നവംബർ 19ന് ബാങ്ക് പണിമുടക്ക്: ബാങ്കിംഗ്, എടിഎം സേവനങ്ങൾ സ്തംഭിച്ചേക്കും

ദില്ലി: രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ). നവംബർ 19 ന് പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും. 

യൂണിയനിൽ സജീവമായതിന്റെ പേരിൽ ബാങ്ക് ജീവനക്കാരെ മനഃപൂർവം ഇരകളാകുന്ന രീതിയുണ്ട്, ഇതിൽ പ്രതിഷേധിച്ചാണ് പണി മുടക്കുമെന്ന് എഐബിഇഎ അംഗങ്ങൾ വ്യക്തമാക്കിയത്. ഈയിടെയായി യൂണിയനിൽ അംഗമായവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നത് വർദ്ധിച്ചിട്ടുണ്ടെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.
പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും എന്നുള്ളതിനാൽ തന്നെ ഉപഭോക്താക്കൾ അത്യാവശ്യ ഇടപാടുകൾ മുൻകൂട്ടി ചെയ്യുന്നത് നല്ലതായിരിക്കും. കാരണം പല പേയ്‌മെന്റുകളുടെയും അവസാന ദിവസം ബാങ്കിലെത്താമെന്ന കരുതി മാറ്റി വെച്ചാൽ പണിമുടക്ക് കാരണം സേവനം ലഭിച്ചെന്നു വരില്ല. 

രാജ്യത്തെ എടിഎം സേവനങ്ങളും തടസ്സപ്പെട്ടേക്കാം. നവംബർ 19 മൂന്നാം ശനിയാഴ്ചയാണ്. സാധരണ എല്ലാ ബാങ്കുകളും ഒന്നും മൂന്നും ശനിയാഴ്ചകളിൽ തുറന്നിരിക്കും, എന്നാൽ പണിമുടക്ക് ആയതിനാൽ ശനിയാഴ്ച സേവനങ്ങൾ തടസ്സപ്പെടും ഒപ്പം അടുത്ത ദിവസം ഞായർ ആയതിനാൽ ബാങ്ക് അവധിയാണ്.