*പ്രഭാത വാർത്തകൾ*2022 | നവംബർ 5 | ശനി

◾ക്വാറി ഉടമകള്‍ക്കായി നിയമനിര്‍മാണം നടത്തുമെന്ന് കേരളം സുപ്രീം കോടതിയില്‍. പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്നാണു കേരളം സുപ്രീം കോടതിയെ അറിയിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീടിനുമായി നല്‍കുന്ന പട്ടയ ഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് എങ്ങനെ കൈമാറുമെന്ന് സുപ്രീം കോടതി ചോദിച്ചു. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

◾പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഒക്ടോബര്‍ 26 ലെ സംസ്ഥാന മന്ത്രിസഭാ യോഗമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. 128 പൊതുമേഖലാ സ്ഥാപനങ്ങളിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്.

◾പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ പാര്‍ട്ടി നയമല്ലെന്നും അതുകൊണ്ടാണ് പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

◾തെലങ്കാനയിലെ 'കുതിരക്കച്ചവട'ത്തിന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തണമെന്നും ബി.എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും തുഷാര്‍ ഏജന്റുമാരുമായി സംസാരിക്കുന്ന ശബ്ദരേഖയാണു പുറത്തുവിട്ടത്.

◾സിപിഎം സംസ്ഥാന സമിതിയോഗം ഇന്നും നാളേയും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.

◾രണ്ടു വൈസ് ചാന്‍സലര്‍മാര്‍ കൂടി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഡിജിറ്റല്‍ സര്‍വ്വകാലശാല വിസിയും ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാല വിസിയുമാണ് വിശദീകരണം നല്‍കിയത്. ഇതുവരെ അഞ്ച് വിസിമാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. നിയമനത്തില്‍ പിഴവുള്ളതിനാല്‍ പുറത്താക്കാതിരിക്കാന്‍ കാരണം കാണിച്ച് ഒമ്പത് വിസിമാര്‍ക്കാണ് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്.

◾കാറില്‍ ചാരി നിന്നതിന് ചവിട്ടേറ്റ ആറു വയസുകാരന്‍ ഗണേഷിനു വാരിയെല്ലിനു ചതവ്. തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ മുഹമ്മദ് ഷിഹാദിനെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. ആദ്യം കുട്ടിയുടെ തലക്കിടിച്ച പ്രതി, ചവിട്ടുകയും ചെയ്തു. മരണം വരെ സംഭവിക്കുമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

◾25 വര്‍ഷത്തിനകം രാജ്യത്തെ നഗര പൊതുഗതാഗതം ലോകത്തെ ഒന്നാമത്തേതും മികച്ചതുമാക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. നഗരങ്ങളിലെ ഗതാഗത കുരുക്കും പരിസ്ഥിതി മലിനീകരണവും ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ പതിനഞ്ചാമത് അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹര്‍ദ്ദീപ് സിംഗ് പുരി.

◾കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്സില്‍ കേരളം ഒന്നാമതായത് മികച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 928 പോയിന്റോടെയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.

◾ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണക്കള്ളകടത്ത് വിഷയത്തില്‍ ഇപ്പോഴാണോ ഗവര്‍ണര്‍ പ്രതികരിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.

◾സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന ആര്‍എസ്എസിന്റെ സ്വരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സിപിഎം.

◾നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദേശ പര്യടനത്തില്‍ ഹെല്‍ത്ത് പ്രൊഫഷണലുകളെ കൂടുതല്‍ ആവശ്യമാണെന്ന് മനസിലായിട്ടുണ്ടെന്നും മന്ത്രി.

◾കനത്ത മഴമൂലം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വെള്ളം കയറി. ഒപി വിഭാഗത്തില്‍ മുട്ടോളം വെള്ളമുയര്‍ന്നു. രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി.

◾യുഎസിലെ വാഹനാപകടത്തില്‍ മലയാളി അഭിഭാഷകന്‍ ജസ്റ്റിന്‍ ജോസഫ് കിഴക്കേതില്‍ (35) മരിച്ചു. ടെക്സാസിന്റെ തലസ്ഥാനമായ ഓസ്റ്റിനിലാണ് കാറപകടം ഉണ്ടായയത്. പുനലൂര്‍ സ്വദേശി ജോസഫ് കിഴക്കേതില്‍, കൂടല്‍ സ്വദേശി ഷീല ജോസഫ് ദമ്പതികളുടെ മകനാണ്.

◾ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടത്.

◾പാലക്കാട് ശ്രീനിവാസന്‍ വധ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന വാടനാംകുറിശ്ശി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. കേസിലാകെ 45 പ്രതികളാണുള്ളത്. 32 പേരാണ് ഇതുവരെ അറസ്റ്റിലായത്.

◾എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചതു ചട്ടവിരുദ്ധമാണെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍. കോടതിയില്‍ ചോദ്യം ചെയ്യുമെന്നും തോമസ് ഐസക്.

◾സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇടതുമുന്നണിയില്‍ ചര്‍ച്ച നടത്തുന്ന കീഴ് വഴക്കം പാലിക്കപ്പെടുന്നില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി. സി ചാക്കോ.

◾പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ മകനുമായി ചടങ്ങില്‍ പങ്കെടുത്ത സംഭവത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിച്ചതല്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കളക്ടര്‍ക്കെതിരെ കമന്റുകളിലൂടെ അധിക്ഷേപം ഉണ്ടായ സാഹചര്യത്തിലാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും വിശദീകരണം.

◾എറണാകുളത്ത് പള്ളുരുത്തി വെളി മാര്‍ക്കറ്റില്‍ 270 കിലോ പഴകിയ മത്സ്യം പിടികൂടി. ആറു മാസംവരെ പഴകിയ മല്‍സ്യമുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിച്ചത്.

◾തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസ്സുകാരനെ തൊഴിച്ച് തെറിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ വിശദീകരണം തേടി. വിശദീകരണം ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.

◾കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടി വീഴ്ത്തിയ യുവാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ നീക്കം. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കാന്‍ മുഹമ്മദ് ഷിഹാദിന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എ സി ഷീബ നോട്ടീസ് നല്‍കി.

◾യുജിസി നെറ്റ് 2022 ഫലം ഇന്നു പ്രസിദ്ധീകരിക്കും. വെബ് സൈറ്റില്‍നിന്ന് ഫലം അറിയാം.

◾എംഎല്‍എമാരും അനുയായികളും തടിച്ചുകൂടിയതോടെ ഓഫീസിന്റെ വാതിലടച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. മുഖ്യമന്ത്രിക്കു നിന്നു തിരിയാന്‍ കഴിയാത്തത്രയും തിരക്കായതോടെയാണ് വാതിലടച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം വാതില്‍ തുറന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

◾പ്രമുഖ ഗുജറാത്തി മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാഥവിയെ ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം.

◾പഞ്ചാബില്‍ ശിവസേന നേതാവ് സുധീര്‍ സുരി വെടിയേറ്റു കൊല്ലപ്പെട്ടു. അമ്യത്സറില്‍ ഒരു ക്ഷേത്രത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കവേയാണ് ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

◾ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മോര്‍ബിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഓഫീസര്‍ സന്ദീപ് സിംഗ് സാലയെ സസ്പെന്‍ഡ് ചെയ്തു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പാലം തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു.

◾വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന റഫ്രിജറേറ്റര്‍ ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ദീര്‍ഘനാളായി അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്ററാണു പൊട്ടിത്തെറിച്ചത്. കംപ്രസര്‍ പൊട്ടിത്തെറിച്ച് വിഷവാതകം പരന്നാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ചെങ്കല്‍പേട്ട് ജില്ലയിലെ കേളമ്പാക്കം ജയലക്ഷ്മി സ്ട്രീറ്റിലെ വീട്ടിലാണു സംഭവം.

◾മുംബൈയിലെ ജെജെ ആശുപത്രിയില്‍ 200 മീറ്റര്‍ നീളമുള്ള ടണല്‍ കണ്ടെത്തി. നഴ്സിംഗ് കോംപ്ലക്സിനു താഴെ നിര്‍മ്മാണജോലിക്കായി കുഴിച്ചപ്പോഴാണ് ടണല്‍ കണ്ടത്തിയത്. 130 വര്‍ഷം പഴക്കമുള്ള ആശുപത്രിയാണിത്.

◾ജയിലില്‍ കൊതുകുകളുടെ ശല്യമാണെന്നും കൊതുകവല അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുപ്പി നിറയെ കൊന്ന കൊതുകുകളുമായി വിചാരണ തടവുകാരനായ ഗുണ്ടാത്തലവന്‍ കോടതിയില്‍. ദാവൂദ് ഇബ്രാഹിമിന്റെ ഗുണ്ടാസംഘത്തില്‍പ്പെട്ട ഇജാസ് ലക്ദാവാലയാണ് മുംബൈ സെഷന്‍സ് കോടതിയില്‍ പരാതിപ്പെട്ടത്. ഇയാളുടെ ആവശ്യം കോടതി തള്ളി.
 .
◾അബുദാബിയില്‍ നടക്കുന്ന സ്പേസ് ഡിബേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി പങ്കെടുക്കും. നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും അഭിസംബോധന ചെയ്യും. ബഹിരാകാശ മേഖലയിലെ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

◾ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്താനിരിക്കേ, ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചാരക്കപ്പല്‍ അയച്ച് ചൈന. മിസൈലുകളെ നിരീക്ഷിക്കാന്‍ കഴിയുന്ന യുവാന്‍ വാങ് 6 എന്ന ചാരക്കപ്പലാണ് കടലിലുള്ളത്. ഈ മാസം 10, 11 തീയതികളിലായാണ് ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം.

◾ദക്ഷിണ കൊറിയക്കു ചുറ്റും റാകിപ്പറന്ന് ഉത്തര കൊറിയന്‍ യുദ്ധവിമാനങ്ങള്‍. 180 യുദ്ധവിമാനങ്ങളാണ് ദക്ഷിണ കൊറിയയുടെ വ്യോമോതിര്‍ത്തിയിലൂടെ പറന്നത്. സമുദ്രാതിര്‍ത്തിയില്‍ 80 തവണ മിസൈലുകള്‍ ഉള്‍പെടെയുള്ള ആയുധങ്ങള്‍ പ്രയോഗിച്ചു. 240 യുദ്ധവിമാനങ്ങളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ദക്ഷിണ കൊറിയ.

◾യുക്രെയിനിലെ 45 ലക്ഷം ജനങ്ങള്‍ വൈദ്യുതിയില്ലാതെ ഇരുട്ടില്‍. റഷ്യന്‍ ആക്രമണത്തില്‍ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനാലാണ് യുക്രെയിന്‍ ഇരുട്ടിലായത്. യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഊര്‍ജ ഭീകരതയാണു റഷ്യ നടത്തിയതെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ സെലന്‍സ്‌കി.

◾പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ആഭ്യന്തരമന്ത്രി റാണാ സനാവുള്ള, ആര്‍മി മേജര്‍ ജനറല്‍ ഫൈസല്‍ എന്നിവരാണ് തന്നെ വധിക്കാന്‍ ശ്രമിച്ചതെന്ന് ആശുപത്രി കിടക്കയില്‍നിന്ന് പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

◾വെടിയേറ്റ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ കാലില്‍നിന്നു വെടിയുണ്ട നീക്കം ചെയ്തു. കാലിലെ എല്ലിനു പൊട്ടലുണ്ട്. പരിക്ക് ഗുരുതരമല്ലെന്നു ഡോക്ടര്‍മാര്‍.

◾ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഹോര്‍മോസ്ഗാന്‍ സര്‍വ്വകലാശാലയില്‍ ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിക്കാന്‍ നിര്‍മിച്ച മതില്‍ വിദ്യാര്‍ത്ഥികള്‍ ചവിട്ടി പൊളിച്ചു. സ്വാതന്ത്ര്യം എന്നു മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ മതില്‍ പൊളിച്ചത്.

◾ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒരു ഗോളിന് തോല്‍പിച്ച് ചെന്നൈയിന്‍ എഫ്സി. രണ്ട് ചുവപ്പുകാര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ ഇറാനിയന്‍ താരം വഫ ഹഖമനേഷിയാണ് ചെന്നൈനിന്റെ വിജയ ഗോള്‍ നേടിയത്.

◾ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍-12 റൗണ്ടില്‍ ഓസ്ട്രേലിയക്ക് അഫ്ഗാനിസ്ഥാനെതിരെ വെറും നാല് റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിറങ്ങിയ ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ അഫ്ഗാന്റെ പോരാട്ടം 20 ഓവറില്‍ 164-7 എന്ന സ്‌കോറില്‍ അവസാനിച്ചു. 23 പന്തില്‍ പുറത്താവാതെ 48 റണ്‍സെടുത്ത റാഷിദ് ഖാന്‍ ഓസ്ട്രേലിയയെ വിറപ്പിച്ചു.

◾അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ 168 റണ്‍സില്‍ ഒതുങ്ങിയതോടെ ന്യൂസീലന്‍ഡ് ഔദ്യോഗികമായി സെമി ഉറപ്പിച്ച ആദ്യ ടീമായി. ഇതോടെ ഇന്നത്തെ ഇംഗ്ലണ്ട് - ശ്രീലങ്ക മത്സരം ഓസീസിന് നിര്‍ണായകമായി. ഇംഗ്ലണ്ട് ജയിച്ചാല്‍ ഓസീസിനെ മറികടന്ന് ഇംഗ്ലണ്ട് സെമിയിലെത്തും. ശ്രീലങ്ക ജയിച്ചാലും മഴ കളി മുടക്കിയാലും ഓസീസിന് സെമിയിലെത്താം.

◾ഒക്ടോബറില്‍ 29 ശതമാനം വളര്‍ച്ചയുമായി ജി.എസ്.ടി സമാഹരണത്തില്‍ മികവ് തുടര്‍ന്ന് കേരളം. 2,485 കോടി രൂപയാണ് കേരളത്തില്‍ സമാഹരിക്കപ്പെട്ടത്. 2021 ഒക്ടോബറില്‍ 1,932 കോടി രൂപയായിരുന്നു. സെപ്തംബറില്‍ 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയും ജൂലായില്‍ 2,161 കോടി രൂപയും (വളര്‍ച്ച 29 ശതമാനം) ആഗസ്റ്റില്‍ 2,036 കോടി രൂപയും (വളര്‍ച്ച 26 ശതമാനം) കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നു. 19 ശതമാനം വളര്‍ച്ചയോടെ 23,037 കോടി രൂപ സമാഹരിച്ച് കഴിഞ്ഞമാസവും മഹാരാഷ്ട്ര ഒന്നാംസ്ഥാാനം നിലനിറുത്തി. 33 ശതമാനം വളര്‍ച്ചയോടെ 10,996 കോടി രൂപ നേടി കര്‍ണാടക രണ്ടാമതും 25 ശതമാനം കുതിപ്പോടെ 9,540 കോടി രൂപ സമാഹരിച്ച് തമിഴ്‌നാട് മൂന്നാമതുമാണ്. 9,469 കോടി രൂപയുമായി ഗുജറാത്താണ് നാലാമത്; വളര്‍ച്ച 11 ശതമാനം. 16 ശതമാനം വളര്‍ച്ചയോടെ 7,?839 കോടി രൂപ സമാഹരിച്ച് ഉത്തര്‍പ്രദേശ് അഞ്ചാമതുണ്ട്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ഛത്തീസ്ഗഢ്, അസം, മിസോറം, മണിപ്പൂര്‍, ബിഹാര്‍, ജമ്മു ആന്‍ഡ് കാശ്മീര്‍ എന്നിവ നെഗറ്റീവ് വളര്‍ച്ചയാണ് കുറിച്ചത്.

◾20 വര്‍ഷത്തിനിടെ ആദ്യമായി ഇക്കഴിഞ്ഞ ദീപാവലി നാളുകളില്‍ രാജ്യത്ത് കറന്‍സി പ്രചാരം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. ദീപാവലി ആഘോഷം നിറഞ്ഞുനിന്ന ആഴ്ചയില്‍ കറന്‍സി പ്രചാരം 7,600 കോടി രൂപ കുറഞ്ഞു. 2020ല്‍ 43,800 കോടി രൂപയുടെയും 2021ല്‍ 44,000 കോടി രൂപയുടെയും വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.
ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രിയമേറിയതാണ് കറന്‍സി പ്രചാരം കുറയാന്‍ കാരണം. യു.പി.ഐ, ക്യു.ആര്‍ കോഡ്, ഇ-വാലറ്റുകള്‍, പി.പി.ഐ തുടങ്ങിയ ലളിതമായ ഡിജിറ്റല്‍ പേമെന്റ് സൗകര്യങ്ങളാണ് കറന്‍സി പ്രചാരത്തെ കുറയ്ക്കുന്നത്. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ സാദ്ധ്യമാണെന്നതാണ് ഇവയുടെ സ്വീകാര്യതയ്ക്ക് പിന്നില്‍. സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണമുയര്‍ന്നതും കരുത്തായെന്ന് സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ഷെയ്ന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബര്‍മുഡ'യിലെ മിനി ഫിംഗര്‍ ഡാന്‍സ് റിലീസ് ചെയ്തു. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 11ന് തിയറ്ററുകളില്‍ എത്തും. കശ്മീരി നടി ഷെയ്‌ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. നവാഗതനായ കൃഷ്ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ 'ഇന്ദുഗോപന്‍' എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. 'ഇന്ദുഗോപന്‍' 'സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വ'യുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്റെ കഥാവികാസം. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

◾ഈ ചിത്രം സമര്‍പ്പണമാണ്...പ്രളയം കൊണ്ടുപോയ ആത്മാക്കള്‍ക്ക്...അവരെയോര്‍ത്ത് ഇന്നും കരയുന്നവര്‍ക്ക്...ഒരായുസ്സിന്റെ പ്രയത്നമെല്ലാം ഒലിച്ചുപോകുന്നതുകണ്ട് നിസ്സഹായരായി നില്‍ക്കേണ്ടിവന്നവര്‍ക്ക്...കേരളത്തെ നടുക്കിയ 2018ലെ വെള്ളപ്പൊക്കവും പ്രളയവും വെള്ളിത്തിരയിലേയ്ക്ക്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന '2018' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജൂഡ് ആന്തണി തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ ഗൗതമി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നു.

◾ഒമ്പത് നിറങ്ങളില്‍ പുറത്തിറങ്ങിയ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറായ കൊമാക്കി വെനീസിന് ആവശ്യക്കാരേറുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയര്‍ സ്വിച്ച്, മൊബൈല്‍ കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളുമുണ്ട്. വലിയ ഇരിപ്പിടവും അധിക സ്റ്റോറേജ് ബോക്‌സ് സൗകര്യവും മികവാണ്. നാലര മണിക്കൂറാണ് ചാര്‍ജിംഗ് സമയം. ഒറ്റ ചാര്‍ജിംഗില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. രണ്ട് ടയറുകളിലും ഡിസ്‌ക് ബ്രേക്കുണ്ട്. ക്രൂസ് കണ്‍ട്രോളുമുണ്ട്. 72 വാട്‌സ് ലിതിയം ബാറ്ററി, നാല് മോഡുകള്‍, 3000 വാട്‌സിന്റെ മോട്ടോര്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഡ്, യൂട്ടിലിറ്റി ബോക്‌സ് എന്നിവ കമ്പനി സൗജന്യമായി നല്‍കുന്നു. 250 കിലോയാണ് ലോഡിംഗ് കപ്പാസിറ്റി. കൊമാക്കി വെനീസിന്റെ ഓണ്‍റോഡ് വില 1,78,000 രൂപ.

◾നാം നേടിയെടുത്ത സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങളെപ്പോലും തീര്‍ത്തും മായ്ച്ചുകളയത്തക്ക നിലയില്‍ ജാതി, മത, ആഢ്യത്തങ്ങളും തറവാടിത്തഘോഷണങ്ങളും പുതിയ സൈബര്‍ കാലത്ത് അതിശക്തമായി തിരിച്ചുവരുമ്പോള്‍ അതിനെതിരേയുള്ള ജാഗ്രതകൂടിയാവുന്നു ഈ കഥകള്‍. പിഞ്ഞിക്കീറാന്‍ തുടങ്ങിയ മനുഷ്യജീവിതങ്ങളെ തുന്നിച്ചേര്‍ക്കാന്‍ തിടുക്കപ്പെടുന്ന പതിനൊന്നു കഥകളുടെ സമാഹാരം. സമൂഹമാധ്യമങ്ങളെ മുഖ്യപരിസരമായി പരിഗണിച്ചുകൊണ്ടുള്ള കഥകളിലും പരുക്കനായ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്, അവയിലെ കാപട്യത്തെ തുറന്നുകാട്ടാന്‍ കഥാകൃത്ത് പ്രയോജനപ്പെടുത്തുന്നത്. അധിനിവേശത്തിന്റെ പുതിയ ആയുധങ്ങളായി സൈബര്‍ ഇടങ്ങള്‍ ഈ കഥകളില്‍ വര്‍ത്തിക്കുന്നു. 'തുന്നല്‍ക്കാരന്‍'. ടി.പി. വേണുഗോപാലന്‍. ഡിസി ബുക്‌സ്. വില 161 രൂപ.

◾മാജിക് മഷ്‌റൂം ഉപയോഗിച്ചുള്ള പുതിയ പഠനങ്ങളില്‍ ക്ലിനിക്കല്‍ ഡിപ്രഷനിലൂടെ കടന്നുപോകുന്നവരില്‍ മികച്ച ഫലങ്ങള്‍ ലഭ്യമാകുമെന്ന് ഗവേഷകര്‍. ഇവയില്‍ അടങ്ങിയിട്ടുള്ള സൈലോസിബിന്‍ രോഗിയുടെ കാഴ്ചപാടുകള്‍ മാറ്റുമെന്നും ഇതിന്റെ സ്വാധീനം ആറ് മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്നും കണ്ടെത്തി. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 10 രാജ്യങ്ങളില്‍ നിന്നുള്ള 233 ആളുകള്‍ക്ക് 1, 10, 25 മില്ലിഗ്രാം നിരക്കില്‍ ഡോസുകള്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഇതില്‍, 25 മി.ഗ്രാം മികച്ച ഫലം നല്‍കുന്നുവെന്നാണ് കണ്ടെത്തിയത്. 25 മില്ലിഗ്രാം സൈലോസിബിന്‍ ഗുളികകള്‍ രോഗികളെ സ്വപ്നതുല്യമായ അവസ്ഥയിലാക്കുമെന്നും ഇത് സൈക്കോളജിക്കല്‍ തെറാപ്പി വിജയിക്കാനുള്ള സാധ്യത കൂട്ടുമെന്നും പഠനം പറയുന്നു. ഒരു വര്‍ഷത്തിലേറെയായി കടുത്ത വിഷാദത്തിലൂടെ കടന്നുപോയവരിലാണ് പഠനം നടത്തിയത്. പരീക്ഷണത്തില്‍ പങ്കെടുത്ത മൂന്നില്‍ ഒരാള്‍ക്ക് മൂന്നാഴ്ചയില്‍ വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയില്ല. അഞ്ചില്‍ ഒരാള്‍ക്ക് 12 ആഴ്ചയില്‍ കാര്യമായ പുരോഗതിയുണ്ടായെന്നും പഠനം ചൂണ്ടിക്കാട്ടി. അതേസമയം ചില രോഗികള്‍ക്ക് തലവേദന, ഓക്കാനം, കടുത്ത ക്ഷീണം, ആത്മഹത്യയെ കുറിച്ചുള്ള ചിന്തകള്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടു. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

*ശുഭദിനം*
*കവിത കണ്ണന്‍*
അവിടെ ആട്ടിന്‍ പറ്റം മേയുന്നുണ്ടായിരുന്നു. അപ്പോഴാണ് അതുവഴി ഒരു പന്നി കടന്നുവന്നത്. ഇടയന്‍ ആ പന്നിയെ പിടിച്ചു കൈകാലുകള്‍ കെട്ടി തോളത്ത് വെച്ച് വീട്ടിലേക്ക് നടന്നു. പന്നി കുറെ കുതറി നോക്കി, ഉറക്കെ അലറി വിളിച്ചു. അപ്പോള്‍ ആട്ടിന്‍പറ്റം പന്നിയോട് ചോദിച്ചു: എന്തിനാണ് ഇങ്ങനെ അലറിവിളിക്കന്നത്. കുറെച്ചെങ്കിലും മര്യാദ കാണിച്ചുകൂടെ. ഞങ്ങളേയും ഇങ്ങനെ യജമാനന്‍ കൊണ്ടുപോകാറുള്ളതാണ്. അപ്പോള്‍ പന്നി പറഞ്ഞു: നിങ്ങളെ ഇങ്ങനെ കൊണ്ടുപോകുന്നത് നിങ്ങളുടെ രോമം എടുക്കാനാണ്. എന്നെ കൊണ്ടുപോകുന്നത് കൊന്ന് മാംസമെടുക്കാനാണ്. ജീവന് വേണ്ടി ഞാന്‍ ഇത്രയെങ്കിലും പ്രതികരിക്കേണ്ടേ? കാര്യമറിയാതെ പ്രസംഗിക്കുന്നവര്‍ ഇങ്ങനെയാണ്, തങ്ങള്‍ കടന്നുപോയിട്ടുള്ള പരിമിതമായ അനുഭവങ്ങളുടെ വേലിക്കെട്ടിനുള്ളില്‍ നിന്ന് എന്തിനേയും വ്യാഖ്യാനിക്കും. അപരന്റെ തീവ്രവേദനകളെ നിസ്സാരവത്കരിക്കുകയും പരിഹസിക്കുകയും ചെയ്യും. നിസ്സഹായതയില്‍ അകപ്പെടുന്നവനെ കണ്ടില്ലെന്ന് നടിക്കുന്നതിലും വലിയ തെറ്റാണ് അവന്റെ ദയനീയതയെ അവഹേളിക്കുന്നത്. സഹാനുഭൂതിയുള്ളവര്‍ക്ക് മാത്രമേ രക്ഷകരാകാന്‍ കഴിയൂ.. എല്ലാവര്‍ക്കും അവരവരുടെ ദൗര്‍ലബല്യങ്ങളോടൊപ്പം പ്രതീക്ഷയോടെ ജീവിക്കാന്‍ കഴിയണം. രക്ഷയേകുന്ന സഹാനുഭൂതിയുടെ ഉടമകളാകാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
മീഡിയ 16