◾അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. വെള്ള, നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് എട്ടു കിലോഗ്രാം അരി 10 രൂപ 90 പൈസ നിരക്കില്‍ നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളൂടെ 'അരിവണ്ടി' സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട, പച്ചരി എന്നിവയിലേതെങ്കിലുമാണ് സൗജന്യ നിരക്കില്‍ നല്‍കുക.
◾എം.ടി വാസുദേവന്‍ നായര്‍ക്കു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍.എന്‍. പിള്ള, ടി. മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരം നേടി. ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരന്‍, വിജയലക്ഷ്മി മുരളീധരന്‍ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. കേന്ദ്ര സര്‍ക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത പുരസ്‌കാരങ്ങളാണു പ്രഖ്യാപിച്ചത്.
◾ഗവര്‍ണറെ കോണ്‍ഗ്രസ് പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ടെലിഫോണില്‍ സംസാരിക്കവേയാണ് ഖാര്‍ഗെ നിലപാടു വ്യക്തമാക്കിയതെന്ന് സിപിഎം. എന്നാല്‍ വിഷയത്തില്‍ ഖാര്‍ഗെ ഇടപെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍.
◾ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് ജനങ്ങളുടെ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒത്തുകളിയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ധനമന്ത്രിയെ വിമര്‍ശിച്ചത് എന്തിനെന്ന് ഇപ്പോള്‍ മനസിലായി. 75 ലക്ഷം രൂപ ധനമന്ത്രി അനുവദിച്ചുനല്‍കി. നേരത്തേ സംഘപരിവാര്‍ നേതാവിനെ ഗവര്‍ണറുടെ പിഎ ആയി നിയമിച്ചു. ഇതെല്ലാം ഒത്തുകളിയല്ലാതെ വേറെ എന്താണെന്നും ചെന്നിത്തല ചോദിച്ചു.
◾ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ആരോപിച്ച് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ രാഷ്ട്രപതിക്കു പരാതി നല്‍കി. രാജ്ഭവനില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വാര്‍ത്താസമ്മേളനം നടത്തിയതിനെതിരേയും വിമര്‍ശിച്ചുകൊണ്ടാണ് പരാതി.
◾പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതു വയസാക്കിയ സംസ്ഥാന ധനമന്ത്രാലയത്തിന്റെ ഉത്തരവിനെതിരേ പ്രതിഷേധവുമായി എഐവൈഎഫ്. തൊഴിലന്വേഷകരെ വഴിയാധാരമാക്കുന്ന തീരുമാനമാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. യൂത്ത് ലീഗ് അടക്കം പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധിച്ചു. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലുമാണ് പെന്‍ഷന്‍ പ്രായം അറുപത് വയസാക്കി വര്‍ധിപ്പിച്ചത്.
◾തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നു വൈകിട്ട് നാലു മുതല്‍ രാത്രി ഒമ്പതുവരെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ചാണ് അഞ്ചു മണിക്കൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നത്.
◾തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട്. ബംഗാള്‍ ഉള്‍കടലിനു മുകളിലും തെക്കേ ഇന്ത്യക്കു മുകളിലുമായി വടക്കുകിഴക്കന്‍ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ തീരത്തിനു മുകളില്‍ ചക്രവാതചുഴിയും ഉള്ളതിനാല്‍ കേരളത്തിനു മുകളില്‍ ന്യുന മര്‍ദ്ദ പാത്തി ഉടലെടുത്തിട്ടുണ്ട്.
◾എണ്‍പതാം പിറന്നാളിനു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാര്‍ത്ഥം ജര്‍മനിയിലേക്കു പോകാനിരിക്കേ ആലുവയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. ഉമ്മന്‍ ചാണ്ടിയെ ഷാളണിയിക്കുകയും ചെയ്തു.
◾ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും കേസില്‍ പ്രതിചേര്‍ത്തു. തെളിവ് നശിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. ഇരുവരും കസ്റ്റഡിയിലാണ്. ആത്മഹത്യക്കു ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.
◾ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ടു വനിതാ പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നീ പൊലീസുകാരെയാണ് സസ്പെന്‍ഡു ചെയ്തത്.
◾അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ എട്ടു സാക്ഷികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ മണ്ണാര്‍ക്കാട് കോടതിയില്‍ ഹര്‍ജി നല്‍കി. കൂറുമാറിയ പതിനെട്ടാം സാക്ഷി കാളി മുപ്പന്‍, പത്തൊമ്പതാം സാക്ഷി കക്കി എന്നിവരെ പുനര്‍ വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു.
◾മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ സ്മരാണാര്‍ത്ഥം രാംവിലാസ് പാസ്വാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.എ. യുസഫലിക്ക് സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നിര്‍ധനര്‍ക്കു നല്‍കുന്ന സഹായം പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് എം. മെഹബൂബ് പറഞ്ഞു.
◾വൈപ്പിനില്‍ വനിതാ ഗ്യാസ് ഏജന്‍സി ഉടമയെ സിഐടിയു നേതാവ് ഭീഷണിപ്പെടുത്തിയ കേസില്‍ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചര്‍ച്ചയ്ക്കായി ലേബര്‍ കമ്മീഷണറെ നിയോഗിച്ചിട്ടുണ്ട്. തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പൊലീസ് സംരക്ഷണം തേടി ഗ്യാസ് ഏജന്‍സി ഉടമ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
◾നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അധിക കുറ്റപത്രത്തിലെ കുറ്റങ്ങള്‍ നിഷേധിച്ച് പ്രതികള്‍. എട്ടാം പ്രതിയായ നടന്‍ ദിലീപും കൂട്ടുപ്രതി ശരത്തുമാണു കുറ്റം നിഷേധിച്ചത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് അധിക കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ചത്.
◾ഓണ്‍ലൈന്‍ മാട്രിമോണിയല്‍ വെബ് സൈറ്റുകളിലൂടെ വിവാഹ തട്ടിപ്പു നടത്തിയ വിരുതന്‍ അറസ്റ്റിലായി. രണ്ട് സ്ത്രീകള്‍ നല്‍കിയ പരാതിയിലാണ് താമരക്കുഴി സ്വദേശി സരോവരം വീട്ടില്‍ സഞ്ജു(40) വിനെ മലപ്പുറം വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തു സ്ത്രീകളെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹ സൈറ്റുകളില്‍ 'ആദി' എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.
◾തൃശൂര്‍ മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രിന്‍സിപ്പലിന്റെ കാലു തല്ലിയൊടിക്കുമെന്നു ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി അസം മുബാറക്കിനെതിരെ കേസെടുത്തു. ആറു പേര്‍ക്കെതിരെയാണ് കേസ്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ ദിലീപിന്റെ പരാതിയിലാണ് കേസെടുത്തത്.
◾മൂന്നാര്‍ ടൗണില്‍ സി പി ഐ - കോണ്‍ഗ്രസ് കൂട്ടത്തല്ലില്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ 35 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് മൂന്നാര്‍ ടൗണില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സിപിഐ പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലേക്കു കൂറുമാറിയതാണു പ്രകോപനത്തിനു കാരണം.
◾കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി കാസര്‍കോട് ബേക്കല്‍ കോട്ടയ്ക്കു സമീപം കടലില്‍ മുങ്ങി മരിച്ചു. പള്ളിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ഷുഹൈബ്(17)ആണ് മരിച്ചത്. പിതാവിനോടും സഹോദരനുമോടൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ എത്തിയതായിരുന്നു.
◾കൊല്ലം ചവറ ഉപജില്ലാ സ്‌കൂള്‍ കായികമേളയ്ക്കിടെ ഹാമര്‍ വീണ് മത്സരാര്‍ത്ഥിയുടെ അമ്മയുടെ തലയ്ക്കു ഗുരുതര പരുക്ക്. മൈനാഗപ്പളളി സ്വദേശിനി മാജിദയ്ക്കാണ് പരിക്കേറ്റത്. ശാസ്താംകോട്ട ഡിബി കോളജ് മൈതാനത്ത് ഇന്നലെ വൈകീട്ട് ഹാമര്‍ ത്രോ മത്സരത്തിനിടെയായിരുന്നു അപകടം.
◾രണ്ടാം ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനു പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ ബന്ധുക്കള്‍ ബലമായി മോചിപ്പിച്ചു. ആറന്മുള കാട്ടൂര്‍പേട്ടയിലാണ് പ്രതിയെ മോചിപ്പിച്ചത്. സ്വകാര്യ വാഹനത്തിലാണ് പോലീസ് എത്തിയത്. പ്രതിയെ മോചിപ്പിച്ചതിനു 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
◾യമനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു നവംബര്‍ ഒമ്പതിന് ദുബായില്‍ യോഗം വിളിച്ചിട്ടുണ്ടെന്നു വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി. കൊല്ലപെട്ടയാളുടെ കുടുംബാംഗങ്ങളെല്ലാം മാപ്പപേക്ഷയ്ക്ക് അനുമതി നല്‍കണമെന്നതിനാലാണ് മോചനം വൈകുന്നത്. യൂസഫലി അറിയിച്ചു.
◾ഇലന്തൂര്‍ നരബലിക്കേസില്‍ റോസ്ലിനെ കൊല്ലാന്‍ ഉപയോഗിച്ച രണ്ടു കത്തികള്‍ വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെടുത്തു. ഇലന്തൂര്‍ ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തില്‍ ഭഗവല്‍ സിംഗ് പണയംവച്ച റോസ്ലിന്റെ ഏഴ് ഗ്രാം തൂക്കമുള്ള മോതിരവും കണ്ടെത്തി. പ്രതികളായ ഷാഫിയെയും ലൈലയെയും ഭഗവല്‍ സിങ്ങിനെയും വീണ്ടും ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചു തെളിവെടുത്തു.
◾നരബലി കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി ഇന്നു വിധി പറയും. കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ച കഥകളാണന്നും ഹര്‍ജിയില്‍ ലൈല ആരോപിച്ചു.
◾യാത്രക്കാരെ ആക്രമിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുന്ന കുട്ടിക്കുറ്റവാളി സംഘത്തിലെ നാലുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. 20 വയസുകാരായ കടപ്പാക്കട സ്വദേശി ഹരീഷ്, ആശ്രാമം സ്വദേശികളായ പ്രസീദ്, ജിഷ്ണു എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾വിവാഹത്തിനു പിറ്റേന്ന് വധു മരിച്ച നിലയില്‍. കൊല്ലങ്കോട് അളകാപുരി കോളനിയിലെ പഴനി ചാമിയുടെ മകള്‍ 21 വയസുള്ള നന്ദിനിയാണ് മരിച്ചത്. പൊള്ളാച്ചി കളിയാപുരം സ്വദേശിയുമായി ഞായറാഴ്ചയായിരുന്നു വിവാഹം.
◾അയല്‍വാസികളായ യുവാവും വിദ്യാര്‍ത്ഥിനിയും മരിച്ച നിലയില്‍. ചേര്‍ത്തല പള്ളിപ്പുറം തിരുനല്ലൂര്‍കരിയില്‍ തിലകന്റെ മകന്‍ അനന്തകൃഷ്ണന്‍ (24), തേക്കിന്‍കാട്ടില്‍ ഷാജിയുടെ മകള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിനി എലിസബത്ത് എന്നിവരാണ് മരിച്ചത്.
◾കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോയില്‍നിന്ന് തെറിച്ചുവീണ് പത്തു വയസുകാരി മരിച്ചു. തുമ്പമട മുണ്ടയ്ക്കല്‍ മനോജിന്റെ മകള്‍ നിരജ്ഞന (10) ആണ് മരിച്ചത്. റോഡരികിലെ കല്ലില്‍ കയറി ഓട്ടോ നിയന്ത്രണം വിട്ടതോടെ കുട്ടി റോഡിലേയ്ക്കു തെറിച്ചു വീഴുകയുമായിരുന്നു.
◾ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. പാലക്കാട് ഗോവിന്ദാപുരത്ത് ആട്ടയാം പതിയില്‍ വിനുവിനെയാണ് ഭാര്യ ദീപയെ കൊന്ന കേസില്‍ മണ്ണാര്‍ക്കാട് കോടതി ശിക്ഷിച്ചത്. പ്രതി മൂന്നു ലക്ഷം രൂപ പിഴയും നല്‍കണം.
◾പോക്സോ കേസില്‍ യുവാവിനെ ആലപ്പുഴ പൊലീസ് പിടികൂടി. കണ്ടല്ലൂര്‍ വില്ലേജില്‍ പുതിയ വിളയില്‍ കണ്ടല്ലൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കൊല്ലശ്ശേരില്‍ തെക്കതില്‍ വീട്ടില്‍ അച്ചു (26) ആണ് പിടിയിലായത്.
◾കാലടിയില്‍ മകളെ അച്ഛന്‍ പീഡിപ്പിച്ചെന്ന കേസില്‍ പുനരന്വേഷണം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ പ്രതിയായ പിതാവ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപീക്കുന്നതാണ് ഉചിതമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
◾സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിക്കു 48 വര്‍ഷം തടവു ശിക്ഷ. ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. ആനച്ചാല്‍ സ്വദേശിയായ പ്രതി നാല്‍പ്പതിനായിരം രൂപ പിഴയൊടുക്കുകയും വേണം.
◾എന്‍ഫോഴ്സ്മെന്റ് കേസില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലക്നോ ജില്ലാ കോടതി തള്ളി. യുഎപിഎ കേസില്‍ കാപ്പന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഹാത്രസിലേക്കുപോകവേ യുപി സര്‍ക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ മാസം ഒന്‍പതിനാണ് സുപ്രീംകോടതി യുഎപിഎ കേസില്‍ ജാമ്യം അനുവദിച്ചത്.
◾മജിസ്ട്രേട്ടിനു മാത്രമല്ല, ചില അടിയന്തര ഘട്ടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥനും മരണമൊഴി രേഖപ്പെടുത്താമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇങ്ങനെ നിരീക്ഷിച്ചത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള ബലാത്സംഗ കേസ് പരിഗണിക്കവേയാണ് നിരീക്ഷണം.
◾തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ ദേശീയ പാര്‍ട്ടിയാക്കി പ്രഖ്യാപിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ദേശീയപാര്‍ട്ടിയില്‍ ഒതുക്കാതെ ആഗോള പാര്‍ട്ടിയാക്കി ചൈനയിലും യുകെയിലും പോയി മല്‍സരിക്കൂവെന്നു രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷസഖ്യ നീക്കത്തിന് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ഒരു സഖ്യത്തിനുമില്ലെന്നും രാഹുല്‍ പറഞ്ഞു.
◾എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനാലാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
◾ദീപാവലിക്കു ശിവകാശിയിലെ പടക്ക കച്ചവടക്കാര്‍ക്കു കോളടിച്ചു. ശിവകാശിയിലെ പടക്ക വിപണിയില്‍ 6000 കോടി രൂപയുടെ കച്ചവടം നടന്നതായാണ് കണക്ക്.
◾ഹിമാചല്‍ പ്രദേശ് തരഞ്ഞെടുപ്പില്‍ ബിജെപിയില്‍ വിമത ശല്യം. മുന്‍ എംഎല്‍എമാരടക്കം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയുമായി ബിജെപി നേതാക്കള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തെത്തി. അഞ്ചു വിമതരെ ബിജെപി പുറത്താക്കി.
◾ഇന്‍സ്റ്റാഗ്രാം ഇന്നലെ രാത്രി തകരാറിലായി. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ തുറക്കാനാകുന്നില്ലെന്ന് പലരും പരാതിപ്പെട്ടെന്നും തടസം നീക്കുമെന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചു.
◾ഇറാനിലെ സെലിബ്രിറ്റി ഷെഫ് മെഹര്‍ഷാദ് ഷാഹിദിയെ റെവല്യൂഷനറി ഗാര്‍ഡ് മര്‍ദ്ദിച്ച് കൊന്നു. ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത ഷാഹിദിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇറാന്റെ ജാമി ഒലിവര്‍ എന്നറിയപ്പെടുന്ന ഷെഫായിരുന്നു മെഹര്‍ഷാദ് ഷാഹിദി. 20 ാം പിറന്നാളിനു തലേന്നാണ് കൊലപ്പെടുത്തിയത്.
◾അഴിമതി കേസില്‍ കുവൈറ്റിലെ ഏഴ് ജഡ്ജിമാര്‍ക്കു ജയില്‍ ശിക്ഷ. അബ്ദുല്‍ റഹ്‌മാന്‍ അല്‍ ദറാമിയുടെ അധ്യക്ഷതയിലുള്ള അപ്പീല്‍ കോടതി ബെഞ്ചാണ് ഏഴു മുതല്‍ 15 വരെ വര്‍ഷത്തേക്കു ശിക്ഷ വിധിച്ചത്.
◾ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ 42 റണ്‍സിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. ഓസ്ട്രേലിയ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 18.1 ഓവറില്‍ 137 റണ്‍സിന് എല്ലാവരും പുറത്തായി.
◾സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍. ന്യൂസീലന്‍ഡ്, ബംഗ്ലാദേശ് ഏകദിന - ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലന്‍ഡിനെതിരായ ഏകദിന - ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമിലാണ് സഞ്ജു സാംസണ്‍ ഇടംപിടിച്ചത്.
◾ഹോട്ടല്‍ മുറിയില്‍ അജ്ഞാതന്‍ കയറി വീഡിയോ പകര്‍ത്തിയതു സ്വകാര്യതയിലുള്ള കടന്നു കയറ്റമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. പെര്‍ത്തില്‍ കോലി താമസിക്കുന്ന മുറിയില്‍ അതിക്രമിച്ചു കയറിയാണ് ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഭയപ്പെടുത്തുന്ന കാര്യമാണിതെന്ന് കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കോലിക്കു പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും രംഗത്തെത്തി.
◾ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ വീണ്ടും പിന്തള്ളി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ അദാനി മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ ഓഹരികള്‍ രണ്ടാഴ്ച തുടര്‍ച്ചയായി കുതിച്ചുയരുകയും വാള്‍സ്ട്രീറ്റ് ഓഹരികളെ മറികടക്കുകയും ചെയ്തതോടെ അദാനിയുടെ സമ്പത്തും വര്‍ധിച്ചു. ഇതോടെയാണ് മൂന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തിയത്. തിങ്കളാഴ്ച അദാനിയുടെ സമ്പത്തില്‍ 314 ദശലക്ഷം ഡോളറിന്റെ വര്‍ധനവുണ്ടായി. ഇതോടെ അദാനിയുടെ മൊത്തം സമ്പത്ത് 131.9 ബില്യന്‍ ഡോളറായി ഉയരുകയായിരുന്നു. 223.8 ബില്യന്‍ ഡോളര്‍ സമ്പത്തുമായി ഇലോണ്‍ മസ്‌ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ലുയി വിറ്റോണ്‍ സ്ഥാപകന്‍ ബെര്‍ണാര്‍ഡ് അര്‍ണോള്‍ട് ആണ് 156.5 ബില്യന്‍ ഡോളറുമായി രണ്ടാം സ്ഥാനത്തുള്ളത്. 126.9 ബില്യന്‍ ഡോളറിന്റെ ആസ്തിയുമായി ബെസോസ് നാലാം സ്ഥാനത്താണ്.
◾ഇന്ത്യയില്‍ കഴിഞ്ഞമാസം കടകളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേസുകളില്‍ ആഗസ്റ്റിനേക്കാള്‍ 14 ശതമാനം വര്‍ദ്ധന. ഓണ്‍ലൈന്‍ വഴിയുള്ള വാങ്ങലുകളില്‍ വളര്‍ച്ച 0.7 ശതമാനം. 77,267 കോടി രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകളാണ് സെപ്തംബറില്‍ കടകളില്‍ നടന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ആഗസ്റ്റില്‍ വാങ്ങല്‍ച്ചെലവ് 67,414 കോടി രൂപയായിരുന്നു. 45,287 കോടി രൂപയുടെ ഓണ്‍ലൈന്‍ വാങ്ങലുകളും സെപ്തംബറില്‍ നടന്നു. ആഗസ്റ്റില്‍ ഇത് 44,943 കോടി രൂപയായിരുന്നു. കഴിഞ്ഞമാസം മൊത്തം ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസ് മൂല്യം 1.22 ലക്ഷം കോടി രൂപയാണ്. 2021 സെപ്തംബറില്‍ 80,227 കോടി രൂപയായിരുന്നു.
◾ഫിഫ ഖത്തര്‍ ലോകകപ്പിന് ആവേശമേകി മോഹന്‍ലാലിന്റെ സംഗീത ആല്‍ബം. ദോഹയില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ആല്‍ബം പ്രകാശനം ചെയ്തത്. സുപ്രീം കമ്മിറ്റി പ്രതിനിധികളും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. ഫുട്ബോളിനെ പ്രാണനായി കരുതുന്ന മലപ്പുറവും അവിടുത്തെ സെവന്‍സ് ഫുട്ബോളിനെയും കുറിച്ചാണ് ആല്‍ബം. ലോകകപ്പിന് മത്സരിക്കാനെത്തുന്നവരോടും ആരാധകരോടും മലപ്പുറത്തിന്റെ ഫുട്ബോള്‍ ചരിത്രം പറഞ്ഞുവയ്ക്കുകയാണ് ഈ നാല് മിനിട്ടുള്ള ആല്‍ബം. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് ഈണം നല്‍കിയിരിക്കുന്നത്. ടി കെ രാജീവ് കുമാറാണ് സംവിധാനം. സമയം ഇവിടെ നിശ്ചലമാവുകയാണ് ലോകകപ്പ് തുടങ്ങുമ്പോള്‍ എന്ന മോഹന്‍ലാലിന്റെ ഡയലോഗോടുകൂടിയാണ് ആല്‍ബം അവസാനിക്കുന്നത്.
◾ഹൃത്വിക് റോഷനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'ഫൈറ്റര്‍' 2024 ജനുവരി 25ന് റിലീസ് ചെയ്യും. അടുത്ത വര്‍ഷം സെപ്തംബറില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ നായിക. അനില്‍ കപൂറും പ്രധാന കഥാപാത്രമായി എത്തുന്നു. ഹൃത്വിക് റോഷനും ദീപിക പദുക്കോണും എയര്‍ഫോഴ്സ് പൈലറ്റുമാരായാണ് അഭിനയിക്കുന്നത്. വൈകോം 18 സ്റ്റുഡിയോസ്, മംമ്ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് നിര്‍മാണം.
◾ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ഇന്ത്യയിലെ പ്രമിയം എംപിവിയാണ് കിയ കാരന്‍സ്. അടുത്തിടെ വലിയ തോതില്‍ ആവശ്യക്കാരെത്താന്‍ ആരംഭിച്ചതോടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഡിസംബര്‍ മാസത്തിനുള്ളില്‍ വാഹനത്തിനു വില വര്‍ധിപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. വാഹനം വിപണിയില്‍ അവതരിപ്പിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് വിലയില്‍ പരിഷ്‌കരണം ഉണ്ടാകാന്‍ പോകുന്നത്. വാഹനത്തിന്റെ കുറഞ്ഞ വകഭേദമായ 1.5 പെട്രോള്‍ പ്രീമിയം മാനുവല്‍ മോഡലിന് 8.99 ലക്ഷം രൂപയാണ് വില. 1.4 പെട്രോള്‍ ഡിസിടി ലക്ഷ്വറി പ്ലസ്, 1.5 ഡീസല്‍ ഓട്ടമാറ്റിക് ലക്ഷ്വറി പ്ലസ് എന്നിവയ്ക്ക് 16.99 രൂപയാണ് പ്രാരംഭ വില. വിപണിയിലെത്തി ഏറെ വൈകാതെ 70,000 രൂപ വരെയാണ് ഉയര്‍ത്തിയത്.
◾'ഞാന്‍ ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്‍... വരാന്‍പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ എന്നു സംശയിക്കുന്ന മറ്റുചിലര്‍. ഇതു രണ്ടും അല്ലെങ്കില്‍ ഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെ ഭാരത്തില്‍ തൃപ്തിപ്പെടാതെപോകുന്നവര്‍. അതുകൊണ്ട് പലപ്പോഴും ആമുഖങ്ങളില്ലാതെ തമാശ പറയുവാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍...'. സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം ചേര്‍ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്‍. മുഴുവന്‍ സത്യമല്ല, കള്ളവുമല്ല. 'ചിരി പുരണ്ട ജീവിതങ്ങള്‍'. മാതൃഭൂമി ബുക്സ്. വില 152 രൂപ.
◾പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഫംഗല്‍ അണുബാധകളുടെ മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന. ക്രിട്ടിക്കല്‍, ഹൈ, മീഡിയം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മുന്‍ഗണനാ പട്ടികയില്‍പ്പെട്ട ഫംഗല്‍ രോഗാണുക്കളെ തരംതരിച്ചിരിക്കുന്നത്. ഓരോ മുന്‍ഗണനാ വിഭാഗത്തിലും പൊതുജനാരോഗ്യത്തില്‍ ഫംഗല്‍ അണുബാധകള്‍ ഉണ്ടാക്കുന്ന സ്വാധീനവും അവ മരുന്നുകളോട് കൈവരിക്കുന്ന പ്രതിരോധശേഷിയും വിലയിരുത്തിയാണ് റാങ്ക് ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ നടന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് 'ഫംഗല്‍ പ്രിയോറിറ്റി പാത്തജന്‍സ് ലിസ്റ്റ്' എന്ന പട്ടിക തയ്യാറാക്കിയത്. ലോകമെമ്പാടും ആശുപത്രികളില്‍ രോഗപകര്‍ച്ചക്ക് കാരണമായിട്ടുള്ള കാന്‍ഡിഡ ഔറിസ്, ക്രിപ്റ്റോകോക്കസ് നിയോഫോര്‍മാന്‍സ്, ആസ്പെര്‍ഗിലസ് ഫ്യുമിഗേറ്റസ്, കാന്‍ഡിഡ ആല്‍ബിക്കന്‍സ് എന്നീ ഫംഗസുകള്‍ ക്രിട്ടിക്കല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാന്‍ഡിഡ കുടുംബത്തില്‍പ്പെട്ട മറ്റ് ചില ഫംഗസുകളും മ്യൂകോര്‍മൈകോസിസിന് കാരണാകുന്ന മ്യൂകോറേല്‍സ് ഫംഗസുമെല്ലാം ഹൈ വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മീഡിയം വിഭാഗത്തില്‍ കോക്കിഡിയോഡെസ് എസ്പിപി, ക്രിപ്റ്റോകോക്കസ് ഗാറ്റി പോലുള്ള ഫംഗസുകളാണുള്ളത്. ഗുരുതര രോഗം ബാധിച്ച ആളുകള്‍ക്കും പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗങ്ങളുള്ളവര്‍ക്കും ഫംഗല്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. അര്‍ബുദം, എയ്ഡ്സ്, മാറാത്ത ശ്വാസകോശ രോഗങ്ങള്‍, ക്ഷയരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും അവയവമാറ്റശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കും ഫംഗല്‍ അണുബാധയുണ്ടാകാം.
ശുഭദിനം
സോക്രട്ടീസ് എന്നും വൈകീട്ട് നടക്കാന്‍ ഇറങ്ങുമ്പോള്‍ വഴിയില്‍ ഒരു വൃദ്ധനെ കാണുമായിരുന്നു. ഈ കൂടിക്കാഴ്ച പിന്നീട് നല്ല പരിചയമായി മാറി. ഒരിക്കല്‍ അയാള്‍ സോക്രട്ടീസിനെ വീട്ടിലേക്ക് ക്ഷണിച്ചു. അതൊരു കൂട്ടുകുടുംബമായിരുന്നു. അവിടെത്ത സന്തോഷം കണ്ട സോക്രട്ടീസ് അയാളോട് ചോദിച്ചു: ഈ വീട്ടിലെ സന്തോഷം നിലനിര്‍ത്താന്‍ താങ്കള്‍ എന്താണ് ചെയ്യുന്നത്? അയാള്‍ പറഞ്ഞു: ഞാന്‍ ഒന്നും തന്നെ ചെയ്യുന്നില്ല എന്നതാണ് സത്യം. വ്യാപാരം മക്കളെ ഏല്‍പ്പിച്ചു. വീട് മരുമക്കള്‍ നന്നായി നോക്കുന്നു. പേരക്കുട്ടികളുടെ കൂടെയുള്ള കളികളും അവരുടെ സംശയങ്ങല്‍ തീര്‍ക്കലുമാണ് ഇപ്പോള്‍ എന്റെ ഉത്തരവാദിത്വം. അപ്പോള്‍ സോക്രട്ടീസ് പറഞ്ഞു: ഈ പ്രായത്തില്‍ എങ്ങിനെയാണ് ജീവിക്കേണ്ടതെന്ന് താങ്കള്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് നിങ്ങള്‍ ഇത്രയും സന്തോഷവാനായി മാറുന്നത്. എല്ലാകാലത്തും നമ്മള്‍ ഒരുപോലെയല്ല ജീവിക്കേണ്ടത്. പ്രായവും കാലവും വരുത്തുന്ന അവസ്ഥകള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ ശീലിക്കണം. ഓരോ പ്രായത്തിലും അതിന്റെതായ ഉത്തരവാദിത്വങ്ങളും വിനോദങ്ങളുമുണ്ട്. അവയിലൂടെ സഞ്ചരിക്കാന്‍ കഴിയുക എന്നതാണ് അതാത് സമയത്തെ ഫലപ്രദമായി വിനിയോഗിക്കാനുള്ള എളുപ്പമാര്‍ഗ്ഗം. കുട്ടിത്തം കുട്ടിക്കാലത്തിന്റെ പ്രത്യേകതയാണ്. പക്വത പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകേണ്ട ഒന്നാണ്. ഉത്തരവാദിത്വങ്ങളെല്ലാം ഒഴിഞ്ഞുള്ള സമ്പൂര്‍ണ്ണാനന്ദം വാര്‍ദ്ധക്യത്തിന്റെ അവകാശമാണ്. നമുക്ക് സ്വയവും നമുക്കൊപ്പമുളളവര്‍ക്കും അതാത് സമയം ആവശ്യപ്പെടുന്ന അവകാശങ്ങള്‍ നല്‍കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
മീഡിയ 16