◾വിദേശ ടെലിവിഷന്‍ ചാനലുകള്‍ക്കു മാധ്യമമേഖല തുറന്നുകൊടുത്ത് മോദി സര്‍ക്കാര്‍. ഇന്ത്യയില്‍ ടെലിപോര്‍ട്ടുള്ള കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍നിന്ന് സംപ്രേക്ഷണം നടത്താം. ഇന്ത്യ ഒരു ടെലിപോര്‍ട്ട് ഹബ്ബായി വളരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. പൊതുതാല്‍പര്യ വിഷയങ്ങളില്‍ അരമണിക്കൂര്‍ പ്രോഗ്രാമുകള്‍ വേണമെന്നാണു പുതുക്കിയ മാര്‍ഗ നിര്‍ദേശം. ദേശീയ താല്‍പര്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം. സ്ത്രീ ശാക്തീകരണം, കൃഷി, അധ്യാപനം മുതലായ വിഷയങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
◾കേരള പൊലീസ് നിയമം ഫ്യൂഡല്‍ കൊളോണിയല്‍ നിയമങ്ങളുടെ പിന്‍ഗാമിയാണെന്നു സുപ്രീംകോടതി. പൗരന്മാര്‍ക്കു പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പൊലീസ് നിയമം ക്രമസമാധാനപാലനത്തിനു മാത്രമുള്ളതാണ്. ധര്‍ണ നടത്തിയതിന് കേരള പൊലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷയെ കുറിച്ച് നാമനിര്‍ദ്ദേശ പത്രികയില്‍ വെളിപ്പെടുത്താതിന്റെ പേരില്‍ തെരഞ്ഞെടുപ്പു റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടാണ് ഈ പരാമര്‍ശം. 2005 ല്‍ അന്നമട പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച രവി നമ്പൂതിരിയുടെ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവാണു സുപ്രീം കോടതി സ്റ്റേ ചെയ്തത്.
◾ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീം കോടതി. ലഹരി വില്‍പനയ്ക്ക് പിന്നിലെ വന്‍കിടക്കാരെ പിടികൂടണം. ചെറുകിടക്കാര്‍ മാത്രമാണ് പിടിയിലാകുന്നത്. ലഹരി ശൃംഖലയെ മുഴുവനായും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
◾തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ നിയമനത്തിനുള്ള കത്തിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് ഹര്‍ജി നല്‍കിയത്. രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. മേയര്‍ കത്തയച്ചത് സ്വജനപക്ഷപാതമാണ്. സത്യപ്രതിജ്ഞ ലംഘിച്ചെന്നും ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
◾ഐപിഎല്‍ താരലേലം ഡിസംബര്‍ 23 ന് കൊച്ചിയില്‍. ഒറ്റ ദിവസം മാത്രമുള്ള മിനി താരലേലമാണിത്. ടീമുകള്‍ക്ക് അവരുടെ മുന്‍ ലേല തുകയില്‍ മിച്ചംവന്ന പണത്തിനും അവര്‍ ഒഴിവാക്കുന്ന കളിക്കാരുടെ മൂല്യത്തിനും പുറമേ, ഈ വര്‍ഷത്തെ ലേലത്തില്‍ ഓരോ ടീമിനും അഞ്ചു കോടി അധികമായി ചെലവഴിക്കാനും ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്.
◾തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ നിയമന കത്ത് ഓഫീസില്‍ തയാറാക്കിയിട്ടില്ലെന്ന് മേയറുടെ ഓഫിസിലെ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവര്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. മേയറുടെ ലെറ്റര്‍ പാഡ് ഓഫീസിലെ ജീവനക്കാര്‍ക്ക് എടുക്കാവുന്ന രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
◾എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ലോകായുക്ത. യുജിസി ചട്ടപ്രകാരം പരാതി പരിഹാരത്തിന് ഓംബുഡ്സ്മാനെ നിയമിക്കണമെന്നാണു ലോകായുക്തയുടെ ഉത്തരവ്.
◾സിറോ മലബാര്‍ സഭ ഭൂമിയിടപാടു കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുളള പ്രതികള്‍ വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണമെന്ന് ഹൈക്കോടതി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി തളളി. ഏഴു കേസുകളിലാണ് കര്‍ദിനാളിനോട് വിചാരണ നേരിടണമെന്നു കാക്കനാട് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്.
◾കണ്ണൂരില്‍ ആര്‍എസ്എസ് ശാഖ സംരക്ഷിച്ചെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയില്‍ അദ്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കണ്ണൂരില്‍ കോണ്‍ഗ്രസും ആര്‍എസ്എസും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് ആര്‍എസ്എസ്. ഗോവിന്ദന്‍ പറഞ്ഞു.
◾ആര്‍എസ്എസിനോട് ആഭിമുഖ്യമില്ലെന്നും എന്നാല്‍ അവര്‍ക്കും അവകാശമുണ്ടെന്നാണ് താന്‍ ചൂണ്ടികാട്ടിയതെന്നും വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎമ്മിന്റെ ഓഫീസുകള്‍ തര്‍ക്കപ്പെട്ടപ്പോഴും സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ ഫേസബുക്കില്‍ കുറിച്ചു. ആര്‍എസ്എസിന്റെ നാഗ്പൂര്‍ അടക്കമുള്ള കാര്യാലയങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത് സിപിഎമ്മാണെന്ന ചരിത്രം മറക്കരുതെന്നും സുധാകരന്‍.
◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു ബര്‍ളിനിലെ ചാരിറ്റി ആശുപത്രിയില്‍ ചികില്‍സ ആരംഭിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ഇന്നു ലേസര്‍ സര്‍ജറി നടത്തും.
◾യാക്കോബായ സഭയുടെ ഭരണതലത്തില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം പ്രാതിനിധ്യം നല്‍കാന്‍ തീരുമാനം. 2016 ലെ സുന്നഹദോസ് തീരുമാനം പള്ളികളിലും നടപ്പാക്കണമെന്നു സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍ദ്ദേശം നല്‍കി.
◾പാറശാല ഷാരോണ്‍ കൊലക്കേസിന്റെ അന്വേഷണം തമിഴ്നാടിനു കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും നിയമോപദേശം കിട്ടിയാലേ കൈമാറൂവെന്നും ഡിജിപി. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം.
◾പേവിഷ വാക്സീനുകള്‍ ഗുണവിലവാരമുളളതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ നടന്ന 21 മരണങ്ങളില്‍ 15 പേരാണ് കുത്തിവയ്പെടുക്കാതെ മരിച്ചത്. കുത്തിവയ്പ് എടുത്തശേഷവും ആറു പേര്‍ മരിച്ചത് ആഴത്തില്‍ കടിയേറ്റതുകൊണ്ടും തലച്ചോറിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഗുരുതര കടിയേറ്റതുകൊണ്ടുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് ജനറല്‍ സെക്രട്ടറി ഹക്കിം ഫൈസി അദൃശേരിയെ എല്ലാ സ്ഥാനങ്ങളില്‍നിന്നും സമസ്ത നീക്കം ചെയ്തു. സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് നടപടി.
◾അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന യുവനടന്റെ പരാതിയില്‍ വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളി.
◾ഗവര്‍ണറെ പിന്തുണച്ച് ഗൃഹസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് ബിജെപി. ഈ മാസം 15 മുതല്‍ 30 വരെയാണു സമ്പര്‍ക്ക പരിപാടി. വീടുകളില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യും.
◾എറണാകുളത്തെ ഗ്യാസ് ഏജന്‍സികള്‍ ചൊവ്വാഴ്ച പണിമുടക്കും. വൈപ്പിനിലെ ഗ്യാസ് ഏജന്‍സിക്കെതിരേ കൊലവിളി നടത്തിയ കേസില്‍ പ്രതികളായ സിഐടിയു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാത്തതിനെതിരെയാണ് സമരം. നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അടച്ചിടുമെന്നും ഗ്യാസ് ഏജന്‍സി ഉടമകളുടെ സംഘടനാ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
◾പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള പൂളമരത്തിലെ തേനീച്ചകള്‍ കുത്തി 14 വയസുകാരി മരിച്ച സംഭവത്തില്‍ അവകാശികള്‍ക്കു സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ചിറ്റൂര്‍ എരുത്തേമ്പതി വണ്ണാമട സ്വദേശി മുരുകേശന്റെ മകള്‍ ആര്‍ത്തിയ്ക്കാണ് രണ്ടു വര്‍ഷം മുമ്പ് രാത്രി വീട്ടില്‍ തേനീച്ചകളുടെ കുത്തേറ്റത്. തേനീച്ച ശല്യമുള്ള പൂളമരം മുറിക്കണമെന്നാവശ്യപ്പെട്ട് മുരുകേശന്‍ 2018 മുതല്‍ പരാതി നല്‍കിയിരുന്നു. മരം മുറിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം അവരില്‍ നിന്ന് ഈടാക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
◾നാവികസേനയുടെ കളമശേരിയിലെ ആയുധ സംഭരണ ശാലയിലെ ഉദ്യോഗസ്ഥന്റെ മരണം ആത്മഹത്യയല്ലെന്നും അപായപ്പെടുത്തിയതാണെന്നും പരാതിയുമായി ഭാര്യ. എന്‍എഡിയില്‍ ക്ലര്‍ക്കായ മാവേലിക്കര സ്വദേശി കെ മോഹനന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നു ഭാര്യ ദര്‍ശന ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി.
◾എറണാകുളം തോപ്പുംപടിയില്‍ ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ പിടിയില്‍. കാക്കനാട് സ്വദേശി അനസ് ആണ് പിടിയിലായത്. ഒക്ടോബര്‍ എട്ടിനാണ് ഇടക്കൊച്ചി സ്വദേശി ലോറന്‍സ് ബസിടിച്ചു മരിച്ചത്.
◾മയക്കുമരുന്ന് എത്തിക്കുന്ന വിദേശ സംഘം തൃശൂര്‍ പോലീസിന്റെ പിടിയില്‍. ബംഗ്ലൂരു നഗരത്തില്‍ യലഹങ്ക ആസ്ഥാനമാക്കി ലഹരി വിപണനം നടത്തുന്ന അധോലോക സംഘത്തിലുള്ളവരാണ് പിടിയിലായത്. സുഡാന്‍ സ്വദേശി ഫാരിസ് മൊക്തര്‍ ബാബികര്‍ അലി (29), ഒപ്പം താമസിച്ചിരുന്ന പലസ്തീന്‍ സ്വദേശി ഹസൈന്‍ (29) എന്നിവരെ 350 ഗ്രാം എംഡിഎംഎ സഹിതമാണു പിടികൂടിയത്.
◾ഹാഷിഷ് ഓയിലുമായി സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ആലപ്പുഴ പഴവീട് പഴയംപള്ളിയില്‍ ആല്‍ബിന്‍ ആന്റണിയാണ് രണ്ടര ഗ്രാം ഹാഷിഷ് ഓയിലുമായി ദേവികുളം പോലീസിന്റെ പിടിയിലായത്. ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടാഗ്രാഫറായിരുന്നു.
◾മത്സ്യബന്ധന വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. മൂന്നു പേര്‍ക്കു പരിക്കേറ്റു. ഹരിപ്പാട് അഴീക്കല്‍നിന്നു പോയ മകരമത്സ്യം വള്ളത്തിലെ നമശിവായം മകന്‍ സാലി വാഹനനെയാണ് (57) കാണാതായത്.
◾ഇടുക്കി പാറത്തോട് ഇരുമലകപ്പില്‍നിന്നു കാണാതായ വിദ്യാര്‍ത്ഥിയെ വീടിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആല്‍ബര്‍ട്ട് ബിനോയി (12) ആണ് മരിച്ചത്.
◾കൊല്ലം കോര്‍പറേഷനിലെ വനിതാ കൗണ്‍സിലറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ശക്തികുളങ്ങര സ്വദേശി ബെന്‍ റൊസാരിയോ ആണ് അറസ്റ്റിലായത്. മദ്യ ലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചിട്ടതു ചോദ്യം ചെയ്ത ആലാട്ടുകാവ് ഡിവിഷന്‍ കൗണ്‍സിലര്‍ ആശയുടെ കാലിലൂടെ വാഹനം കയറ്റിയിറക്കിയെന്നാണു കേസ്. നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പ്രതിയെ ശക്തികുളങ്ങര പൊലീസിനു കൈമാറിയത്.
◾വീടിനു ദോഷം മാറാന്‍ സ്വര്‍ണക്കുരിശ് നിര്‍മിച്ചു തരാമെന്നുപറഞ്ഞ് വീട്ടമ്മയില്‍നിന്ന് 21 പവന്‍ സ്വര്‍ണം തട്ടിയെടുത്ത രണ്ടു സ്ത്രീകളെ അറസ്റ്റു ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച പത്തനംതിട്ട പള്ളിക്കല്‍ സ്വദേശിനി ദേവി (35), കൊല്ലം കലയപുരം സ്വദേശിനി സുമതി (45) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾പാലക്കാട് ഒമ്പതര കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ അറസ്റ്റിലായി. മുനിഗുഡ സ്വദേശികളായ ജയന്ത് നായക് (19), രാജേന്ദ്ര ലിമ (19) എന്നിവരാണു പിടിയിലായത്. ഒഡീഷയിലെ രായഗഡയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്.
◾വില്‍പ്പനക്കെത്തിച്ച ഒമ്പതര കിലോ കഞ്ചാവുമായി രണ്ടു പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്തു. അലനല്ലൂര്‍ സ്വദേശികളായ ചെറുക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48)എന്നിവരാണ് പിടിയിലായത്.
◾ദളിതര്‍ ക്രൈസ്തവ, മുസ്ലിം മതം സ്വീകരിച്ചാലും പട്ടികജാതി പദവി തുടരണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം സുപ്രീംകോടതിയില്‍. തൊട്ടുകൂടായ്മയും അവഗണയുമാണ് എസ് സി വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനമെന്നാണു സര്‍ക്കാര്‍ വാദം. ക്രൈസ്തവ, ഇസ്ലാം മതങ്ങളിലേക്കു മാറിയവര്‍ക്കു തൊട്ടുകൂടായ്മ ഇല്ലാത്തതിനാല്‍ അവര്‍ക്കു പട്ടികജാതി പദവി നല്‍കരുതെന്നാണ് സര്‍ക്കാരിന്റെ വാദം. മതം മാറിയാലും പട്ടികജാതി പദവി നല്‍കണമെന്ന രംഗനാഥ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍.
◾ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ്ടും ചൈനീസ് ചാരക്കപ്പല്‍. ഇന്ത്യ അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്താനിരിക്കെയാണ് ചൈനീസ് ചാരക്കപ്പല്‍ എത്തിയത്.
◾അഴിമതിക്കാരും വികസന വിരോധികളുമായ കോണ്‍ഗ്രസിനെ എല്ലാ സംസ്ഥാനങ്ങളും കൈവിട്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചല്‍ പ്രദേശില്‍. ശനിയാഴ്ച വോട്ടെടുപ്പു നടക്കാനിരിക്കേ പ്രചാരണ സമ്മേളനങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു മോദി. കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്തുള്ള ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ തുടരണമെന്നും മോദി ചാമ്പിയിലെ റാലിയില്‍ പ്രസംഗിച്ചു. ഇന്നും മോദി ഹിമാചലില്‍ തുടരും. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ട്.
◾ഹിമാചല്‍ പ്രദേശില്‍ മത്സരത്തില്‍നിന്നു പിന്മാറണമെന്ന് വിമത നേതാവിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട ഫോണ്‍ സംഭാഷണം പുറത്തുവിട്ട് വിമത സ്ഥാനാര്‍ത്ഥി കൃപാല്‍ പര്‍മര്‍. മോദി ഒക്ടോബര്‍ 30 ന് വിളിച്ചെന്നാണു കൃപാല്‍ പര്‍മര്‍ പറയുന്നത്. എന്നാല്‍ വിളിച്ചെന്നോ ഇല്ലെന്നോ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.
◾കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അഞ്ചു വര്‍ഷത്തെ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്. നേതാക്കളുടെ പ്രവര്‍ത്തനം കൃത്യമായി അവലോകനം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
◾പതിനയ്യായിരം കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് മോദിയുടെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. തന്നെ ഇന്ത്യക്കു കൈമാറരുതെന്ന ഹര്‍ജിയാണു തള്ളിയത്. ഉടന്‍തന്നെ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും.
◾സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ നിയമസഭാംഗത്വം റദ്ദാക്കിയതിനെത്തുടര്‍ന്ന് ഒഴിവായ രാംപൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നീട്ടിവയ്ക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷനോടു സുപ്രീം കോടതി. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് നിയമസഭാഗംത്വം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള അസംഖാന്റെ ഹര്‍ജി ഇന്ന് രാംപൂര്‍ കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
◾ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാതിരുന്നതിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. പ്രധാനമന്ത്രിയുടെ നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി നാളേയും ശനിയാഴ്ചയുമായി കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നു. നാളെ രാവിലെ ബംഗളൂരുവിലെ കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസും ഭാരത് ഗൗരവ് കാശി ദര്‍ശന്‍ ട്രെയിനും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബംഗളൂരുവിലെ പരിപാടികളില്‍ ആളെക്കൂട്ടാന്‍ പിയുസി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്കു കത്തു നല്‍കി. വിവാദമായതോടെ കത്ത് പിന്‍വലിച്ചു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കോളജ് പ്രിന്‍സിപ്പലിനെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞുകൊണ്ടായിരുന്നു കത്ത്.
◾രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കു വൈദ്യ പരിശോധന നിര്‍ബന്ധമാക്കുന്നു. പ്രായമായവര്‍ക്കും ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കുമാണ് പരിശോധന നടത്തുക. യാത്രാസംഘത്തിലെ സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെ കുഴഞ്ഞ് വീണ് മരിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് മഹാരാഷ്ട്ര പി സി സി അധ്യക്ഷന്‍ അശോക് ചവാന്‍ വ്യക്തമാക്കി.
◾ഭീമാ കൊറേഗാവ് കേസില്‍ 2018 മുതല്‍ വിചാരണ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെ (73) വീട്ടുതടങ്കലിലേക്കു മാറ്റിയേക്കും. ആരോഗ്യനില കണക്കിലെടുത്ത് അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്നു വിധി പറയും.
◾നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എകൂടി ബിജെപിയില്‍ ചേര്‍ന്നു. സൗരാഷ്ട്രയിലെ നേതാവും എംഎല്‍എയുമായ ബരാഡാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടിയ കോണ്‍ഗ്രസില്‍ ഇപ്പോള്‍ 66 എംഎല്‍എമാരേയുള്ളൂ.
◾മറ്റൊരു സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടിയെ പ്രണയിച്ച മകളെ കുളത്തിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ബല്ലാരി ജില്ലയില്‍ മകളെ കൊന്നതിന് ഓംകാര്‍ ഗൗഡ എന്നയാളാണ് അറസ്റ്റിലായത്.
◾ഫേസ് ബുക്ക് കമ്പനിയായ മെറ്റയില്‍ 11,000 ലേറെ പേരെ പിരിച്ചുവിടുമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കമ്പനിയിലെ പതിമ്മൂന്നു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം.
◾ബ്രിട്ടീഷ് രാജാവ് ചാള്‍സിനും ഭാര്യ കാമിലക്കും നേരെ മുട്ടയേറ്. വടക്കന്‍ ഇംഗ്ലണ്ടില്‍ വിവാഹ നിശ്ചയ ചടങ്ങിനിടെയാണ് ഇരുവര്‍ക്കുമെതിരെ മുട്ടയേറുണ്ടായത്. മുട്ട ഇരുവര്‍ക്കും അരികിലായി നിലത്തു വീണു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.
◾കിവികളുടെ ചിറകരിഞ്ഞ് പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍. ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ 7 വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 57 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും 53 റണ്‍സ് നേടിയ ബാബര്‍ അസമും പാകിസ്ഥാന്റെ വിജയം അനായസമാക്കി.
◾ട്വന്റി20 ബാറ്റര്‍മാരുടെ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ കളിക്കാരില്‍ മറ്റൊരു കളിക്കാരനും ആദ്യ പത്തിലില്ല. കോലി ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്. പാക് താരം മുഹമ്മദ് റിസ്വാനാണ് രണ്ടാം സ്ഥാനത്തുള്ളത്. ന്യൂസീലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വെ മൂന്നാം സ്ഥാനത്താണുള്ളത്. അതേസമയം ബൗളര്‍മാരുടെ റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരവുമില്ല.
◾ട്വന്റി20 ലോകകപ്പിന്റെ രണ്ടാമത്തെ സെമിഫൈനലില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനോടേറ്റുമുട്ടും. അഡലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 നാണ് മത്സരം ആരംഭിക്കുക.
◾ടെസ്ലയുടെ ഓഹരികളില്‍ ചാഞ്ചാട്ടമുണ്ടായതിനാല്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തി 200 ബില്യണ്‍ ഡോളറിനു താഴെയായി. ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി ഇപ്പോള്‍ 194.8 ബില്യണ്‍ ഡോളറാണ്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ടെസ്ല ഉള്‍പ്പെടെയുള്ള കമ്പനികളില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ കുറയുന്നുവെന്ന നിക്ഷേപകരുടെ ആശങ്കയാണ് ഇടിവിന് കാരണമായത്. 622 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ടെസ്ലയിലെ മസ്‌കിന്റെ ഏകദേശം 15 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒരു വലിയ പങ്ക്. ഏപ്രിലില്‍ അദ്ദേഹം ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ച ശേഷം ശേഷം ടെസ്ലയ്ക്ക് അതിന്റെ വിപണി മൂല്യത്തിന്റെ പകുതിയോളം നഷ്ടപ്പെട്ടു, കൂടാതെ അതിന്റെ ആകെ മൂല്യം 70 ബില്യണ്‍ ഡോളര്‍ കുറയുകയും ചെയ്തിരുന്നു.
◾ജിമെയില്‍ അടിമുടി പരിഷ്‌കരിക്കാരത്തിന് ഒരുങ്ങി ഗൂഗിള്‍. നിലവില്‍ ഉപയോക്താവിന് ലഭ്യമാകുന്ന ജിമെയിലിന്റെ ഒറിജിനല്‍ വ്യൂ മാറ്റിയാണ് പുതിയ പരിഷ്‌കാരം. പഴയ രൂപത്തിലേക്ക് തിരികെ പോകാന്‍ കഴിയാത്തവിധം പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സ് ആണ് നിലവില്‍ വരിക. ഈ മാസം തന്നെ ഇത് ഡിഫോള്‍ട്ട് വ്യൂ ആയി നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ചാറ്റ് തെരഞ്ഞെടുത്തവര്‍ക്ക് തുടര്‍ന്ന് സന്ദേശങ്ങള്‍ ലഭിക്കും. എന്നാല്‍ ഇന്റഗ്രേറ്റഡ് വ്യൂവിലായിരിക്കും ഇത് ലഭ്യമാവുക. ഇതില്‍ ജിമെയിലിന് പുറമേ, ചാറ്റ്, സ്‌പേസസ്, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയും സജ്ജമാക്കും. വിന്‍ഡോയുടെ ഇടത് ഭാഗത്താണ് ഇത് ക്രമീകരിക്കുക. വിവിധ സേവനങ്ങള്‍ ഒറ്റ കുടക്കീഴിലില്‍ ലഭ്യമാവുന്നത് ഉപയോക്താവിന് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
◾അജയ് ദേവ്ഗണ്‍ നായകനാകുന്ന 'ദൃശ്യം 2' നവംബര്‍ 18ന് ചിത്രം തിയറ്ററുകളില്‍ എത്തും. 'ദൃശ്യം 2'വിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. 'വിജയ് സാല്‍ഗോന്‍കറാ'യിട്ടാണ് ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അഭിനയിക്കുന്നത്. 'ദൃശ്യം 2'വില്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.
◾വിരുമന്‍ , പൊന്നിയിന്‍ സെല്‍വന്‍, സര്‍ദാര്‍ ഹാട്രിക് വിജയം നേടിയ കാര്‍ത്തിയുടെ 25-ാമത്തെ ചിത്രത്തിന് ജപ്പാന്‍ എന്നു പേരിട്ടു. വ്യത്യസ്ത രൂപ ഭാവത്തിലെ നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായിക. ഇടവേളക്കുശേഷം അനു ഇമ്മാനുവല്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ജപ്പാന്‍. പൊന്നിയന്‍ സെല്‍വനിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്രിയ രവി വര്‍മനാണ് ഛായാഗ്രാഹകന്‍. ഡ്രീം വാരിയര്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമായ ജപ്പാന്‍ ബ്രഹ്‌മാണ്ഡ സിനിമയായാണ് ഒരുങ്ങുന്നത്. തെലുങ്കില്‍ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും ശ്രദ്ധേയനായ സുനില്‍ തമിഴ് അരങ്ങേറ്റം നടത്തുന്നു. ഛായഗ്രാഹകന്‍ വിജയ് മില്‍ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം.
◾ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഐഗോവൈസ് മൊബിലിറ്റി ഇലക്ട്രിക് ബൈക്കായ ട്രിഗോ ബിഎക്‌സ് 4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2023 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ കമ്പനി ഈ ഇലക്ട്രിക് ബൈക്ക് അവതരിപ്പിക്കും. ഒരേ ബാറ്ററി വലുപ്പത്തിലും മൂന്ന് വ്യത്യസ്ത വേരിയന്റുകളിലും ശ്രേണികളിലും ട്രിഗോ ബിഎക്‌സ് 4 വരും. പരമാവധി 180 എന്‍എം ടോര്‍ക്കും മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയുമാണ് ട്രൈഗോയ്ക്ക് ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു. മികച്ച സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് ട്രിഗോ ബിഎക്‌സ് 4 രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 145 കിലോമീറ്റര്‍ റേഞ്ച് ഈ ഇലക്ട്രിക് ബൈക്ക് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ബൈക്കിന്റെ പ്രാരംഭ വില 1.1 മുതല്‍ 1.2 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്.
◾ലാറ്റിനമേരിക്കന്‍ സാഹിത്യവുമായുള്ള മലയാളിയുടെ ആത്മബന്ധത്തിന്റെ തെളിച്ചമേറിയ അടയാളമാണ് യോസ. കത്തീഡ്രലിലെ സംഭാഷണം, ആടിന്റെ വിരുന്ന്, രണ്ടാനമ്മയ്ക്ക് സ്തുതി എന്നീ കൃതികളിലൂടെ നമ്മുടെ വായനാലോകത്തെ അപനിര്‍മിച്ച നൊബേല്‍ സമ്മാനജേതാവ് മരിയോ വര്‍ഗാസ് യോസയുടെ ജീവിതവു എഴുത്തും ചരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ പഠനഗ്രന്ഥം. 'മരിയോ വര്‍ഗാസ് യോസ' - ആഖ്യാനമാര്‍ഗങ്ങളുടെ ഐന്ദ്രജാലികന്‍. രാജന്‍ തുവ്വാര. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 190 രൂപ.
◾സ്‌കൂളില്‍ പോകുന്ന തിരക്കിനിടയില്‍ കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിക്കാതെ പോകുന്ന പതിവുണ്ട്. ഈ ശീലം നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. സ്‌കൂളില്‍ പോകുന്ന സമയത്തിന് അനുസരിച്ച് വേണം കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം ക്രമീകരിക്കാന്‍. കുട്ടിക്ക് ഒരു ദിവസം വേണ്ട ഊര്‍ജത്തിന്റെയും മറ്റ് പോഷകങ്ങളുടെയും മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തില്‍ നിന്ന് ലഭിക്കണം. പോഷകക്കുറവ് വിളര്‍ച്ചയ്ക്കും വളര്‍ച്ചാക്കുറവിനും കാരണമാകും. മെറ്റബോളിസം കുറയുന്നത് അമിതവണ്ണത്തിനും കൊളസ്‌ട്രോളിനും ഇടയാക്കുന്നു. പ്രഭാതഭക്ഷണം കുറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴും. ഇങ്ങനെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ കുറയാനും ന്യൂറോണുകള്‍ക്ക് അപചയം സംഭവിക്കാനും സാദ്ധ്യതയുണ്ട്. ആവിയില്‍ വേവിച്ച ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്. പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ രക്തത്തിലെ റ്റൈറോസിന്‍ (അമിനോ ആസിഡ്) അളവിനെ വര്‍ദ്ധിപ്പിച്ച് കുട്ടികളുടെ തലേച്ചാറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോ ന്യൂട്രിയന്‍സുകള്‍ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും. ചീര, പിങ്ക് കാബേജ്, കാരറ്റ്, ബീറ്റ്‌റൂട്ട്, മഞ്ഞനിറത്തിലുള്ള പഴങ്ങള്‍ (മാങ്ങ, പപ്പായ, പൈനാപ്പിള്‍) ഇവയിലുള്ള കരോട്ടിനും വിറ്റമിന്‍ എ യും കുട്ടികളുടെ കാഴ്ച ശക്തിയെ സംരക്ഷിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
1974 ലാണ് അവന്‍ ജനിച്ചത്. അച്ഛന്‍ ഒരു സിനിമാസംവിധായകനും അമ്മ ഒരു ഗായികയുമായിരുന്നു. അവന് ഒരു അനിയത്തിയുണ്ടായിരുന്നു. അനിയത്തിയുടെ അകാലമരണം അവനെ ഡിപ്രഷനിലെത്തിച്ചു. സ്‌കൂളില്‍ വളരെ അധികം ആക്ടീവായ ആ കുട്ടി തീര്‍ത്തും മൗനിയായി മാറി. അവന്റെ ഈ സ്വഭാവം മാറ്റിയെടുക്കാന്‍ വേണ്ടി അച്ഛന്‍ അവനെ ഒരു സിനിമയില്‍ ബാലതാരമായി അഭിനയിപ്പിച്ചു. ക്യാമറയ്ക്ക് മുന്നില്‍ അവന്‍ സന്തോഷവാനും ചുറുചുറുക്കും ഉളളവനായിരുന്നു. എന്നാല്‍ ക്യാമറ ഓഫാകുന്നതോടെ നേരെ പഴയ അവസ്ഥയില്‍ തിരിച്ചെത്തി. കോളേജ് വിദ്യാഭ്യാസകാലത്ത് വീണ്ടും സിനിമയുടെ ഭാഗമാകാന്‍ അവന്‍ ആഗ്രഹം പ്രകടപ്പിച്ചു. തന്റെ ആഗ്രഹം ആദ്യം അറിയിച്ചതും അച്ഛനെ തന്നെയാണ്. അദ്ദേഹം മകനെ പരമാവധി പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കോളേജ് വിദ്യഭ്യാസം പാതിവെച്ച് ഉപേക്ഷിച്ച് അവന്‍ സിനിമയിലേക്ക് എത്തി. ആദ്യ സിനിമ അമ്പേ പരാജയമായിരുന്നു. അഭിനയിക്കാന്‍ അറിയാത്തവന്‍ എന്നും സിനിമാനടനാകാനുള്ള ഭംഗിയില്ലാത്തവന്‍ എന്നെല്ലാം നിരവധി ആക്ഷേപങ്ങള്‍ അവനെ തേടിയെത്തി. പക്ഷേ അവന്‍ തോല്‍ക്കാന്‍ തയ്യാറായില്ല. വീണ്ടും നിരവധി സിനിമകളുടെ ഭാഗമായി. 2004 ല്‍ പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രത്തോടെ അദ്ദേഹം സ്വന്തം സിംഹാസനം സ്വയം രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങള്‍. തന്റെ അഭിനയ മികവുകൊണ്ട് , തനതായ ശൈലികൊണ്ട് തന്നെ വിമര്‍ശിച്ചവരെയൊക്കെ മാറിചിന്തിപ്പിച്ചു. ഫോബ്‌സ് മാസികയിലെ സമ്പന്നസിനിമാ താരങ്ങളുടെ പട്ടികയില്‍ ഏറെക്കാലം അദ്ദേഹം മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. വിജയ് ജോസഫ് ചന്ദ്രശേഖറെന്ന വ്യക്തി ദളപതി വിജയ് ആയതിന് പിന്നില്‍ നിരന്തര പരിശ്രമങ്ങളും കഠിനാധ്വാനവും തന്നെയായിരുന്നു. അദ്ദേഹം തന്റെ ജീവിതം കൊണ്ട് പറയുന്നതും ഇതുതന്നെയാണ് - വിജയത്തിന് കുറുക്കുവഴികളില്ല... - ശുഭദിനം.
മീഡിയ 16