*പ്രഭാത വാർത്തകൾ* 2022 നവംബർ 09ബുധൻ

◾വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനു ഹൈക്കോടതിയുടെ ചെക്ക്. അന്തിമ ഉത്തരവുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്തു വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടപെടല്‍. ഗവര്‍ണര്‍ ഹിയറിംഗിനു വിളിച്ചാല്‍ പോകണോയെന്നു വൈസ് ചാന്‍സലര്‍മാര്‍ക്കു തീരുമാനിക്കാം. ക്രിമിനല്‍ എന്നു വിളിച്ച ഗവര്‍ണര്‍ക്കു മുന്നില്‍ ഹിയറിംഗിനു പോകാന്‍ താല്പര്യമില്ലെന്നു കണ്ണൂര്‍ വിസി അറിയിച്ചു. കോടതിയില്‍ പരസ്പരം ചെളി വാരിയെറിയാന്‍ ശ്രമിക്കരുതെന്നും ചാന്‍സലറെ അനുസരിക്കേണ്ടിവരുമെന്നും കോടതി. 

◾വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില 240 രൂപ വര്‍ധിപ്പിച്ചു. ഡീലര്‍മാര്‍ക്കു നല്‍കിയിരുന്ന ഇന്‍സെന്റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചതോടെയാണു വിലവര്‍ധന.

◾കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്കു ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്കുകൂടി അര്‍ഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിറ്റുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി.


◾ലോക ജനസംഖ്യ 800 കോടിയിലേക്ക്. നവംബര്‍ 15 -ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷവും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തും. 2080 ല്‍ ജനസംഖ്യ 1040 കോടിയില്‍ എത്തുന്നതുവരെ വര്‍ദ്ധന തുടരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.

◾ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്നു മാറ്റാനുള്ള ബില്‍ ഡിംസബറിലെ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാന്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. ഗവര്‍ണര്‍ക്കു പകരം ആരെ ചാന്‍സലര്‍ ആക്കണമെന്നു ധാരണയായിട്ടില്ല. നിയമ സര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കാന്‍ ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ബില്‍ അവതരിപ്പിക്കേണ്ടിവരും.

◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് താന്‍ തയാറാക്കിയതല്ലെന്നും തന്റെ ഒപ്പ് സ്‌കാന്‍ ചെയ്ത് വ്യാജമായി മറ്റാരോ തയാറാക്കിയതാണെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയിലാണ് ഈ വിവരം. നിയമനത്തിനായി ശുപാര്‍ശ അറിയിക്കാറില്ലെന്നും അങ്ങനെയൊരു കത്ത് നല്‍കാന്‍ ആരോടും നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മേയര്‍ മൊഴി നല്‍കി.

◾സ്‌കൂളുകളിലെ പാചകത്തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാന്‍ 167 കോടി രൂപ അനുവദിച്ചു. 95 കോടി രൂപ കൂടി വൈകാതെ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ശമ്പളം കിട്ടാതെ പാചകത്തൊഴിലാളികള്‍ പണിമുടക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് പണം അനുവദിച്ചത്.

◾ഡോ. എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശലയുടെ താത്കാലിക വൈസ് ചാന്‍സലറായി വിദ്യാഭ്യാസ വകുപ്പു സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസി തോമസിനെ ഗവര്‍ണര്‍ നിയമിച്ചതു സ്റ്റേ ചെയ്യില്ലെന്നു ഹൈക്കോടതി. ഇടക്കാല ഉത്തരവും ഇല്ല. യുജിസിയെ കക്ഷി ചേര്‍ക്കും. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഇങ്ങനെ നിലപാടെടുത്തത്.  

◾സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയ കെഎസ്ആര്‍ടിസി പാറശാല ഡിപ്പോയില്‍ വരുമാന വര്‍ധനയെന്ന് കെഎസ്ആര്‍ടിസി. ദിവസേന ശരാശരി 80,000- 90,000 രൂപ വരെ വരുമാനം വര്‍ധിച്ചെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരായ ഹര്‍ജിയിലാണ് കെഎസ്ആര്‍ടിസി വിശദീകരണം നല്‍കിയത്.

◾സ്‌കോട്ട്ലന്‍ഡ്യാഡിനെ വെല്ലുന്ന കേരള പൊലീസ് എ.കെ.ജി സെന്ററില്‍ അടിമപ്പണിക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമനങ്ങള്‍ സിപിഎമ്മിനു വിട്ടുകൊടുത്തതിനെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ ഡി.വൈ.എഫ്‌ഐയും സി.പി.എമ്മും ഇറങ്ങിയിരിക്കുകയാണ്. പാര്‍ട്ടി തന്നെ കോടതിയും പൊലീസും പബ്ലിക് സര്‍വീസ് കമ്മിഷനും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചും ആയിരിക്കുകയാണ്. പോലീസിന്റെ ഒത്താശയോടെയാണ് പ്രിന്‍സിപ്പലിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

◾ഇ ചന്ദ്രശേഖരനും പി.പി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാര്‍. 21 അംഗ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ആര്‍ രാജേന്ദ്രന്‍, ജി.ആര്‍ അനില്‍, കെ.കെ അഷ്റഫ്, കമല സദാനന്ദന്‍ സി.കെ ശശിധരന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍.

◾സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ മൂന്നു പേരെ ഒഴിവാക്കിയും പകരം മൂന്നു പേരെ ഉള്‍പ്പെടുത്തിയും അഴിച്ചുപണി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ വത്സന്‍ പനോളി, പി ശശി, എന്‍ ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയത്. കെ.വി സക്കീര്‍ ഹുസൈന്‍, കെ.പി സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി സുമേഷിനെയും സി സത്യപാലനെയും ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി.

◾തിരുവനന്തപുരം മേയര്‍ക്കെതിരേ വീടിനു മുന്നില്‍ കരിങ്കൊടി കാണിച്ച മൂന്നു കെഎസ്യു പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. സമീപത്തുണ്ടായിരുന്ന പൊലീസ് ഇടപെടുന്നതിനു മുമ്പേയായിരുന്നു മേയര്‍ക്കു സംരക്ഷണം നല്‍കാനെത്തിയ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചത്. പിന്നീട് പൊലീസ് കെഎസ്യുക്കാരെ അറസ്റ്റു ചെയ്തു.

◾ഈ മാസം 19 ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നവരെ വേട്ടയാടുന്നെന്ന് ആരോപിച്ച് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണു പണിമുടക്ക് പ്രഖ്യാപിച്ചത്.

◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി. ആറാം പ്രതി നിഖില്‍ സോമന്‍, ഏഴാം പ്രതി ജിതിന്‍ ലാല്‍ എന്നിവരാണ് പോലീസില്‍ കീഴടങ്ങിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ നേരത്തെ കീഴടങ്ങിയിരുന്നു.

◾കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മേയര്‍ക്കു കരിങ്കൊടി കാണിച്ച കെ എസ് യു പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദിച്ചതിനു പൊലീസ് കൂട്ടുനിന്നു. കെഎസ്യു പ്രവര്‍ത്തകരെ കയ്യാമംവച്ച പൊലീസ് അക്രമികളായ സിപിഎമ്മുകാരെ അറസ്റ്റു ചെയ്തില്ലെന്നും സുധാകരന്‍ പറഞ്ഞു.

◾കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിച്ച മെസി, നെയ്മര്‍, റൊണാള്‍ഡോ കട്ടൗട്ടുകള്‍ ഫിഫ ട്വീറ്റ് ചെയ്തു. ഫുട്ബോള്‍ ആവേശത്തെ പുകഴ്ത്തിയുള്ള ഫിഫയുടെ ട്വീറ്റിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുഴയില്‍ ആരാധകപ്പോരിന് ഇടയാക്കിയ കട്ടൗട്ടുകള്‍ ഫിഫ ഷെയര്‍ ചെയ്തതിന്റെ ആവേശത്തിലാണ് പുള്ളാവൂരിലെ ഫുട്ബോള്‍ ആരാധകര്‍.

◾മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ എത്തിയതോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പു നല്‍കി. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. സെക്കന്റില്‍ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്. 525 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

◾വര്‍ക്കല പാപനാശം ബീച്ചില്‍ ബലി മണ്ഡപത്തിനുസമീപം കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു. തിരമാലകള്‍ ഇല്ലാതാകുകയും ചെയ്തു. ഇതൊരു പ്രാദേശിക പ്രതിഭാസം മാത്രമാണെന്നാണ് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് വ്യക്തമാക്കിയത്. പ്രാദേശികമായ കാറ്റുകൊണ്ടോ ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസമെന്നും അധികൃതര്‍ വ്യക്തമാക്കി.

◾സ്വന്തം പ്രീതിയനുസരിച്ചുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍. സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും ഉപദേശമനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷക സംഘടന നടത്തിയ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിംഗ് കോണ്‍സലും രാജിവച്ചു. അഡ്വ. ജയ്ജുബാബുവും ഭാര്യ അഡ്വ. ലക്ഷ്മിയുമാണ് രാജിവച്ചത്. വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി വിലക്കി ഹൈക്കോടതി ഉത്തരവിട്ടതിനു പിറകേയാണ് രാജിവച്ചത്.

◾ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി വ്യാഴാഴ്ച വരെ നീട്ടി. എംഎല്‍എയെ ചോദ്യം ചെയ്യാനും കൂടുതല്‍ തെളിവെടുപ്പിനും കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഉത്തരവ്.

◾സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഇന്നു ഡിജിപി ഓഫീസിലേക്കു മാര്‍ച്ച് നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി അറിയിച്ചു.

◾കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഈ മാസം 16 ന് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.

◾കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നാലു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്.

◾കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിദേശത്ത് തീവ്രവാദ സംഘടനകളില്‍ ചേര്‍ത്തെന്നു പ്രചരിപ്പിക്കുന്ന ഹിന്ദി സിനിമയ്ക്കെതിരേ കേസ്. ആദാ ശര്‍മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കേരളാ സ്റ്റോറി' എന്ന സിനിമക്കെതിരേയാണു പരാതി. സിനിമ ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണു റിപ്പോര്‍ട്ട്. കേരളത്തെപ്പറ്റി വ്യാജപ്രചരണം നടത്തുന്നു എന്നാരോപിച്ച് തമിഴ്നാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി.  

◾ഇടുക്കി ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കുളിലെ രണ്ടു വിദ്യാര്‍ത്ഥിനികളെ തിങ്കളാഴ്ച മുതല്‍ കാണാനില്ല. സ്‌കൂളിലേക്കു പോയ പത്തിലും ഒന്‍പതിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ ക്ലാസിലെത്തിയില്ല. ഇടുക്കി ചപ്പാത്ത് ആറാം മൈല്‍ സ്വദേശി ജെയിംസിന്റെ മകള്‍ അര്‍ച്ചന, ചീന്തലാര്‍ സ്വദേശി രാമചന്ദ്രന്റെ മകള്‍ അഹല്യ എന്നിവരെയാണ് കാണാതായത്. പോലീസും ബന്ധുക്കളും അന്വേഷണം ആരംഭിച്ചു.

◾കടുത്തുരുത്തിയില്‍ പ്രവാസി മലയാളിയുടെ കുടിവെള്ള ബോട്ടിലിംഗ് കമ്പനി ജപ്തി ചെയ്യാന്‍ കോടതി ഉത്തരവുമായി എത്തിയ ബാങ്ക് മാനേജരും കോടതി കമ്മീഷനായ അഭിഭാഷകനും തമ്മില്‍ വാഗ്വാദവും കൈയേറ്റ ശ്രമവും. സ്ഥാപനമുടമയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ അറസ്റ്റ് ചെയ്തും ജപ്തി നടത്തണമെന്നു ബാങ്ക് മാനേജരുടെ ശാഠ്യത്തിനു അഭിഭാഷക കമ്മീഷന്‍ വഴങ്ങാതിരുന്നതാണ് തര്‍ക്കത്തിനും കൈയേറ്റ ശ്രമത്തിനും ഇടയാക്കിയത്. ഒടുവില്‍ അഭിഭാഷക കമ്മീഷന്‍ ജപ്തി നടത്താതെ മടങ്ങി. മധുരവേലിയില്‍ പി.കെ. എബ്രഹാമിന്റെ ഹോണ്‍ബില്‍ എന്ന കുടിവെള്ള കമ്പനിയാണ് ജപ്തി ഭീഷണിയിലുള്ളത്.

◾ഇടുക്കി ശാന്തന്‍പാറയില്‍ സിപിഎം പ്രവര്‍ത്തകരായ അച്ഛനും മകനും വെട്ടേറ്റു. കൂന്തപ്പനതേരി സ്വദേശികളായ പരമശിവനും മകന്‍ കുമാര്‍ എന്ന കുട്ടനുമാണ് വെട്ടേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സിപിഎം.

◾കാറിന്റെ പിറകില്‍ ഇടിച്ച മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനായ യുവാവ് അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിന് വനിത ഡോക്ടറെയും കുടുംബത്തെയും ഒരു സംഘമാളുകള്‍ കയ്യേറ്റം ചെയ്തതായി പരാതി. മലപ്പുറം ആലത്തൂര്‍പടിയിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ഡോക്ടര്‍ ഐശ്വര്യയ്ക്കാണ് ദുരനുഭവം.

◾ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്കു പത്തു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ഓട്ടോ ഡ്രൈവറായ കളമശേരി കൂനംതൈ ഭാഗം മധുകപ്പിള്ളി വീട്ടില്‍ രാജീവിനെയാണ് (44) എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരിലാണു കേസിനാസ്പദമായ സംഭവം.

◾വിജിലന്‍സ് സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ ബലാല്‍സംഗ കേസ്. വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍-2 ലെ പൊലീസുകാരനായ സാബു പണിക്കര്‍ക്കെതിരെയാണ് തിരുവനന്തപുരം അരുവിക്കര പൊലീസ് കേസെടുത്തത്. നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്.

◾വിദ്യാര്‍ഥിനികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് മാള പുത്തന്‍ചിറ സ്വദേശി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം സരിത്തിനെതിരേ കേസ്. സിപിഎം പൊരുമ്പകുന്നു ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.

◾എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ എംബസി അധികൃതര്‍ ഭക്ഷണവും വെള്ളവും എത്തിച്ചു. ജീവനക്കാരെ കാണാന്‍ എംബസി അധികൃതരെ സൈന്യം അനുവദിച്ചില്ല. ഏകദേശം പതിനൊന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് ഇവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചത്.

◾ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ഇന്ത്യ താമരയും വസുധൈവ കുടുംബകവും ഉള്‍പെടുത്തി പുതിയ ലോഗോയും വെബ് സൈറ്റും പുറത്തിറക്കി. ലോഗോ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. വസുധൈവ കുടുംബകം ലോകത്തോടുള്ള ഇന്ത്യയുടെ അനുകമ്പയേയും താമര ലോകത്തെ ഐക്യപ്പെടുത്തുന്നതിനേയുമാണു സൂചിപ്പിക്കുന്നതെന്നു മോദി പറഞ്ഞു.

◾സാമ്പത്തിക സംവരണം ശരിവച്ചുള്ള സുപ്രീം കോടതി വിധിക്കെതിരേ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നു തമിഴ്നാട് സര്‍ക്കാര്‍. വിധി പരിശോധിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചു. സംവരണം തുടരണോ എന്ന് പരിശോധിക്കണമെന്ന സുപ്രീം കോടതി നീരീക്ഷണങ്ങള്‍ ചോദ്യം ചെയ്യണമെന്നു പിന്നാക്ക വിഭാഗ സംഘടനകള്‍ തീരുമാനിച്ചു.

◾ഡല്‍ഹിയില്‍ ഭൂചലനം. പുലര്‍ച്ചെ രണ്ട് മണിയോടെ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നു നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി.

◾ഫോബ്‌സിന്റെ 2022 ലെ ഏഷ്യന്‍ പവര്‍-വുമണ്‍ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍. ഏഷ്യയിലെ 20 ബിസിനസ് വനിതകളുടെ പട്ടികയില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍പേഴ്സണ്‍ സോമ മൊണ്ടല്‍, എംക്യൂര്‍ ഫാര്‍മയുടെ ഇന്ത്യ ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നമിത ഥാപ്പര്‍, ഹൊനാസ കണ്‍സ്യൂമറിന്റെ സഹസ്ഥാപകയും ചീഫ് ഇന്നൊവേഷന്‍ ഓഫീസറുമായ ഗസല്‍ അലഗ് എന്നിവരാണുള്ളത്.

◾കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സിവില്‍ കോടതി ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. പകര്‍പ്പവകാശ പരാതി ഉയര്‍ന്ന വീഡിയോകള്‍ കോണ്‍ഗ്രസ്തന്നെ പിന്‍വലിച്ചതിനാലാണ് ഹൈക്കോടതി ഉത്തരവ്.

◾ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെയാണ് മരിച്ചത്. ജോഡെ യാത്രയ്ക്കിടെ മുംബൈയിലായിരുന്നു അന്ത്യം.

◾ഗിനിയയില്‍ തടവിലാക്കപ്പെട്ട കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ നടപടികള്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി കേന്ദ്ര തുറമുഖ വകുപ്പുമന്ത്രിക്കു കത്ത് നല്‍കി.

◾വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാന്‍ അധ്യാപിക ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. രാജസ്ഥാനിലെ ഭാരത്പുരിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറായ മീരയാണ് കാമുകിയായ വിദ്യാര്‍ഥിനി കല്‍പന ഫൗസിദാറിനെ കല്യാണം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.

◾റഷ്യയുമായുള്ള വാണിജ്യ പങ്കാളിത്തത്തില്‍നിന്നു പിന്മാറില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. സമ്മര്‍ദ്ദങ്ങളുണ്ടായാലും ഗൗനിക്കില്ല. യുദ്ധകാലം കഴിഞ്ഞു. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെ ലവ്റോയുമായുള്ള കൂടിക്കാഴ്ചയ്ക്കുു ശേഷം സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ജയ്ശങ്കര്‍ റഷ്യയിലെത്തിയത്.

◾തിങ്കളാഴ്ച ഗംഭീരമായൊരു പ്രഖ്യാപനം നടത്തുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്. 2024 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരിക്കും ട്രംപ് പ്രഖ്യാപിക്കുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ അനുമാനം ഇതാണ്.

◾ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ട്വിറ്ററില്‍നിന്ന് പതിനായിരക്കണക്കിനു വരിക്കാരുടെ കൂട്ടപ്പലായനം. മസ്‌ക് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ കുപിതരായാണ് ട്വിറ്ററിനോടു വിടപറയുന്നത്. മാസ്റ്റോഡോണ്‍ എന്ന സാമൂഹ്യ മാധ്യമത്തിലേക്കാണു ഏറെപ്പേരും പോയതെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ രണ്ടര ലക്ഷത്തോളം പേരാണ് മാസ്റ്റോഡോണ്‍ എന്ന പ്ലാറ്റ്ഫോമില്‍ വരിക്കാരായതെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്തു.

◾ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ ഇന്ന് നേരിടും. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരക്കാണ് മത്സരം ആരംഭിക്കുക. നാളെയാണ് ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി.

◾അക്രമകാരികളും കടക്കെണിയില്‍ അകപ്പെട്ടവരുമായ ആറായിരത്തളം അര്‍ജന്റീന ഫുട്ബോള്‍ ആരാധകരെ ഖത്തര്‍ ലോകകപ്പില്‍ നിന്ന് വിലക്കി അര്‍ജന്റീന. അക്രമാസക്തരായ ആരാധകര്‍ ഇപ്പോള്‍ ഖത്തറിലുണ്ടെന്നും അവരെ സ്റ്റേഡിയത്തിനകത്ത് കയറാന്‍ അനുവദിക്കില്ലെന്നും ബ്യൂണസ് ഐറിസ് സിറ്റി ജസ്റ്റിസും സെക്യൂരിറ്റി മന്ത്രിയുമായ മാഴ്‌സലോ ഡി അലക്‌സാന്‍ഡ്രോ പറഞ്ഞു. നവംബര്‍ 22-ന് സൗദി അറേബ്യയ്‌ക്കെതിരെയാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം.

◾ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിന്റെ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമായി. താരതമ്യേന ദുര്‍ബലരായ റയോ വയ്യെക്കാനോ റയലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചതോടെയാണ് റയലിന് ഒന്നാം സ്ഥാനം നഷ്ടമായത്. ഇതോടെ ബാഴ്‌സലോണ ഒന്നാം സ്ഥാനത്തെത്തി.

◾തുടര്‍ച്ചയായ രണ്ടാം പാദത്തിലും പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍ക്ക് നഷ്ടം. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നി കമ്പനികള്‍ ഒന്നാകെ 2,748.66 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഐഒസി മാത്രം 272 കോടി രൂപയാണ് നഷ്ടം നേരിട്ടത്. എച്ച്പിസിഎല്ലിന്റെ നഷ്ടം 2,172.14 കോടിയാണ്. ബിപിസിഎല്‍ 304 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഒന്നാം പാദത്തില്‍ ഐഒസിയുടെ നഷ്ടം 1995 കോടി രൂപയായിരുന്നു. എച്ച്പിസിഎല്‍ 10,196 കോടി രൂപ, ബിപിസിഎല്‍ 6,263 കോടി രൂപ എന്നിങ്ങനെയാണ് മറ്റു രണ്ടു കമ്പനികളുടെ ഒന്നാം പാദ നഷ്ടം. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അര്‍ധവാര്‍ഷികത്തില്‍ നഷ്ടം 21,201.18 കോടി രൂപയായി. പെട്രോള്‍,ഡീസല്‍, പാചകവാതകം എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട് മാര്‍ജിനില്‍ ഉണ്ടായ ഇടിവാണ് നഷ്ടത്തിന് കാരണമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനികള്‍ ഫയല്‍ ചെയ്ത കണക്കുകള്‍ വ്യക്തമാക്കുന്നു.

◾ഒക്ടോബര്‍ 21വരെയുള്ള കണക്കുപ്രകാരം ബാങ്കുകള്‍ വായ്പ നല്‍കിയത് 128.9 ലക്ഷം കോടി രൂപ. വായ്പാ വളര്‍ച്ച 17.9ശതമാനമാണെന്ന് ആര്‍ബിഐ പുറത്തുവിട്ട ദ്വൈവാര കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമ്പതുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയാണിത്. അതേസമയം, നിക്ഷേപ വളര്‍ച്ചയില്‍ കാര്യമായ കുറവുണ്ടാകുകയും ചെയ്തു. വാര്‍ഷിക വളര്‍ച്ച 9.5ശതമാനത്തിലൊതുങ്ങി. വായ്പാ ആവശ്യകത വര്‍ധിച്ചതോടെ ബാങ്കുകള്‍ നിക്ഷേപ പലിശയും ഉയര്‍ത്തിത്തുടങ്ങി. നിലവിലെ സാഹചര്യം പരിഗണിച്ചാല്‍ നിക്ഷേപ പലിശ ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. പലിശ നിരക്ക് കുറച്ചുകൂടി ഉയര്‍ന്നശേഷം സ്ഥിരതയാര്‍ജിക്കുമെന്നാണ് നിരീക്ഷണം. കോവിഡിനെതുടര്‍ന്നുണ്ടായ പ്രതിസന്ധി തരണംചെയ്യുന്നിതിനാണ് റിസര്‍വ് ബാങ്ക് നിരക്ക് കുത്തനെ കുറച്ചത്. അതോടെ നിക്ഷേപ പലിശ എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു.

◾അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ആദില്‍ മൈമൂനത്ത് അഷറഫ് രചന, സംവിധാനം, എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. നിഷാന്ത് രാംടെകെ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പും രശ്മി സതീഷും ചേര്‍ന്ന് ആണ്. ലണ്ടന്‍ ടാക്കീസിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറും രാജേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

◾'കാതല്‍' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വെളിപ്പെടുത്തി സംവിധായകന്‍ ജിയോ ബേബി. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ കഥാപാത്രം മത്സരിക്കുന്നുമുണ്ട്. തമിഴ് താരം ജ്യോതികയാണ് മമ്മൂട്ടിയുടെ നായിക. ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഫ്ലക്സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്ലെക്സില്‍ എഴുതിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്.

◾ഇന്ത്യയില്‍ 20 ലക്ഷം യൂണിറ്റ് കാറുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട കാര്‍സ്. 20 ലക്ഷം തികച്ചുകൊണ്ട്, പ്രീമിയം സെഡാന്‍ ഹോണ്ട സിറ്റി രാജസ്ഥാനിലെ തപുകര നിര്‍മാണ പ്ലാന്റില്‍ നിന്ന് പുറത്തിറക്കി. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997 ഡിസംബറിലാണ് ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വളരെ പെട്ടെന്നു തന്നെ രാജ്യത്ത് ഏറ്റവുമധികം ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്ന ബ്രാന്‍ഡായി മാറാന്‍ ഹോണ്ടയ്ക്കായി. പ്രീമിയം സെഡാന്‍ ഹോണ്ട സിറ്റി ഇ-എച്ച്ഇവി, ഫാമിലി സെഡാന്‍ ഹോണ്ട അമേസ്, പ്രീമിയം ഹാച്ച് ബാക്ക് ഹോണ്ട ജാസ്, സ്പോര്‍ട്ടി ഹോണ്ട ഡബ്ല്യുആര്‍-വി എന്നീ ഉല്‍പന്നങ്ങള്‍ ഹോണ്ടയുടെ നിരയിലുണ്ട്. 15 ല്‍ അധികം രാജ്യാന്തര വിപണികളില്‍ ഹോണ്ട സിറ്റിയും ഹോണ്ട അമേസും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളതെന്നും ഹോണ്ട പറയുന്നു.

◾ലിപികള്‍ മാഞ്ഞുപോയ, നിറങ്ങള്‍ മങ്ങിപ്പോയ, കാലത്തിന്റെ ചുരുളെഴുത്തുപോലെ കുറെ മനുഷ്യര്‍. അവരില്‍ ചിലര്‍, പ്രകാശവര്‍ഷങ്ങളെ നീന്തിക്കടന്ന്, പറന്നുചെന്ന്, അവളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന് നെടുവീര്‍പ്പുകളോടെ തുഴയെറിയുന്നു. ഇനി ചിലര്‍, രാധ കുടിവാഴും ഇവിടംവിട്ട് ഇനിയെങ്ങോട്ടും യാത്രയില്ല, മറ്റിടങ്ങള്‍ എനിക്കാവശ്യമില്ലെന്ന് ആശ്വാസനിശ്വാസങ്ങളോടെ നങ്കൂരമുറപ്പിക്കുന്നു. ആരുടെയോ ചിരിയുടെ മന്ദ്രധ്വനികള്‍ക്കായി ഉറക്കമൊഴിക്കുന്നവരുണ്ട് ഇവിടെ. സ്വപ്നങ്ങള്‍പോലും ശല്യം ചെയ്യാത്ത, സകലതും വിസ്മരിച്ചുള്ള ഉറക്കം കൊതിക്കുന്ന വരുമുണ്ട് ഇവിടെ. ഒരു ജാതകക്കുറിപ്പ് എന്നപോലെ മനുഷ്യജീവിതത്തെ അകംപുറം വെളിപ്പെടുത്തുന്ന 10 കഥകള്‍. 'പ്രണയം ധൂര്‍ത്തടിച്ച പഴയൊരു കാമുകന്‍'. യു. എ. ഖാദര്‍. എച്ച് & സി ബുക്സ്. വില 130 രൂപ.

◾ദിവസവും കുളിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പുതിയൊരു പഠനം മുന്നോട്ടു വയ്ക്കുന്നത്. അതിനായി ചില ശാസ്ത്രീയ തെളിവുകളും നിരത്തുന്നുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ചില ദിവസം കുളിക്കാതിരിക്കുന്നതാണ് നല്ലത്. ദിവസവും കുളിക്കുന്നതിലൂടെ ശരീരത്തില്‍ വസിക്കുന്ന അവശ്യമുള്ള സുക്ഷ്മാണുക്കള്‍ നശിക്കുമത്രെ. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. അതുപോലെതന്നെ ശരീരത്തില്‍ അവശ്യമായ എണ്ണയുടെ അളവ് ഇല്ലാതാക്കുകയും ശരീരം വരണ്ടുപോകുന്നതിന് കാരണമാക്കുകയും ചെയ്യും. ദുര്‍ഗന്ധം തടയാനാണ് പലരും കുളിപതിവാക്കുന്നത്. എന്നാല്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ശരീരത്തിലെ സൂക്ഷ്മാണുകള്‍ ദോഷകരമല്ലാത്തതിനാല്‍ ഒരാള്‍ മുഴുവന്‍ ശരീരവും കുളിക്കേണ്ടതിലെന്നും വിദഗ്ദ്ധര്‍ പറയുന്നു. പതിവായി കുളിക്കുന്നത് ദോഷകരമായ ബാക്ടീരിയകളെക്കാള്‍ നശിപ്പിക്കുന്നത് അവശ്യ ബാക്ടീരിയകളെയാണ്. അഴുക്കില്‍ നിന്നും ചില പ്രകൃതിദത്ത സുക്ഷ്മണുക്കളില്‍ നിന്നും ഉണ്ടാക്കുന്ന ഉത്തേജനം ശരീരത്തില്‍ ആന്റിബോഡികളും രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നു. ഒരാള്‍ ആഴ്ചയില്‍ മൂന്ന് തവണ കുളിക്കുന്നത് നല്ലതാണ്. വിയര്‍പ്പ്, ദുര്‍ഗന്ധം എന്നിവ അനുഭവപ്പെടുന്നിലെങ്കില്‍ കുളിക്കുന്നത് ഒഴിവാക്കാവുന്നതാണ്. കുളിക്കാന്‍ മൂന്നോ നാലോ മിനിട്ടില്‍ കൂടുതല്‍ എടുക്കരുത്. കുട്ടികള്‍ക്കും ഇത് ബാധകമാണ്. അതിനാലാണ് ഡോക്ടര്‍മാര്‍ ഇടയ്ക്കിടെ കുട്ടികളെ കുളിപ്പിക്കാരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. അവരുടെ രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തെ ഇടയ്ക്കിടെയുള്ള കുളി ബാധിക്കുന്നു. ചില സോപ്പുകള്‍ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. അതിനാല്‍ സോപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മാത്രം സോപ്പുകള്‍ ഉപയോഗിക്കുക. ആരോഗ്യമായി ഇരിക്കാന്‍ ദിവസവും കുളിക്കണമെന്നില്ല. ഇതാണ് ശാസ്ത്ര ലോകത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തം.


ശുഭദിനം
കവിത കണ്ണന്‍

മരണത്തെ അയാള്‍ക്ക് ഭയമായിരുന്നു. ദൈവത്തിനോട് അയാള്‍ എപ്പോഴും മരണം ഒഴിവാക്കി തരണമെന്ന് പ്രാര്‍ത്ഥിച്ചു. ദൈവം പക്ഷേ, ആ പ്രാര്‍ത്ഥന നിരസിച്ചു. അവസാനം അയാള്‍ ചോദിച്ചു: ശരി, ഞാന്‍ മരിക്കാന്‍ പോകുന്നതിന് കുറച്ച് നാള്‍ മുമ്പ് അങ്ങെനിക്ക് ഒരു സൂചനയെങ്കിലും തരാമോ.. അപ്പോള്‍ എനിക്ക് ചെയ്യാനുളളതെല്ലാം ചെയ്ത് തീര്‍ത്ത് സ്വസ്ഥമായി മരിക്കാമല്ലോ... ദൈവം പറഞ്ഞു: ഒന്നല്ല, നിനക്ക് ഞാന്‍ ഒന്നിലധികം സൂചനകള്‍ നല്‍കാം. അയാള്‍ക്ക് സന്തോഷമായി. വര്‍ഷങ്ങള്‍ക്ക് ശേഷം അയാളെ കാണാന്‍ ദൈവം വീണ്ടുമെത്തി. എന്നിട്ടു പറഞ്ഞു: നിനക്ക് മരിക്കാനുള്ള സമയമായി, അയാള്‍ക്ക് ദേഷ്യം വന്നു. എന്നെ വഞ്ചിക്കരുത്. എനിക്ക് മരിക്കുന്നതിന് മുമ്പ് കുറച്ച് സൂചനകള്‍ തരാമെന്ന് പറഞ്ഞിരുന്നതല്ലേ..? ദൈവം പറഞ്ഞു: ഞാന്‍ നിനക്ക് നിരവധി സൂചനകള്‍ തന്നിരുന്നല്ലോ? നിന്റെ മുടി ഞാന്‍ നരപ്പിച്ചു. അപ്പോള്‍ നീയത് കറുപ്പിച്ചു. കാഴ്ചമങ്ങിപ്പിച്ചു. അപ്പോള്‍ നീ കണ്ണടവെച്ചു. പല്ലുകള്‍ കൊഴിഞ്ഞു. അപ്പോള്‍ വെപ്പുപല്ല് വെച്ചു.. വാര്‍ദ്ധക്യസഹചമായ അസുഖങ്ങള്‍ നല്‍കി. മരുന്നുപയോഗിച്ച് അതെല്ലാം നീ മാറ്റി. ഇനി സൂചനകള്‍ ഒന്നുമില്ല, നീ എന്റെ കൂടെപ്പോരുക യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ചേ മതിയാകൂ. ചില നിത്യ സത്യങ്ങളുണ്ട്. അവയെ സ്വാധീനിക്കാനുള്ള ശേഷി ആരും കൈവരിച്ചിട്ടില്ല. ചമയങ്ങള്‍ ആരേയും പിന്നോട്ട് നടത്തില്ല. പഴയകാലത്തിന്റെ സുഖാനുഭവങ്ങള്‍ അതുപോലെ പുനഃസൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. ഓരോ കാലത്തും അതാത് മുന്നറിയിപ്പുകള്‍ തിരിച്ചറിഞ്ഞ് കാലാനുസൃതമായ വ്യതിയാനങ്ങള്‍ ജീവിത്തില്‍ വരുത്തുക മാത്രമാണ് ഏക പോംവഴി. എന്നെങ്കിലും സംഭവിക്കും എന്നുള്ള ഒരു കാര്യത്തിന് വേണ്ടി ഒരുങ്ങിയിരിക്കുന്നതാണ് നല്ലത്. എത്രകാലം ജീവിക്കണം എന്ന് ചിന്തിക്കുന്നതിനേക്കാള്‍, ജീവിക്കുന്ന കാലം എത്ര ക്രിയാത്മകമായി ജീവിക്കണം എന്ന് ചിന്തിച്ചു തുടങ്ങുന്ന നിമിഷമാണ് നാം യാഥാര്‍ത്ഥത്തില്‍ ജീവിച്ചു തുടങ്ങുന്നത് - ശുഭദിനം.
മീഡിയ 16