ബംഗ്ലാ കടുവകളെ എറിഞ്ഞിട്ടു; ട്വന്‍റി 20 ലോകകപ്പില്‍ സെമി പ്രതീക്ഷ സജീവമാക്കി ഇന്ത്യ

അഡ്‍ലെയ്ഡ്: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പർ-12ല്‍ ബംഗ്ലാദേശിനെതിരെ വിസ്മയ തിരിച്ചുവരവില്‍ 5 റണ്‍സിന്‍റെ ജയവുമായി സെമി സാധ്യത സജീവമാക്കി ഇന്ത്യ. മഴ കളിച്ച മത്സരത്തില്‍ കളി 16 ഓവറായി ചുരുക്കിയപ്പോള്‍ പുതുക്കി നിശ്ചയിച്ച 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറില്‍ 145-6 എന്ന സ്കോറില്‍ തളയ്ക്കുകയായിരുന്നു. 7.2 ഓവറില്‍ 68-1 എന്ന ശക്തമായ നിലയില്‍ നിന്ന ബംഗ്ലാ കടുവകളേയാണ് ടീം ഇന്ത്യ എറിഞ്ഞൊതുക്കിയത്.  മറുപടി ബാറ്റിംഗില്‍ ഗംഭീര തുടക്കമാണ് ബംഗ്ലാദേശ് നേടിയത്. ലിറ്റണ്‍ ദാസ് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോള്‍ ബംഗ്ലാദേശ് പവർപ്ലേ പവറാക്കി. എട്ടാം ഓവറിലെ രണ്ടാം പന്തില്‍ കെ എല്‍ രാഹുലിന്‍റെ നേരിട്ടുള്ള ത്രോ ലിറ്റണെ പുറത്താക്കുമ്പോള്‍ ടീം സ്കോർ 68ലെത്തി. ലിറ്റണ്‍ 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 60 റണ്‍സ് നേടി. സഹ ഓപ്പണർ നജ്മുല്‍ ഹൊസൈന്‍ ഷാന്‍റോയെ 10-ാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് ഷമി മടക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. സൂര്യകുമാർ യാദവിനായിരുന്നു ക്യാച്ച്. അർഷ്ദീപ് സിംഗ് എറിഞ്ഞ 12ാം ഓവർ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമുയർത്തി. ആദ്യ പന്തില്‍ അഫീഫ് ഹൊസൈന്‍(5 പന്തില്‍ 3) സൂര്യയുടെ ക്യാച്ചില്‍ തന്നെ പുറത്തായപ്പോള്‍ അഞ്ചാം പന്തില്‍ ഷാക്കിബ് അല്‍ ഹസനും(12 പന്തില്‍ 13) വീണു. 13-ാം ഓവറിലെ രണ്ടാം പന്തില്‍ യാസിർ ഷായെയും(3 പന്തില്‍ 1), അഞ്ചാം പന്തില്‍ മൊസദേക് ഹൊസൈനേയും(3 പന്തില്‍ 6) പുറത്താക്കി ഹാർദിക് പാണ്ഡ്യയും ആഞ്ഞടിച്ചു. നൂരുല്‍ ഹസനും ടസ്കിന്‍ അഹമ്മദും ഒരുകൈ നോക്കിയെങ്കിലും അർഷിന്‍റെ അവസാന ഓവർ ഇന്ത്യക്ക് ജയമൊരുക്കി. നേരത്തെ കെ എല്‍ രാഹുല്‍(32 പന്തില്‍ 50), വിരാട് കോലി(44 പന്തില്‍ 64*), സൂര്യകുമാർ യാദവ്(16 പന്തില്‍ 30) എന്നിവരുടെ കരുത്തില്‍ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റിന് 184 റണ്‍സ് നേടി. നായകന്‍ രോഹിത് ശർമ്മ രണ്ടിനും ഹാർദിക് പാണ്ഡ്യ അഞ്ചിനും ദിനേശ് കാർത്തിക്കും അക്സർ പട്ടേലും ഏഴ് റണ്‍സ് വീതമെടുത്തും പുറത്തായി. കോലിക്കൊപ്പം ആർ അശ്വിന്‍(6 പന്തില്‍ 13) പുറത്താവാതെ നിന്നു.