*പ്രഭാത വാർത്തകൾ*2022 | നവംബർ 2 | ബുധൻ

◾പ്രവാസികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തെരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിലനിര്‍ത്തിയാകും ക്രമീകരണം. അറ്റോര്‍ണി ജനറല്‍ എം. വെങ്കിട്ട രമണി അറിയിച്ചു. വോട്ടവകാശം നല്‍കുന്നതു സംബന്ധിച്ചു സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടതെന്ന നിലപാടെടുത്ത കോടതി പ്രവാസി സംഘടനകള്‍ നല്‍കിയ കേസ് അവസാനിപ്പിച്ചു.

◾ആന്ധ്രയില്‍ നിന്ന് ജയ അരി കിട്ടില്ല. മറ്റിനങ്ങളിലുള്ള അരിയും അവശ്യ വസ്തുക്കളും ഇടനിലക്കാരെ ഒഴിവാക്കി എത്തിക്കാന്‍ ആന്ധ്ര സര്‍ക്കാരുമായി ധാരണയിലെത്തി. ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി മന്ത്രി ജി ആര്‍ അനില്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണ. പ്രതിമാസം 3840 ടണ്‍ ജയ അരി കേരളത്തിനു വേണം. ജയ അരി സ്റ്റോക്കില്ലെന്ന് ആന്ധ്ര മന്ത്രി വ്യക്തമാക്കി. ജയ അരിക്ക് നാലു മാസത്തിനിടെ 25 രൂപയാണ് വില വര്‍ധിച്ചത്.

◾കൊച്ചിയിലെ വെള്ളക്കെട്ട് ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്നു ഹൈക്കോടതി. ഓടകളും കാനകളും ശുചീകരിക്കണം. കനാലുകളിലെ മാലിന്യനിക്ഷേപം തടയണം. ഈ മാസം 11 ന് റിപ്പോര്‍ട്ട് നല്‍കാനും കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി.

◾തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിന് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ പിടിയില്‍. മലയിന്‍കീഴ് മഞ്ചയില്‍ സ്വദേശി സന്തോഷ് കുമാര്‍ (39) ആണ് അറസ്റ്റിലായത്. 10 വര്‍ഷമായി ഇയാള്‍ ഇറിഗേഷന്‍ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറാണ്.

◾കുടുംബപ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവു നല്‍കിയത്. സ്വീകരിച്ച നടപടികള്‍ മൂന്നു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

◾എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. അഞ്ചുലക്ഷം രൂപയും ശില്‍പവും മംഗളപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

◾സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയ്ക്ക് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പരാതി നല്‍കി. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

◾സംസ്ഥാനത്തൊട്ടാകെ ലഹരി വിരുദ്ധ ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ റാലിയില്‍ വിദ്യാര്‍ത്ഥികള്‍, പൗരപ്രമുഖര്‍, കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അണി ചേര്‍ന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌കൂളുകളിലും പ്രധാന കേന്ദ്രങ്ങളിലും മനുഷ്യചങ്ങല തീര്‍ക്കും.

◾ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയുടെ വീട് പോലീസ് സീല്‍ ചെയ്തു. അമ്മയേയും അമ്മാവനേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കിട്ടി. കീടനാശിനി കളയാന്‍ ഉപയോഗിച്ച സ്‌കൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു.

◾പെട്രോള്‍ പമ്പില്‍നിന്നു കൈക്കൂലി വാങ്ങുന്നതിടെ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് കുമാറിനെ വിജിലന്‍സ് പിടികൂടി. ആക്കുളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് 8000 രൂപ വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി. വൈസ് ചാന്‍സലര്‍മാക്കും മന്ത്രിക്കുമെതിരായ നീക്കം ഭരണഘടനാവിരുദ്ധമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

◾വിഴിഞ്ഞം സമരത്തിനെതിരെ ഒറ്റക്കെട്ടായി സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം തുറമുഖത്തെ പിന്തുണച്ചുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോംഗ് മാര്‍ച്ചില്‍ ബിജെപി നേതാവ് വി.വി രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

◾വിഴിഞ്ഞം തുറമുഖത്തിനെതിരേ സമാധാനപരമായി സമരം ചെയ്യാം, എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തരുതെന്ന് ഹൈക്കോടതി. പദ്ധതി പ്രദേശത്തേക്കുള്ള വഴിയിലെ തടസങ്ങള്‍ ഉടനേ നീക്കണമെന്നു കോടതി ആവര്‍ത്തിച്ചു. തങ്ങള്‍ക്കു നഷ്ടപ്പെട്ട കിടപ്പാടം സര്‍ക്കാര്‍ ലഭ്യമാക്കുന്നതുവരെ സമരം തുടരാന്‍ അനുവദിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

◾കസ്റ്റഡിയില്‍നിന്ന് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്കു സസ്പെന്‍ഷന്‍. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, ശരത് രാജന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. വാഹന മോഷണ കേസിലെ പ്രതി മുഹമ്മദ് റിയാസ് കോടതിയില്‍ ഹാജരാക്കി മടങ്ങുന്നതിനിടെ രക്ഷപ്പെട്ടിരുന്നു.

◾കുവൈറ്റില്‍നിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു മണിക്കൂറിനകം തിരിച്ചിറക്കി. ഉച്ചയ്ക്ക് ഒന്നരയ്ക്കു കുവൈറ്റില്‍നിന്ന് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറുകള്‍മൂലം തിരിച്ചിറക്കിയത്.

◾ഒന്നര ലക്ഷം യുവാക്കളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന പെന്‍ഷന്‍ പ്രായവര്‍ദ്ധന തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുവതീയുവാക്കളുടെ സര്‍ക്കാര്‍ ജോലി നേടുകയെന്നുള്ള സ്വപ്നം തല്ലിക്കെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ പിണറായി സര്‍ക്കാരിന്റെ നടപടി വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കേന്ദ്രമാക്കി മാറ്റുന്ന തലതിരിഞ്ഞ നയമാണിതെന്നും അദ്ദേഹം പറഞ്ഞു.

◾കൊച്ചിയിലെ വെള്ളക്കെട്ടിന്റെ പേരില്‍ എംജി റോഡിലെ അഞ്ചു ഹോട്ടലുകള്‍ അടച്ചുപൂട്ടണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍. വെളളമൊഴുക്ക് തടയുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ചാണ് നടപടി.

◾മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. നാലു പേര്‍ അറസ്റ്റിലായി. മാന്നാര്‍ ബുധനൂര്‍ മേപ്പള്ളില്‍ വീട്ടില്‍ സതീഷ് (39) നാണ് കൂത്തേറ്റത്. ശരത് (34), സജിത്ത് മോഹന്‍ (31), ജോര്‍ജി ഫ്രാന്‍സിസ് (22), തന്‍സീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

◾ഇരുമ്പു കോണി വൈദ്യുത ലൈനിലേയ്ക്കു വീണ് കര്‍ഷകന്‍ മരിച്ചു. കട്ടപ്പന സ്വര്‍ണ്ണവിലാസം സ്വദേശി പതായില്‍ സജി ജോസഫാണ് (47) മരിച്ചത്. മരത്തിന്റെ ശിഖരം വെട്ടുന്നതിനിടയില്‍ കോണി വൈദ്യുത ലൈനിലേയ്ക്കു തെന്നി വീഴുകയായിരുന്നു.

◾കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനെതിരായ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അധ്യാപകനായ ഹസനെതിരെയാണ് പോക്സോ ചുമത്തി മുഴക്കുന്ന് പൊലീസ് കേസെടുത്തത്.

◾ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥനു കൂടി സസ്പെന്‍ഷന്‍. മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. രാഹുലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. രാഹുലിനെ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റിയിരുന്നു. നേരത്തെ ആറു പേരെ സസ്പെന്‍ഡു ചെയ്തിരുന്നു.

◾പട്ടാമ്പി പോക്സോ കേസില്‍ വിധി കേട്ടതിനു പിറകേ മുങ്ങിയ പ്രതിയെ കര്‍ണാടകത്തില്‍നിന്ന് പിടികൂടി. കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസിനെയാണു ചാലിശേരി പോലീസ് പിടികൂടിയത്.

◾ലോട്ടറി കച്ചവടക്കാരനെ തലയ്ക്കടിച്ചു കൊന്ന കേസില്‍ യുവാവിന് അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. അയിരൂര്‍ പാണില്‍ കോളനി ഒലിപ്പുവിള വീട്ടില്‍ ബാബുവിനെ (58) കൊന്ന കേസില്‍ പ്രതിയായ പെരുമ്പഴുതൂര്‍ മൊട്ടക്കാട കോളനിയില്‍ അനില്‍ എന്ന ബിജോയിയെ (25) യെയാണു കോടതി ശിക്ഷിച്ചത്.

◾ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ കൊല്ലത്ത് പിടിയില്‍. ഇടത്തറ സ്വദേശി നീരജിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റു ചെയ്തത്.

◾പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 17 വര്‍ഷം തടവും 65,000 രൂപ പിഴയും. പാലോട് പെരിങ്ങമ്മല സ്വദേശിയായ 48 കാരനാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്.

◾മീഡയവണ്‍ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നു വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണു വാദം കേള്‍ക്കുക.

◾ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണ് ഒക്ടോബറില്‍ ഉണ്ടായത്.  

◾ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദര്‍ ജെയിന്‍ 10 കോടി രൂപ ബലമായി വാങ്ങിയെന്നു തട്ടിപ്പുകേസില്‍ ജയിലിലുള്ള സുകേഷ് ചന്ദ്രശേഖര്‍. ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആരോപണം നിഷേധിച്ചു. ഡല്‍ഹി ഗവര്‍ണര്‍ വികെ സക്‌സേനയ്ക്ക് അയച്ച കത്തിലാണ് പാര്‍ട്ടി ഭാരവാഹിത്വത്തിനും രാജ്യസഭാ സീറ്റിനുമായി 50 കോടിയിലധികം രൂപ നല്‍കിയെന്നു സുകേഷ് ചന്ദ്രശേഖര്‍ ആരോപിച്ചത്.

◾കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കേസെടുക്കാമെന്ന് സുപ്രീം കോടതി. അഴിമതി നിരോധന നിയമപ്രകാരം മാത്രമല്ല, കള്ളപ്പണ നിരോധന നിയമപ്രകാരവും ഇഡിക്കു കേസെടുക്കാം. ഇഡി ചെന്നൈ സോണല്‍ ഓഫീസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഉത്തരവ്.

◾ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന പ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും മോദി സന്ദര്‍ശിച്ചു. ഇന്നലെ ഗുജറാത്ത് രാജ്ഭവനില്‍ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നത തലയോഗം നടത്തിയിരുന്നു.

◾ബിജെപിയുടെ ഡല്‍ഹിയിലെ ആസ്ഥാന ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവു പാലിക്കാത്തതിന് നിര്‍മാണ കമ്പനിക്ക് അഞ്ചു ലക്ഷം രൂപ പിഴശിക്ഷ. പണി നടക്കുന്ന സ്ഥലം ഡല്‍ഹി മന്ത്രി ഗോപാല്‍ റായി സന്ദര്‍ശിക്കുകയും ചെയ്തു. അന്തരീക്ഷ മലിനീകരണം ആരോപിച്ചാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ബിജെപിയുടെ കെട്ടിട നവീകരണത്തിനു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നത്.

◾അമൃത്സറില്‍ പെട്രോള്‍ പമ്പ് കൊള്ളയടിക്കാനെത്തിയ കവര്‍ച്ചാസംഘത്തിലെ ഒരാളെ സുരക്ഷ ജീവനക്കാരന്‍ വെടിവച്ചു കൊന്നു. ഒപ്പമുണ്ടായിരുന്ന മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മാലിയ വില്ലേജില്‍ നടന്ന സംഭവത്തില്‍ അമൃത്സര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

◾മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. പൂനെയിലെ ലുല്ലാ നഗര്‍ ചൗക്കിലുള്ള മാര്‍വല്‍ വിസ്തയിലാണ് തീപ്പിടിച്ചത്. ഏഴു നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലാണു തീ പിടിച്ചത്. താഴത്തെ നിലയിലാണ് സഹീറിന്റെ റസ്റ്റോറന്റ്.

◾ജമ്മു കാഷ്മീരില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം നാലു ഭീകരരെ വധിച്ചു. അവന്തിപ്പോരയിലും അനന്ത്നാഗിലുമാണ് ഏറ്റുമുട്ടലുണ്ടായത്. അവന്തിപ്പോരയില്‍ മൂന്നു പേരും അനന്ത്നാഗില്‍ ഒരാളുമാണു കൊല്ലപ്പെട്ടത്. ഒരാള്‍ വിദേശിയാണ്. അവന്തിപ്പോരയില്‍ കൊല്ലപ്പെട്ട ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്ന കേസുകളിലെ പ്രതികളാണ്.

◾പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ച 22 കാരന് കോടതി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചു. ബെംഗളൂരുവിലെ കച്ചര്‍ക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനാണ് ശിക്ഷ വിധിച്ചത്.

◾നിര്‍മ്മാണത്തിലിരിക്കുന്ന അണക്കെട്ടിനു സമീപം വജ്രനിക്ഷേപമുണ്ടെന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം. കണ്ടവരും കേട്ടവരുമെല്ലാം വജ്രക്കല്ലുകള്‍ വെട്ടിപ്പിടിക്കാന്‍ എത്തിയതോടെ പ്രദേശത്തു ഭാഗ്യാന്വേഷികളുടെ പൂരമായി. മധ്യപ്രദേശിലെ പന്ന ജില്ലയിലെ വിശ്രംഗഞ്ചിലാണ് വജ്രം അന്വേഷിച്ച് നൂറുകണക്കിനു പേര്‍ എത്തുന്നത്.

◾ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേനൊപ്പം 21 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലുള്ള ലേബര്‍ കമ്മീഷണര്‍ ആര്‍.എല്‍ ഋഷിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. അവധിയിലായിരുന്ന ഋഷിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.

◾രാജസ്ഥാനിലെ മംഗഡില്‍ വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും. 1913 ല്‍ രാജസ്ഥാനിലെ മംഗഡില്‍ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത ഗോത്രവര്‍ഗക്കാരെ സ്മരിക്കുന്ന ചടങ്ങായ 'മംഗാര്‍ ധാം കി ഗൗരവ് ഗാഥ' യിലാണ് പ്രധാനമന്ത്രിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഒന്നിച്ച് എത്തിയത്. മധ്യപ്രദേശ്, ഗുജറാത്ത് മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ഭൂപേന്ദ്ര പട്ടേല്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

◾യുക്രെയിനെതിരേ യുദ്ധം ചെയ്യാന്‍ റഷ്യ തടവുപുള്ളികളെ രംഗത്തിറക്കി. പരിശീലനംപോലും നല്‍കാതെയാണ് തടവുകാരെ യുദ്ധത്തിനായി ഇറക്കിവിട്ടിരിക്കുന്നതെന്നാണ് യുക്രെയിന്‍ സൈന്യം ആരോപിക്കുന്നത്. എല്ലാ രാത്രിയിലും യന്ത്രത്തോക്കുകള്‍ നല്‍കി ഏഴു ട്രൂപ്പ് സൈന്യത്തെ യുക്രെയിനിലേക്ക് അയക്കുന്നുണ്ടെന്നാണ് വെളിപെടുത്തല്‍.

◾ജീവനുള്ള ചീങ്കണ്ണിയെ സ്യൂട്ട്കേസിലാക്കി കടത്താന്‍ ശ്രമിച്ചയാള്‍ ജര്‍മ്മനി മ്യൂണിക്കിലെ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ജീവനുള്ള ആല്‍ബിനോ വിഭാഗത്തില്‍പ്പെട്ട ചീങ്കണ്ണിയെയാണു പെട്ടിയില്‍ കണ്ടെത്തിയത്.

◾യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ക്ഷുഭിതനായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍മാസത്തിലാണ് സംഭവം. യുക്രൈന്‍ പ്രസിഡന്റ് കൂടുതല്‍ സഹായം ആവശ്യപ്പെട്ടതോടെയാണ് ബൈഡന്‍ സ്വരം കടുപ്പിച്ചതെന്നാണു റിപ്പോര്‍ട്ട്.

◾ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 20 റണ്‍സിന്റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 47 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത ജോസ് ബട്ട്ലറുടേയും 40 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത അലക്സ് ഹെയ്ല്‍സിന്റേയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

◾ചരക്ക് സേവന നികുതിയിനത്തില്‍ ഒക്ടോബറില്‍ 1.52 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം. തുടര്‍ച്ചയായി എട്ടാമത്തെ മാസമാണ് ജി.എസ്.ടിയിനത്തില്‍ 1.40 ലക്ഷം കോടി രൂപയ്ക്കുമുകളില്‍ ലഭിക്കുന്നത്. രണ്ടാം തവണയാണ് 1.50 ലക്ഷം കോടി രൂപ കവിയുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രിലിലാണ് ഇതിനുമുമ്പ് 1.50 ലക്ഷം കോടി രൂപ ലഭിച്ചത്. ഒക്ടോബറില്‍ കേന്ദ്ര ജിഎസ്ടിയിനത്തില്‍ 26,039 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിനത്തില്‍ 33,396 കോടി രൂപയുമാണ് സമാഹരിച്ചത്. സെസ് ഇനത്തില്‍ 10,505 കോടി രൂപയും ലഭിച്ചു. ഏറ്റവും കൂടുതല്‍ ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത് 2022 ഏപ്രിലിലായിരുന്നു. 1.67 ട്രില്യണ്‍ രൂപ. ഇതിന് ശേഷം ആദ്യമായാണ് ചരക്ക് സേവന നികുതി വരുമാനം 1.50 ലക്ഷം കോടി രൂപ കവിയുന്നത്.
 
◾ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോര്‍ട്സിന്റെ ലാഭത്തില്‍ 69 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് ലാഭത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. രണ്ടാം പാദത്തിന്റെ ലാഭക്കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 1,677.48 കോടിയുടെ ലാഭമാണ് രണ്ടാംപാദത്തിലുണ്ടായത്. വരുമാനത്തില്‍ 33 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. 5,210.8 കോടിയാണ് വരുമാനം. 1,311 കോടി ലാഭം കമ്പനിക്കുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കമ്പനി കൈകാര്യം ചെയ്യുന്ന കാര്‍ഗോയിലും വര്‍ധനയുണ്ടായിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തിലും അദാനി പോര്‍ട്സിന്റെ കാര്‍ഗോ ഇടപാടുകള്‍ വര്‍ധിച്ചിരുന്നു. രണ്ടാംപാദത്തില്‍ കാര്‍ഗോയില്‍ 35 ശതമാനം വര്‍ധനയാണുണ്ടായത്.

◾വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവര്‍ത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക' എന്ന ആവേശകരമായ വാചകത്തോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ടൊവിനോ തോമസ്,റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് 'നീലവെളിച്ചം'. ബിജിബാലും റെക്സ് വിജയനും ചേര്‍ന്ന് സംഗീതം നല്‍കുന്നു. മായാനദി, വൈറസ്, നാരദന്‍ എന്നി ചിത്രങ്ങള്‍ക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് നീലവെളിച്ചം.

◾നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ ചിത്രവുമായി അഞ്ജലി മേനോന്‍. 'വണ്ടര്‍ വിമെന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്സ് എന്നിവയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇംഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് റിലീസ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു പ്രഗ്നന്‍സി ഡിറ്റക്ഷന്‍ കിറ്റിന്റെ ചിത്രമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇനി, ഒരു അത്ഭുതം തുടങ്ങുന്നു എന്ന ക്യാപ്ഷനും എല്ലാവരും ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. അതിന്റെ സ്ഥിരീകരണമാണ് ഇപ്പോള്‍ ഔദ്യോഗികമായി നടന്നിരിക്കുന്നത്.

◾ഓണ്‍റോഡ് നാലുകോടി രൂപയില്‍ അധികം വരുന്ന റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലോങ് വീല്‍ ബെയിസ് സ്വന്തമാക്കി ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ ഗൗതം അദാനി. ലാന്‍ഡ് റോവറിന്റെ ആഡംബര എസ്യുവിയുടെ ഡീസല്‍ പതിപ്പാണ് ഗൗതം അദാനി സ്വന്തമാക്കിയത്. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയിലുളളത്. 346 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഇതു കൂടാതെ ബിഎംഡബ്ല്യു 7 സീരിസ്, ടൊയോട്ട വെല്‍ഫയര്‍, ഔഡി ക്യൂ 7, ഫെരാരി കാലിഫോര്‍ണിയ, റോള്‍സ് റോയ്സ് ഗോസ്റ്റ് തുടങ്ങിയ വാഹനങ്ങളും അദാനിയുടെ ഗാരിജിലുണ്ട്.

◾സൈബര്‍ ആഭിചാരവും പ്രണയവും ഭ്രമാത്മകലോകവുമെല്ലാം ചേര്‍ന്ന് നിഗൂഢതയുടെ വലക്കണ്ണികള്‍ നെയ്യുന്ന തിങ്കളാഴ്ചകളിലെ ആകാശം ഉള്‍പ്പെടെ ദൈവത്തിന്റെ കൈ, ഒഴിവുകാലം, ഉയരങ്ങളില്‍, ഒട്ടകം, മടക്കം, ചന്തുമൂപ്പന്‍... തുടങ്ങി യാഥാര്‍ത്ഥ്യത്തിനും സങ്കല്പത്തിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ തകര്‍ത്ത് സ്ഥലകാലങ്ങള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരക്കുന്ന പന്ത്രണ്ടു കഥകള്‍. 'തിങ്കളാഴ്ചകളിലെ ആകാശം'. എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ച സേതുവിന്റെ പ്രശസ്തമായ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്. മാതൃഭൂമി ബുക്സ്. വില 149 രൂപ.

◾പ്രഭാതഭക്ഷണത്തിന് വൈറ്റ് ബ്രഡ് തിരഞ്ഞെടുക്കരുതെന്ന് പഠനം. വെറും വയറ്റില്‍ കഴിക്കാവുന്ന ഒന്നല്ല വൈറ്റ് ബ്രഡെന്നും അത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് വളരെപ്പെട്ടെന്ന് ഉയര്‍ത്തുന്ന ഹൈ ഗ്ലൈസിമിക് ഇന്‍ഡെക്‌സ് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നതാണ് വൈറ്റ് ബ്രഡ്. ഇത്തരത്തില്‍ ദിവസവും പഞ്ചസാരയുടെ തോത് അതിവേഗം ഉയര്‍ത്തുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. ഗ്ലൈസിമിക് ഇന്‍ഡെക്‌സ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരനില ഉയരുന്നതിനൊപ്പം കൂടുതല്‍ ഇന്‍സുലിനും ഉല്‍പാദിപ്പിക്കപ്പെടും. ഇന്‍സുലിന്‍ ഗ്ലൂക്കോസിനെ കോശങ്ങളിലെത്തിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയുകയും ഊര്‍ജം നഷ്ടപ്പെടുകയും ചെയ്യും. ഇത് വളരെ വേഗം വീണ്ടും വിശക്കാനും അമിതമായി ഭക്ഷണം കഴിക്കാനും കാരണമാകും. ഇതു മൂലം അമിതവണ്ണത്തിനു സാധ്യത കൂടുന്നു. വൈറ്റ്ബ്രഡില്‍ സോഡിയത്തിന്റെ അളവ് കൂടിയിരിക്കുന്നത് വയര്‍ വീര്‍ക്കുന്നത് അടക്കമുള്ള ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. വെറും വയറ്റില്‍ അമിതമായി സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിനും നല്ലതല്ല. വൈറ്റ് ബ്രഡില്‍ അടങ്ങിയിരിക്കുന്ന സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് കുടലിലൂടെയുള്ള ഭക്ഷണ നീക്കത്തിനു നല്ലതല്ല. ഇത് മലബന്ധം പോലെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വൈറ്റ് ബ്രഡിനു പകരം ബ്രൗണ്‍ ബ്രഡോ മള്‍ട്ടിഗ്രെയ്ന്‍ ബ്രഡോ കഴിക്കാം. പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്റെയും ഫൈബറിന്റെയും തോത് വര്‍ധിപ്പിക്കാനും ശ്രമിക്കണം.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒറിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന കാലത്ത് ഫില്‍നൈക്ക് അറിയപ്പെട്ടിരുന്നത് നല്ലൊരു കായിക താരം എന്ന നിലയിലായിരുന്നു. അവിടെത്തെ കോച്ച് അമേരിക്കയിലെ തന്നെ മികച്ച പരിശീലകനായിരുന്നു. പിന്നീട് സാന്‍ഫോര്‍ഡ് ബിസിനസ്സ് സ്‌കൂളിലെ പഠനാവശ്യത്തിനായി അവതരിപ്പിച്ച റിസര്‍ച്ച് പേപ്പര്‍ പ്രസന്റേഷന്‍ ആയിരുന്നു ആ ഐഡിയയുടെ ആരംഭം. ആ കാലഘട്ടത്തില്‍ അമേരിക്കയില്‍ ജര്‍മ്മന്‍, ജപ്പാന്‍ ബ്രാന്റ് ഉത്പന്നങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റായിരുന്നു. വിഷയം ഇതായിരുന്നു. ജപ്പാന്‍ ഷൂസുകള്‍ക്ക് ജര്‍മ്മന്‍ ഷൂസുകളെ മറികടക്കാന്‍ കഴിയുമോ. ഫില്‍നൈക്ക് ഒരു കായികതാരമായതുകൊണ്ട് തന്നെ ഷൂസുകളോട് അയാള്‍ക്ക് വല്ലാത്ത പ്രണയമായിരുന്നു. അതുകൊണ്ടാണ് ആ വിഷയത്തിലേക്ക് ശ്രദ്ധ തിരിഞ്ഞതും. പഠനശേഷം ആ ആശയത്തെ ഫില്‍ കൈവിട്ടില്ല. ജപ്പാനില്‍ ഗുണമേന്മയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഷൂ അന്വേഷിച്ച് ഫില്‍നൈക്ക് അലഞ്ഞു. ഒരൂപാട് ദിവസത്തെ അലച്ചിലകള്‍ക്കൊടുവില്‍ കോപ്പ് എന്ന നഗരത്തില്‍ ഒരു ഷൂ മുതലാളിയെ കണ്ടുമുട്ടി. ഒനിന്‍സുഗോറ്റ ടൈഗര്‍ എന്ന കമ്പനിയുടെ ഹൈക്വാളിറ്റി ഷൂസുകള്‍ അമേരിക്കയില്‍ കൊണ്ടുവില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആദ്യം ലഭിച്ച 12 പെയര്‍ ഷൂസുകള്‍ തന്റെ പഴയകാറിന്റെ ഡിക്കിയില്‍ വെച്ച് സ്റ്റേഡിയങ്ങള്‍തോറും അയാള്‍ കയറിയിറങ്ങി. നിരാശയായിരുന്നു പലപ്പോഴും ഫലം. പിന്നീട് ഷൂവിനെ കുറിച്ച് ഒന്നുകൂടി പഠിക്കാന്‍ തീരുമാനിച്ചു. ആ അന്വേഷണം ചെന്നെത്തിയത് തന്റെ പഴയ കോച്ചിലായിരുന്നു. അങ്ങനെ 1964ല്‍ 500 ഡോളര്‍ മൂലധനനവുമായി ബ്ലൂ റിബ്ബണ്‍ സ്‌പോട്‌സ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തു. കോച്ചിന്റെ പരിചയത്തിലുള്ള സ്റ്റുഡന്‍സിനും കായികതാരങ്ങള്‍ക്കും ആ ജപ്പാന്‍ ഷൂകള്‍ വിറ്റു. ആദ്യവര്‍ഷം 8000 ഡോളര്‍ വില്‍പന! കമ്പനി വളര്‍ന്നു. അങ്ങനെ കോര്‍ട്ടസ് എന്ന ഷൂമോഡല്‍ വിപണി പിടിച്ചടക്കി. പിന്നീട് ജപ്പാന്‍ കമ്പനിയുമായുള്ള കരാര്‍ തീര്‍ന്നപ്പോള്‍ അവര്‍ ഒരു ഷൂ നിര്‍മ്മാണ കമ്പനിക്ക് രൂപം നല്‍കി നൈക്ക്! കാറിന്റെ ഡിക്കിയിലിട്ട് തന്റെ പ്രിയപ്പെട്ട സ്വപ്നത്തെ വിറ്റുനടന്നപ്പോള്‍ ഫില്‍നൈക്ക് ഒരിക്കലും വിചാരിച്ചിരുന്നില്ല ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ തന്റെ മുഖവും വരുമെന്ന്. ചില ആശയങ്ങള്‍.. അത് രത്‌നം പോലെയാണ്. കാത്തിരിക്കുക... വഴിവക്കിലെവിടെയോ അത് നിങ്ങള്‍ക്ക് മുന്നില്‍ വീണ് കിടക്കുന്നുണ്ടോകും... ആ ആശയത്തെ കണ്ടെടുക്കുക.. മുറുകെ പിടിക്കുക - ശുഭദിനം മീഡിയ 16