉളിയക്കോവിൽ പേരേക്കിടക്കത്തിൽ വയലിൽ പുത്തൻവീട്ടിൽ സന്തോഷ്‌ (38), അഞ്ചൽ ഏരൂർ പള്ളി കിഴക്കതിൽ പുത്തൻവീട്ടിൽ ഷാനവാസ് (48), കണ്ടക്ടർമാരായ ചന്ദനത്തോപ്പ് മാമൂട് മാങ്കുഴി വീട്ടിൽ വിജയകുമാർ (35), പെരിനാട് മുരുന്തൽ എസ്.എസ് നിവാസിൽ സുധി രാജ് (30) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ 7 മണിയോടെ ഇളമ്പള്ളൂർ ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. ഇളമ്പള്ളൂർ– ചവറ റൂട്ടിലോടുന്ന ഫെയർ, അന്നൂർ എന്നീ ബസുകളിലെ ജീവനക്കാരാണു യാത്രക്കാരുടെ ജീവനു തരിമ്പും വില കൽപ്പിക്കാതെ ബസുകൾ കൂട്ടിയിടിപ്പിച്ചു പോരടിച്ചത്. ബസുകൾ കൂട്ടിയിടിപ്പിക്കുന്നതിന്റെ ദൃശ്യം ജീവനക്കാർ തന്നെ പകർത്തി. ഇതു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കുണ്ടറ പൊലീസ് സ്വമേധയാ കേസെടുത്തു.
പൊലീസ് പറയുന്നത്: സമയം തെറ്റിച്ച് നേരത്തേ യാത്രക്കാരെ കയറ്റാൻ വന്ന ഫെയർ ബസിനെ ഇളമ്പള്ളൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ വച്ച് അഭിമുഖമായി ബസ് നിർത്തി അന്നൂർ ബസിലെ ജീവനക്കാർ തടഞ്ഞു. ഫെയർ ബസ് മുന്നോട്ടു കയറി അന്നൂർ ബസിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് ഇളമ്പള്ളൂർ ക്ഷേത്രത്തിനു മുന്നിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിട്ട ഫെയർ ബസിനെ മറികടന്നു മുന്നിൽ കയറ്റിയിട്ട അന്നൂർ ബസ് പിന്നോട്ടെടുത്തു ഫെയർ ബസിൽ ഇടിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഫെയർ ബസിന്റെ മുന്നിലെ ഗ്ലാസ് പൊട്ടി. ബസുകളുടെ പെർമിറ്റ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് ആർടിഒ ഡി. മഹേഷ് അറിയിച്ചു. യാത്രക്കാരുള്ള ബസ് അപകടകരമായി ഓടിച്ചതിന് മനഃപ്പൂർവമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിങ് എന്നീ വകുപ്പുകൾ ചുമത്തിയാണു ഡ്രൈവർമാർക്കെതിരെ കേസെടുത്തതെന്നു കുണ്ടറ ഇൻസ്പെക്ടർ എസ്. മഞ്ജുലാൽ അറിയിച്ചു. കണ്ടക്ടർമാർക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തി.