*മീഡിയ 16*പ്രഭാത വാർത്തകൾ*2022 | നവംബർ 8 | ചൊവ്വ |*

◾പത്തു വൈസ് ചാന്‍സലര്‍മാരേയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നേരിട്ടു വിളിച്ചുവരുത്തി ഹിയറിംഗ് നടത്തും. പത്തു വൈസ് ചാന്‍സലര്‍മാരും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഹിയറിംഗിനു നേരിട്ടു ഹാജരാകില്ലെന്ന് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു. അഭിഭാഷകന്‍ ഹാജരാകും. കോടതിയെ അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് മറുപടിയിലുള്ളത്. ഗവര്‍ണറുടെ നിലപാട് തനിക്കും സര്‍വകലാശാലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിസി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 86 ലക്ഷം രൂപയുടെ പൊതുമുതല്‍ നഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വകാര്യ വ്യക്തികള്‍ക്ക് 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പൊതുമുതലിനുണ്ടായ നഷ്ടം ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍നിന്ന് ഈടാക്കാനുളള നടപടി തുടങ്ങി. മുന്‍ ജില്ലാ ജഡ്ജി പി.ഡി ശാരംഗധരനെ ക്ലെയിംസ് കമ്മീഷണറായി നിയോഗിച്ചു. 724 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. അക്രമമുണ്ടാക്കിയ എല്ലാവരേയും തിരിച്ചറിഞ്ഞു, മിക്കവരേയും അറസ്റ്റു ചെയ്തെന്നും കോടതിയെ അറിയിച്ചു.

◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടേയും കോണ്‍ഗ്രസിന്റേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിക്കാന്‍ ട്വിറ്ററിനു ബംഗളൂരു കോടതിയുടെ നിര്‍ദേശം. പകര്‍പ്പാവകാശം ലംഘിച്ച് കെജിഎഫ് സിനിമയിലെ സംഗീതം ഉപയോഗിച്ചതിനെതിരേയുള്ള കേസിലാണ് നടപടി.

◾അട്ടപ്പാടി മധുവിന്റേത് കസ്റ്റഡി മരണമല്ലെന്നു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. മരിച്ചത് കസ്റ്റഡിയിലാണെങ്കിലും പൊലീസ് മര്‍ദ്ദിച്ചതിന്റെ തെളിവുകളില്ല. പൊലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ മധു അവശനിലയിലായിരുന്നു. മധു ഛര്‍ദ്ദിച്ചപ്പോള്‍ അഗളി ആശുപത്രിയില്‍ എത്തിച്ചത് മൂന്നു പൊലീസുകാരാണ്. മധുവിനെ മര്‍ദ്ദിച്ചത് ആള്‍ക്കൂട്ടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയതു ചോദ്യം ചെയ്തുളള ഹര്‍ജിയും ഇന്നു പരിഗണിക്കും.

◾ഗവര്‍ണര്‍ നടത്തിയ കെടിയു താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിയമനം നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം. കേരളത്തിലെ ഏതെങ്കിലും വിസിമാര്‍ക്കു പകരം ചുമതല നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് ഗവര്‍ണര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിന് വിസിയുടെ ചുമതല നല്‍കിയത്.

◾കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനു സെര്‍ച്ച് കമ്മിറ്റിക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സെനറ്റംഗമായ എസ് ജയറാമിന്റെ ഹര്‍ജി. സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ സെനറ്റിന് നിര്‍ദേശം നല്‍കണമെന്നാണ് ഒരാവശ്യം. സെനറ്റ് അതു ചെയ്യാത്തപക്ഷം തുടര്‍നടപടി കൈക്കൊള്ളാന്‍ ചാന്‍സലറോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◾രണ്ടു മാധ്യമങ്ങളുടെ ലേഖകരെ വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ഗവര്‍ണറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണെന്നും സിപിഎം സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാജ്ഭവനിലേക്കു ഡിവൈഎഫ്ഐ മാര്‍ച്ച്. മാധ്യമ വിലക്കില്‍ പ്രതിഷേധിച്ച് കറുത്ത തുണികൊണ്ട് വാ മൂടിക്കെട്ടിയാണ് മാര്‍ച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. ഇതോടെ ഗവര്‍ണര്‍ക്കെതിരായ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

◾രാജിയില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. രാജി ആവശ്യം വെറും തമാശയാണ്. എല്ലാം പാര്‍ട്ടിയാണു തീരുമാനിക്കുന്നത്. കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കു നല്‍കിയ കത്തു പുറത്തായതിന്റെ പേരില്‍ രാജിവയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിനിറങ്ങിയിരിക്കേയാണ് രാജിയില്ലെന്ന് വ്യക്തമാക്കിയത്.

◾തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ പാര്‍ട്ടിക്കാര്‍ക്കു പങ്കുണ്ടോ എന്നതടക്കം എല്ലാം അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഒന്നും ഒളിച്ചുവെക്കാനില്ല. ആരു തെറ്റു ചെയ്താലും നടപടിയെടുക്കുമെന്നും ആനാവൂര്‍ പറഞ്ഞു.

◾തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാന്‍സര്‍ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു.

◾ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി അനില്‍ കുമാറിനു വധഭീഷണി. വിദേശത്തുനിന്നു രാത്രി ഒന്‍പതരക്ക് 'ശവപ്പെട്ടി തയ്യാറാക്കിവച്ചോളു' എന്നായിരുന്നു ഫോണിലൂടെ ഭീഷണി. പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റു ചെയ്തതിനാണ് ഭീഷണി.

◾ശ്രീനിവാസന്‍ കൊലക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് അന്‍സാര്‍, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവിലായിരുന്നു.

◾സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളിലും ഒഴിവുകള്‍ നികത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. പി എസ് സിയുടെ പരിധിയില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളും പി എസ് സിയുടെ പരിധിയില്‍ വരാത്ത സ്ഥിര - താത്കാലിക ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നികത്തുന്നതെന്നും ശിവന്‍കുട്ടി അവകാശപ്പെട്ടു.

◾പാറശാല ഷാരോണ്‍ വധക്കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കുറ്റപത്രം നല്‍കുമ്പോള്‍ പ്രതി ഭാഗം കോടതിയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

◾ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെയുംകൊണ്ട് അന്വേഷണ സംഘം തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തും. ഷാരോണും ഗ്രീഷ്മയും താമസിച്ചെന്നു പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും. വീട്ടിലും വെട്ടുകാട് പള്ളിയിലും ഇന്നലെ തെളിവെടുപ്പു നടത്തിയിരുന്നു.

◾റഷ്യയില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി പിടിയില്‍. റഷ്യയില്‍ എംബിബിഎസിനു പഠിക്കുന്ന തിരുവനന്തപുരം നേമം എസ്വി സദനം വീട്ടില്‍ എസ്.വി. അനുവിനെയാണ് റാന്നി പൊലീസ് അറസ്റ്റു ചെയ്തത്. റാന്നി സ്വദേശിനിയില്‍ നിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.

◾തലശേരിയില്‍ കാറില്‍ ചാരിയതിന് മര്‍ദ്ദനമേറ്റ ആറു വയസുകാരന്‍ ആശുപത്രി വിട്ടു. കുഞ്ഞിനെയും അമ്മയെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പ്രതി മുഹമ്മദ് ഷിഹാദിനെ തലശേരി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

◾വിസ്മയ കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണും ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിസ്മയയുടെ പിതാവും നല്‍കിയ അപ്പീലുകളില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. പത്തുവര്‍ഷ തടവു ശിക്ഷ റദ്ദാക്കണമെന്നാണ് ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ആവശ്യം. ഹര്‍ജികള്‍ വിധി പറയുന്നതിനായി കോടതി മാറ്റിവെച്ചു.

◾സുപ്രീം കോടതി മോചിപ്പിച്ചെങ്കിലും ഒമ്പതു ലക്ഷം രൂപ പിഴയടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ കുപ്പണ മദ്യദുരന്ത കേസിലെ പ്രതി തമ്പി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനു നോട്ടീസയച്ചു. രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന തമ്പിയെ കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ പ്രതി മണിച്ചനൊപ്പം ശിക്ഷാ ഇളവ് വിധിച്ചിരുന്നു. പിഴത്തുക ഒഴിവാക്കി കഴിഞ്ഞമാസം മണിച്ചന്‍ ജയില്‍ മോചിതനായിരുന്നു.

◾വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എന്‍ഐഎ കേസ് തടവുകാരനില്‍നിന്നു സിംകാര്‍ഡില്ലാത്ത ഫോണ്‍ പിടിച്ചു. കനകമല കേസില്‍ ശിക്ഷ അനുഭവിക്കുന്ന മന്‍ഷീദ് മുഹമ്മദില്‍ നിന്നാണ് പഴയ നോക്കിയ ഫോണ്‍ പിടികൂടിയത്.

◾മലപ്പുറം ജില്ലയില്‍ മൂന്നിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പെരുമ്പടപ്പ് ഡിവിഷന്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് അസ്ലമിന്റെ വീട്ടിലും തറവാട്ടിലും ട്രാവല്‍സിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തെന്ന് എന്‍ഐഎ.

◾സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഐഡം കപ്പലിലെ മലയാളി ഓഫീസര്‍ സനു ജോസിനെ അറസ്റ്റു ചെയ്ത് ഗിനി നാവികസേനാ കപ്പലിലേക്കു മാറ്റി. ഇതേസമയം, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മോചനത്തിനു ഹൈക്കമ്മീഷനുമായി ചേര്‍ന്ന് ശ്രമം തുടരുകയാണെന്ന് എക്വിറ്റോറിയല്‍ ഗിനിയിലെ ഇന്ത്യന്‍ എംബസി. കപ്പല്‍ നൈജീരിയക്കു കൈമാറുമെന്ന് എക്വറ്റോറിയല്‍ ഗിനി വൈസ് പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

◾കഴക്കൂട്ടം സെന്റ് ആന്‍ഡ്രൂസില്‍ മതിലിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. സെന്റ് സേവിയേഴ്സ് കോളജിന് സമീപം അനശ്വരയില്‍ കാര്‍മല്‍ ഏണസ്റ്റ് (65) ആണ് മരിച്ചത്. വീടിനു പുറകിലെ അടുപ്പില്‍ ചോറു വയ്ക്കുന്നതിനിടെ കോളേജിന്റെ മതിലിടിഞ്ഞു വീഴുകയായിരുന്നു.

◾പാലക്കാട് പറളിയില്‍ ബ്ലേഡ് പലിശക്കാരന്റെ ഭീഷണിമൂലം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെതിരെ കേസ്. പറളി കിണാവല്ലൂര്‍ അനശ്വര നഗറിലെ നിര്‍മ്മാണ തൊഴിലാളി പ്രവീണ്‍ മരിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് സന്തോഷിനെതിരെയാണ് കേസെടുത്തത്.

◾കാസര്‍കോട് ചളിയങ്കോട് ബൈക്ക് യാത്രക്കാരനെ ഇന്നോവ കാര്‍ ഇടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടു പോയി പണം കവര്‍ന്നു. അടുക്കത്ത്ബയല്‍ സ്വദേശി മജീദിനെയാണ് തട്ടിക്കൊണ്ട് പോയി 15 ലക്ഷം രൂപ കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിച്ചത്. പോലീസ് കേസെടുത്തു.

◾ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെട്ട യുവാവിനെ പോലീസ് പിടികൂടി ജയിലിലടച്ചു. ഏഴു വര്‍ഷത്തിനകം പതിമൂന്നോളം കേസുകളില്‍ പ്രതിയായ പുത്തന്‍ക്കുന്ന് സ്വദേശി സംജാദ് എന്ന സഞ്ജു (29)വിനെയാണ് ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.

◾കൊഴിഞ്ഞാമ്പാറയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മരിച്ച സംഭവത്തില്‍ കൂട്ടുകാരായ രണ്ടു പേര്‍ അറസ്റ്റില്‍. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സന്തോഷ്, ജെ. മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായത്. മീന്‍ പിടിക്കുന്നതിനിടെ കുലുക്കപ്പാറ മുരളീധരന്റെ മകന്‍ വിനു ആണ് മരിച്ചത്.

◾കാഞ്ഞങ്ങാടിനു സമീപം ആവിക്കരയില്‍ സ്ത്രീ വീട്ടില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍. 45 വയസുള്ള രമയാണ് മരിച്ചത്. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശ നിലയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ആലപ്പുഴ കളര്‍കോട് സ്‌കൂളിലെ അധ്യാപകന്‍ സജിത്തിനെ കസ്റ്റഡിയിലെടുത്തു.

◾പതിനാറുകാരനായ വിദ്യാര്‍ഥിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചറെ അറസ്റ്റു ചെയ്തു. തൃശൂര്‍ മണ്ണുത്തിയിലാണ് സംഭവം. വിദ്യാര്‍ഥി മാനസികപ്രശ്നങ്ങള്‍ കാണിച്ചപ്പോള്‍ വീട്ടുകാര്‍ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയിരുന്നു.

◾പത്തനംതിട്ട പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായതിന് പതിനേഴുകാരനായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയറു വേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ആറന്മുള പൊലീസ് കേസെടുത്തത്.

◾മലപ്പുറം വാഴക്കാട് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. വാഴയൂര്‍ ആക്കോട് സ്വദേശി നസീറാണ് അറസ്റ്റിലായത്. എന്‍എസ്എസ് പരിപാടിക്കെന്ന വ്യാജേന വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു കേസ്.

◾ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം മഞ്ചുമലയില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. മഞ്ചുമല പോബ്സണ്‍ എസ്റ്റേറ്റിനുള്ളിലെ വനമേഖലയോട് ചേര്‍ന്ന തോടിന്റെ കരയിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.

◾കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണത്തെ ശരിവച്ച സുപ്രീം കോടതി ഉത്തരവിനോടു സമ്മിശ്ര പ്രതികരണം. വരുമാന പരിധിയായ എട്ടു ലക്ഷം രൂപ വളരെ കൂടുതലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കേ സാമ്പത്തിക സംവരണ ആനുകൂല്യം നല്‍കാവൂ. ഭൂപരിധിയുടെ കാര്യത്തിലും ഇത് ബാധകമാണെന്നു യെച്ചൂരി. സാമ്പത്തിക സംവരണം ശരിവച്ച സുപ്രീംകോടതി വിധിയെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ സ്വാഗതം ചെയ്തു. നിരാശയുണ്ടാക്കുന്ന വിധിയെന്ന് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും.

◾പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളെ വെറുതെ വിട്ട് സുപ്രീം കോടതി. ഡല്‍ഹിയിലെ ഛാവ്‌ലയില്‍ 2012 ല്‍ മൂന്നു പേര്‍ ചേര്‍ന്ന് 19 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസില്‍ ഡല്‍ഹികോടതി വധശിക്ഷയ്ക്കു വിധിച്ച കേസിലെ പ്രതികളായ രവികുമാര്‍, രാഹുല്‍, വിനോദ് എന്നിവരെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്.

◾ചീഫ് ജസ്റ്റിസ് യു.യു ലളിത് വിരമിച്ചു. രാജ്യത്തിന്റെ 49 ാമത് ചീഫ് ജസ്റ്റിസായി 74 ദിവസം മാത്രമാണ് ലളിത് സേവനം ചെയ്തത്.

◾ട്വിറ്റര്‍ ഇന്ത്യയിലെ 90 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടു. ട്വിറ്ററിന്റെ ഇന്ത്യയിലെ ഓഫീസില്‍ 200 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒരു ഡസനോളം ജീവനക്കാര്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.

◾മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മദ്യപിച്ചു ലക്കുകെട്ട നാലുു യുവതികള്‍ മറ്റൊരു യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ബെല്‍റ്റുകൊണ്ടായിരുന്നു മര്‍ദ്ദനം. യുവതിയെ ചവിട്ടുകയും മുഖത്തിടിക്കുകയും ചെയ്തു. പൊലീസ് കേസെടുത്തു.

◾കാലാവസ്ഥാ വ്യതിയാനംമൂലം ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കാന്‍ ചര്‍ച്ചകള്‍ നടത്താമെന്ന് സമ്പന്നരാജ്യങ്ങള്‍. ഈജിപ്തിലെ ഷറം ഏല്‍ ഷെയ്ഖ് നഗരത്തില്‍ തുടങ്ങിയ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ആഗോള കാലാവസ്ഥാ ഉച്ചകോടിയിലാണ് ധാരണ. നൂറിലധികം രാഷ്ട്രനേതാക്കളും കാലാവസ്ഥാ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പങ്കെടുക്കുന്നുണ്ട്.

◾ചൈനയും പാകിസ്ഥാനും ചേര്‍ന്ന് പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ രഹസ്യകേന്ദ്രത്തില്‍ അതിമാരക ജൈവായുധം നിര്‍മിക്കുന്നുണ്ടെന്ന് ജിയോ പോളിറ്റിക്സിന്റെ റിപ്പോര്‍ട്ട്. വുഹാന്‍ വൈറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിതിയാണ് സാര്‍സ് കൊവിഡ് 19 വൈറസ് എന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ട്.

◾റഷ്യയില്‍ കോസ്ട്രോമ നഗരത്തിലെ നിശാ ക്ലബിലുള്ള ഡാന്‍സ് ബാറില്‍ മദ്യപിച്ച ഒരാള്‍ ഫ്ലെയര്‍ ഗണില്‍ നിന്നും വെടിയുയര്‍ത്തിയതിനെത്തുടര്‍ന്ന് തീ പിടിത്തം. 13 പേര്‍ മരിച്ചു. തീപിടിക്കുമ്പോള്‍ ബാറില്‍ 250 പേരെങ്കിലും ഉണ്ടായിരുന്നതായാണു റിപ്പോര്‍ട്ട്.

◾ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി ഐസിസിയുടെ ഒക്ടോബര്‍ മാസത്തിലെ മികച്ച താരം. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, സിംബാബ്വെയുടെ സിക്കന്ദര്‍ റാസ എന്നിവരെ പിന്തള്ളിയ കോലി ഇതാദ്യമായാണ് ഈ പുരസ്‌കാരത്തിന് അര്‍ഹനായത്.

◾പീഡനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും താരം കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കടുത്ത നടപടികളെടുക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

◾ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. നെയ്മര്‍ നേതൃത്വം നല്‍കുന്ന, പ്രമുഖ താരങ്ങളെല്ലാം ഉള്‍പ്പെട്ട, 26 അംഗ ടീമില്‍ പരിക്കേറ്റ ഫിലിപ്പെ കുടീഞ്ഞോ ഇല്ല.

◾യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ-ക്വാര്‍ട്ടര്‍ ഫൈനലിന് മത്സര ക്രമമായി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മഡ്രിഡിന് ലിവര്‍പൂളാണ് എതിരാളികള്‍. പി.എസ്.ജിക്ക് ബയേണ്‍ മ്യൂണിക്ക് എതിരാളികളായെത്തുമ്പോള്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ലെയ്പ്‌സിഗും ചെല്‍സിക്ക് ഡോര്‍ട്ട്മണ്ടുമാണ് എതിരാളികള്‍. എസി മിലാന് ടോട്ടനവും ഇന്റര്‍ മിലാന് പോര്‍ട്ടോയും ഫ്രാങ്ക്ഫര്‍ട്ടിന് നാപ്പോളിയും ബെന്‍ഫിക്കയ്ക്ക് ക്ലബ്ബ് ബ്രഗ്ഗെയുമാണ് എതിരാളികള്‍. മത്സരങ്ങള്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടക്കും.

◾സിനിമ കാണുന്നതിനും മറ്റുമുള്ള ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. വര്‍ഷം 599 രൂപ അടയ്ക്കുന്നവര്‍ക്ക് മൊബൈലില്‍ ആമസോണ്‍ പ്രൈം വീഡിയോ കാണുന്നതിനുള്ള പ്ലാനാണ് അവതരിപ്പിച്ചത്. ഒരു ഉപയോക്താവിന് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന സിംഗിള്‍ യൂസര്‍ പ്ലാനില്‍ പുതിയ സിനിമകള്‍, ആമസോണ്‍ ഒറിജിനലുകല്‍, ലൈവ് ക്രിക്കറ്റ് തുടങ്ങിയവ കാണാന്‍ സാധിക്കും. കഴിഞ്ഞവര്‍ഷമാണ് ടെലികോം പങ്കാളിയായ എയര്‍ടെലുമായി സഹകരിച്ച് മൊബൈല്‍ പ്ലാന്‍ ആമസോണ്‍ പ്രൈം വീഡിയോ അവതരിപ്പിച്ചത്. മൊബൈല്‍ പ്ലാന്‍ അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയില്‍ വലിയ തോതിലുള്ള വളര്‍ച്ച ഉണ്ടായതായി കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് ഫോണില്‍ പ്രൈംവീഡിയോ ആപ്പ് വഴിയോ പ്രൈം വീഡിയോ ഡോട്ട് കോം വഴിയോ വാര്‍ഷിക പ്ലാനില്‍ അംഗമാകാന്‍ കഴിയും.

◾'ആപ്പിളിന്റെ വോയ്സ് അസിസ്റ്റന്റായ 'ഹേയ് സിരി'യുടെ കമാന്റില്‍ മാറ്റം വരുത്താനൊരുങ്ങി കമ്പനി. നിലവില്‍, ഐ ഫോണുകളിലോ ആപ്പിള്‍ സ്പീക്കറുകളിലോ വോയ്സ് അസിസ്റ്റന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഉപയോക്താക്കള്‍ സിരിക്ക് മുമ്പ് 'ഹേയ്' ചേര്‍ക്കണം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 'ഹേയ്' ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആപ്പിളെന്ന് മാര്‍ക്ക് ഗുര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ആപ്പിളിന്റെ സ്മാര്‍ട്ട് അസിസ്റ്റന്റിനോട് 'സിരി' എന്ന് വിളിച്ച ശേഷം നിങ്ങള്‍ക്ക് ആവശ്യമായ കമന്റ് ചെയ്യാം. അടുത്ത വര്‍ഷമോ, അല്ലെങ്കില്‍ 2024 ആദ്യമോ ഈ മാറ്റം ആപ്പിള്‍ തങ്ങളുടെ സ്മാര്‍ട്ട് ഡിവൈസുകളില്‍ നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തില്‍ ഒരു മാറ്റം വരുന്നതിനാല്‍ സിരിയും ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് അലക്സയുമായുള്ള വിപണിയിലെ പോരാട്ടം കനക്കും എന്നാണ് പറയുന്നത്. അലക്സയെ അഭിസംബോധന ചെയ്യാന്‍ വെറും 'അലക്സ' എന്ന് വിളിച്ചാല്‍ മതിയാകും.

◾അനിഖ സുരേന്ദ്രന്‍ പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ബുട്ട ബൊമ്മ ടീസര്‍ എത്തി. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ കപ്പേളയുടെ തെലുങ്ക് റീമേക്ക് ആണ് ബുട്ട ബൊമ്മ. അനിഖയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ശ്രീനാഥ് ഭാസി അവതരിപ്പിച്ച വേഷം തെലുങ്കില്‍ ചെയ്യുന്നത് അര്‍ജുന്‍ ദാസ് ആണ്. റോഷന്‍ മാത്യുവിന്റെ കഥാപാത്രം സൂര്യ വിശിഷ്ട പുനരവതരിപ്പിക്കുന്നു. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത് 2020ല്‍ റിലീസ് ചെയ്ത ചിത്രമാണ് കപ്പേള.

◾കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സര്‍ദാര്‍'. ആഗോളതലത്തില്‍ കാര്‍ത്തി ചിത്രം 'സര്‍ദാര്‍' 100 കോടി ക്ലബില്‍ എത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്തത്. വന്‍ ഹിറ്റായി മാറിയ 'സര്‍ദാറി'ന്റെ വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു. ജി വി പ്രകാശ് കുമാറാണ് 'സര്‍ദാറി'ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി എസ് മിത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. 'സര്‍ദാറി'ല്‍ ഒരു സ്പൈ ആയിട്ടാണ് കാര്‍ത്തി അഭിനയിക്കുന്നത്. കാര്‍ത്തിയെ കൂടാതെ ചിത്രത്തില്‍ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

◾ആഢംബര എസ്യുവി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ നിരത്തിലിറങ്ങും. ചെറോക്കിയുടെ പ്രീ ബുക്കിങ് ആരംഭിച്ചു. ഡീലര്‍ഷിപ്പുകള്‍ വഴിയും വെബ്‌സൈറ്റിലും ബുക്ക് ചെയ്യാം. ഡെലിവറി ഈ മാസം അവസാനത്തോടെ പ്രതീക്ഷിക്കാം. ജീപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത് ബ്രാന്‍ഡാണ് ഗ്രാന്‍ഡ് ചെറോക്കി. കൂട്ടിയിടി മുന്നറിയിപ്പ്, ഡ്രൈവര്‍ മയങ്ങിയാലുള്ള മുന്നറിയിപ്പ് തുടങ്ങി ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളടങ്ങിയ അഡ്വാന്‍സ്ഡ് ഡ്രൈവിങ് അസിസ്റ്റന്‍സ് സിസ്റ്റം, ആക്ടീവ് നോയിസ് കണ്‍ട്രോള്‍ സിസ്റ്റം, അഞ്ച് സീറ്റുകളിലും സീറ്റ് ബെല്‍റ്റ് ഡിറ്റക്ഷന്‍ സിസ്റ്റം, പ്രീമിയം കാപ്രി ലെതര്‍ സീറ്റുകള്‍, വിദൂരനിയന്ത്രണത്തിനുള്ള ഫുള്‍ കണ്ക്ടിവിറ്റി തുടങ്ങി ഒട്ടേറെ ഫീച്ചറുകളാണ് പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയില്‍ ഒരുക്കിയിരിക്കുന്നത്.

◾കൃഷിക്കാരനാണെങ്കിലും തൊഴിലാളിയാണങ്കിലും സാങ്കേതികവിദഗ്ദ്ധനാണെങ്കിലും ലളിതമായി സ്വീകരിക്കാവുന്ന മാര്‍ഗ്ഗമാണ് സമ്പാദ്യത്തിന്റെ ചെറിയൊരംശം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുക എന്നത്. 'മ്യൂച്വല്‍ ഫണ്ട്: ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുതവിദ്യ' എന്ന ഈ പുസ്തകം ലഘുസമ്പാദ്യം ഉപയോഗിച്ച് ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴി കാട്ടിയാണ്. മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കാം, പരമാവധി നേട്ടമുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി ഈ നിക്ഷേപ മാര്‍ഗത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കെ കെ ജയകുമാര്‍. ഡിസി ബുക്സ്. വില 189 രൂപ.

◾രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതാണ് സഹായകമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നെതര്‍ലന്‍ഡ്‌സിലെ ലൈഡന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്. രാവിലെ വ്യായാമം ചെയ്യുന്നതിനേക്കാള്‍ ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നത് ഇന്‍സുലിന്‍ പ്രതിരോധം ഗണ്യമായി കുറയ്ക്കുമെന്ന് ഡയബറ്റോളജിയയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ശരീരത്തിലെ കോശങ്ങള്‍ ഇന്‍സുലിനോട് പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണ് ഇന്‍സുലിന്‍ പ്രതിരോധം. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തുന്നു. നെതര്‍ലന്‍ഡ്‌സ് എപ്പിഡെമോളജി ഓഫ് ഒബ്‌സിറ്റി പഠനത്തില്‍ നിന്നുള്ള ഡേറ്റയാണ് ഗവേഷകര്‍ ഇതിനായി ഉപയോഗപ്പെടുത്തിയത്. ബോഡി മാസ് ഇന്‍ഡെക്‌സ് 27ഓ അതിന് മുകളിലോ ഉള്ള 45നും 65നും ഇടയില്‍ പ്രായമുള്ള സ്ത്രീ പുരുഷന്മാരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോതും ഇന്‍സുലിന്‍ തോതും ഗവേഷകര്‍ അളന്നു. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ, ഉച്ചയ്ക്ക് 12 മുതല്‍ ആറ് മണി വരെ വൈകുന്നരം ആറ് മുതല്‍ അര്‍ധരാത്രി വരെ എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളിലായുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളും ചലനങ്ങളും നിരീക്ഷിച്ചു. ഇതില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം ശാരീരികമായി സജീവമായിരുന്നവരില്‍ ഇന്‍സുലിന്‍ പ്രതിരോധം 18 ശതമാനം കുറഞ്ഞതായി കണ്ടെത്തി. വൈകുന്നേരം വ്യായാമം ചെയ്യുന്നവരില്‍ 25 ശതമാനം വരെ ഇന്‍സുലിന്‍ പ്രതിരോധം കുറഞ്ഞിരിക്കുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു.

*ശുഭദിനം*
*കവിത കണ്ണന്‍*
ചെറുപ്പത്തില്‍ അവര്‍ സ്‌കൂളിലെ സഹപാഠികളായിരുന്നു. അവരിലൊരാള്‍ കോളേജ് പ്രൊഫസറും മറ്റൊരാള്‍ തെങ്ങ് കയറ്റക്കാരനുമായി. ഒരിക്കല്‍ തെങ്ങ് കയറ്റക്കാരന്‍ പ്രൊഫസറുടെ വീട്ടില്‍ തെങ്ങ് കയറുകയായിരുന്നു. സംസാരത്തിനിടയില്‍ അയാള്‍ പ്രൊഫസറോട് ചോദിച്ചു. തനിക്ക് എത്രരൂപയാണ് ശമ്പളം? ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപ: പ്രൊഫസര്‍ മറുപടി പറഞ്ഞു. പ്രൊഫസര്‍ പുച്ഛത്തോടെ കൂട്ടിച്ചേര്‍ത്തു: ചെറുപ്പത്തില്‍ മാവേലും തെങ്ങേലും കയറി നടക്കാതെ പഠിക്കണമായിരുന്നു. അസൂയപ്പെട്ടിട്ടുകാര്യമില്ല. രണ്ട് തെങ്ങില്‍ കയറി തേങ്ങയിട്ടതിന് ശേഷം അയാള്‍ക്ക് പ്രൊഫസര്‍ 100 രൂപ കൂലി കൊടുത്തു. അപ്പോള്‍ അയാള്‍ പറഞ്ഞു: കൂലി 500 രൂപയാണ്. പ്രൊഫസര്‍ക്ക് ദേഷ്യം വന്നു. അഞ്ഞൂറ് രൂപയോ?! അപ്പോള്‍ അയാള്‍ അഭിമാനത്തോടെ പറഞ്ഞു: ചെറുപ്പത്തില്‍ പേനയും ബുക്കുമായി നടന്നപ്പോള്‍ തെങ്ങ് കയറാന്‍ പഠിക്കണമായിരുന്നു. അസൂയപ്പെട്ടിട്ടുകാര്യമില്ല എല്ലാ തൊഴിലിനും അതിന്റെതായ മഹത്വമുണ്ട്. ഒരു ജോലിയും ചെറുതല്ല. - ശുഭദിനം.
MEDIA 16 NEWS