തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പദ്ധതി ഈ അദ്ധ്യയന വർഷം മുതൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ സ്കൂളുകളിലേയും ഭക്ഷണ സാമ്പിളുകൾ എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ലബോറട്ടറികളിൽ മൈക്രോ ബയോളജിക്കൽ/കെമിക്കൽ പരിശോധനകൾക്ക് വിധേയമാക്കുന്നതിനും കേരള വാട്ടർ അതോറിറ്റിയുടെ ലാബോറട്ടറികളിൽ കുടിവെള്ളം പരിശോധിക്കുന്നതിനുമാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
സ്കൂൾ പരിശോധനകളിൽ വാട്ടർ ടാങ്കുകൾ, കിണറുകൾ എന്നിവ വീഴ്ച കൂടാതെ പരിശോധിക്കണം. കേന്ദ്ര ധനസഹായത്തോടെ പദ്ധതിയുടെ ഫ്ലക്സി ഫണ്ട് വിനിയോഗിച്ച് വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബൽ മേഖലകളിലേയും ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ പാചകതൊഴിലാളികൾക്കും സ്റ്റേറ്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെ ഇക്കൊല്ലം പരിശീലനം നൽകും. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ മിഷൻ എന്നിവയുടെ സഹകരണത്തോടെ സ്കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായി കൃത്യമായ ഇടവേളകളിൽ കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തുവാനുള്ള സംവിധാനം ഏർപ്പെടുത്തന്നതോടൊപ്പം അയൺഫോളിക് ആസിഡ്, വിരനിവാരണ ഗുളികകളുടെ വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് അത് കാര്യക്ഷമമാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.