കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്. ടെര്‍മിനലില്‍ ഊഴംകാത്ത് നില്‍ക്കുന്നതിനിടെ ഒരു ബോട്ട് കപ്പല്‍ ലക്ഷ്യമാക്കി വരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. കടല്‍കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പല്‍ ഉടന്‍ മാറ്റി. ഗിനിയന്‍ നേവി കപ്പല്‍ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് വന്നത് സൈന്യമാണെന്ന് അറിയുന്നത്.
ക്രൂഡ് ഓയില്‍ മോഷണത്തിന് വന്ന കപ്പല്‍ എന്ന രീതിയിലായിരുന്നു അന്വേഷണം. വിസ്മയയുടെ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ 16 അംഗ ഇന്ത്യന്‍ സംഘത്തിലുണ്ട്. പത്തുപേര്‍ വിദേശികളാണ്. അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഗിനിയന്‍ നേവി രണ്ടുലക്ഷം ഡോളര്‍ മോചനദ്രവ്യം കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി അത് നല്‍കിയതോടെ മോചനം സാധ്യമായെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജീവനക്കാരെയും കപ്പലിനെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം.