കൃത്യസമയത്ത് ബാബർ അസമും ഷഹീൻ അഫ്രീദിയും ഫോമായതാണ് പാകിസ്താന് പ്രതീക്ഷ. പാക് നിരയിലെ ഏറ്റവും സുപ്രധാന താരങ്ങളായ ഇരുവരും ഗ്രൂപ്പ് മത്സരങ്ങളിൽ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ, ന്യൂസീലൻഡിനെതിരെ ബാബർ ഫിഫ്റ്റി നടി. ഷഹീൻ ആവട്ടെ, അവസാനം കളിച്ച മൂന്ന് മത്സരങ്ങളിൽ തകർപ്പൻ പ്രകടനം നടത്തുന്നു. അവസാന മൂന്ന് മത്സരങ്ങളിൽ 9 വിക്കറ്റാണ് ഷഹീനുള്ളത്. ഇതിൽ ടി-20 കരിയറിലെ ഏറ്റവും മികച്ച പ്രകടനവും പെടും. ബംഗ്ലാദേശിനെതിരായ 22/4. ഇവർക്കൊപ്പം ഫഖർ സമാനു പരുക്കേറ്റതിനാൽ മാത്രം ടീമിലെത്തിയ മുഹമ്മദ് ഹാരിസും പാക് വിജയങ്ങളിൽ നിർണായക സാന്നിധ്യമാകുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ 11 പന്തിൽ 28, ബംഗ്ലാദേശിനെതിരെ 18 പന്തിൽ 31, ന്യൂസീലൻഡിനെതിരായ സെമിയിൽ 26 പന്തിൽ 31 എന്നിങ്ങനെയാണ് ഹാരിസിൻ്റെ സ്കോർ.
മറുവശത്ത് ജോസ് ബട്ലർ- അലക്സ് ഹെയിൽസ് സഖ്യത്തിൽ തുടങ്ങി ക്രിസ് വോക്സ് വരെ നീളുന്ന ശക്തമായ ബാറ്റിംഗ് നിര തന്നെ ഇംഗ്ലണ്ടിൻ്റെ കരുത്ത്. മധ്യനിരയിൽ ഹാരി ബ്രൂക്ക്, മൊയീൻ അലി, ലിയാം ലിവിങ്ങ്സ്റ്റൺ, ബെൻ സ്റ്റോക്സ് എന്നിവർ ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. ടൂർണമെൻ്റിൽ തകർത്തെറിയുന്ന സാം കറനും ബെൻ സ്റ്റോക്സും നയിക്കുന്ന ബൗളിംഗ് നിരയിൽ ഇന്ത്യക്കെതിരെ തിളങ്ങിയ ക്രിസ് ജോർഡനും നിർണായകസാന്നിധ്യമാണ്.