വാട്ടർ അതോറിറ്റി ആംനെസ്റ്റി പദ്ധതി: ഇതുവരെ സമാഹരിച്ചത് 17.05 കോടി

ഉപഭോക്താക്കളുടെ കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി നടപ്പാക്കിയ ആംനെസ്റ്റി പദ്ധതിപ്രകാരം ഇതുവരെ സമാഹരിച്ചത് 17.05 കോടി രൂപ. 38.47 കോടി രൂപയ്ക്ക് തവണകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിപ്രകാരം ജൂലൈ, ഒാ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി, വാട്ടർ അതോറിറ്റിയുടെ 29 ഡിവിഷനുകളിലായി 98083 അപേക്ഷകളാണ് സ്വീകരിച്ചത്. ഇതിൽ 29.68 ശതമാനം അപേക്ഷകൾ (29114) ഇതിനകം പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്. ബാക്കി അപേക്ഷകൾ പരിഹരിച്ചു വരികയാണ്. 2022 ജൂലെെയിലെ വാട്ടർ അതോറിറ്റിയുടെ ആകെ കുടിശ്ശികയായ 913.37 കോടി രൂപയിൽ, 739.68 കോടി രൂപ ആംനസ്റ്റി പദ്ധതിയിൽ ഉൾക്കൊള്ളിക്കുവാൻ കഴിഞ്ഞു. പരിഹരിക്കാതെ കിടന്ന പരാതികൾ പരിഹരിച്ചതിന്റെ ഫലമായി 173. 69 കോടി രൂപ ഒഴിവാക്കി നൽകുകയുണ്ടായി. 

പല ഡിവിഷനുകളിലും അപേക്ഷകരുടെ ബാഹുല്യം കാരണം 50 മുതൽ 100 അപേക്ഷകരെ ഒരു ദിവസം പങ്കെടുപ്പിച്ചുകൊണ്ടാണ് ആംനെസ്റ്റി പദ്ധതിയുടെ സിറ്റിംഗ് നടത്തിവരുന്നത്. ഡിസംബർ 31നകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ഉപഭോക്താക്കളുടെയും പരാതികൾ പരിഹരിച്ചു കഴിഞ്ഞാൽ മാത്രമേ, പദ്ധതിവഴി ആകെ എത്ര രൂപ പിരിച്ചെടുത്തുവെന്നു പറയാൻ സാധിക്കുകയുള്ളു. അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാതി പരിഹാരമേളയാണ് ആംനെസ്റ്റി വഴി ഇപ്പോൾ നടന്നുവരുന്നത്. ഈ പ്രക്രിയ പൂർത്തിയാകുമ്പോൾ യഥാർത്ഥ കുടിശ്ശിക എത്ര രൂപയാണെന്ന് അറിയാനാകുമെന്നും വലിയൊരളവിൽ പരാതികൾ പരിഹരിക്കുവാൻ സാധിക്കുമെന്നും അതോററ്റി വ്യക്തമാക്കി.  

ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള കുടിശ്ശികത്തുക പിരിച്ചെടുക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായാണ് ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ നിയമസഭയിൽ പ്രഖ്യാപിച്ചതനുസരിച്ച് 2022 ജൂലൈ മുതൽ സെപ്റ്റംബർ 30 വരെ ആംനെസ്റ്റി പദ്ധതി വാട്ടർ അതോറിറ്റി നടപ്പിലാക്കിയത്.