◾കോടിയേരിക്കു കണ്ണീരോടെ വിട. പയ്യാമ്പലത്ത് ജനസാഗരം ലാല്‍സലാം മുഴക്കവേ, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിതയില്‍ തീ പകര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ വിലാപയാത്രയില്‍ രണ്ടര കിലോമീറ്റര്‍ നടന്നാണ് പയ്യമ്പലത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുടെ മൃതദേഹം ചുമലിലേറ്റി. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്കു നടുവിലാണ് കോടിയേരിക്കു ചിതയൊരുങ്ങിയത്. കുടുംബാഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമാണ് സംസ്‌കാര സ്ഥലത്തേക്കു പ്രവേശനമുണ്ടായിരുന്നുള്ളൂ. അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരമാണ് എത്തിയത്.
◾വാക്കുകള്‍ ഇടറി പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങിനുശേഷം നടന്ന അനുശോചന യോഗത്തിലാണ് മുഖ്യമന്ത്രി വികാരനിര്‍ഭരനായത്. 'ഏതു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണു പതിവ്. എന്നാല്‍ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്നതല്ല. ഞങ്ങളത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താന്‍ ശ്രമിക്കും. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ..... അവസാനിപ്പിക്കുന്നു' എന്നു പറഞ്ഞാണു മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തിയത്.
◾സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പോടെ കാനം വിരുദ്ധ ചേരി ദുര്‍ബലമായി. കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ച പ്രായപരിധി മാനദണ്ഡം നടപ്പാക്കിയതോടെ സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനും കെ.എ ഇസ്മായിലും പുറത്തായി. ഇ.എസ് ബിജിമോളെ ഇടുക്കി ജില്ലാ ഘടകം ഒഴിവാക്കിയിരുന്നു.
◾അച്ഛനു പിറകേ, സ്വീഡിഷ് ശാസ്ത്രജ്ഞനായ മകനും നോബേല്‍ സമ്മാനം. മനുഷ്യ പരിണാമ പഠനത്തിലെ അപൂര്‍വ സംഭാവനകള്‍ക്കാണ് സ്വാന്റേ പേബൂവിന് വൈദ്യശാസ്ത്ര പുരസ്‌കാരം. പേബൂവിന്റെ അച്ഛന്‍ സുനേ ബഗേസ്റ്റോം 1982 ലെ നോബേല്‍ പുരസ്‌കാരം നേടിയിരുന്നു.
◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ ദുഷ്പ്രചാരണം അരുതെന്ന് വരണാധികാരിയായ മധുസൂദനന്‍ മിസ്ത്രി. നേതാക്കള്‍ പദവിയിലിരുന്ന് പ്രചാരണം നടത്തുന്നതും വിലക്കി. തെരഞ്ഞെടുപ്പു പ്രചാരണം സുതാര്യവും ജനാധിപത്യപരവുമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്കു യാത്രയായി. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതോടെ മാറ്റിവച്ച യൂറോപ്യന്‍ സന്ദര്‍ശനത്തിന് പുലര്‍ച്ചെ മൂന്നരയ്ക്ക് നോര്‍വേയിലേക്കു തിരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനും ഒപ്പമുണ്ട്. നോര്‍വേ സന്ദര്‍ശിച്ച ശേഷം ബ്രിട്ടനിലേക്ക് പോകും. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഈ യാത്രയില്‍ ഒപ്പമുണ്ടാകും.
◾മഹാനവമി ദിനമായ ഇന്ന് ക്ഷേത്രദര്‍ശനത്തിനും പൂജവയ്പിനും തിരക്ക്. നാളെ വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിനു വിപുലമായ ഒരുക്കങ്ങള്‍. പല ക്ഷേത്രങ്ങളിലും നവരാത്രിയോടനുബന്ധിച്ചു കലാവിരുന്നും സജ്ജമാക്കിയിട്ടുണ്ട്.
◾ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. സംസ്ഥാനത്ത് മഴ സജീവമാകും. കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ പെയ്തേക്കും.
◾തൊഴില്‍ തട്ടിപ്പിന് ഇരയായി ഒമാനില്‍ കുടുങ്ങിയ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരന്‍. ഇതിനാവശ്യമായ ചര്‍ച്ചകള്‍ നടത്തുകയാണ് ഒമാന്‍ സന്ദര്‍ശനത്തിന്റെ പ്രധാന ദൗത്യമെന്ന് മന്ത്രി മുരളീധരന്‍ മസ്‌കറ്റില്‍ പറഞ്ഞു.
◾അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. കായംകുളം സ്വദേശി വിഷ്ണു ജി. കുമാറിനെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവറാണ് വിഷ്ണു.
◾കോഴിഫാമുകളും അറവുശാലകളും നിയമവിധേയമാക്കും. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
◾കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്തു. സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് 30 കോടി രൂപയുമെടുത്താണ് ശമ്പളം നല്‍കിയത്.
◾കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതി ശശിധരന്‍ നായരും മരിച്ചു. 85 ശതമാനം പൊള്ളലേറ്റ ഇയാളുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മടവൂര്‍ സ്വദേശി പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമലകുമാരിയേയും ശനിയാഴ്ചയാണ് ഇയാള്‍ തീകൊളുത്തി കൊന്നത്.
◾ഇടുക്കി കണ്ണംപടിയില്‍ കാട്ടിറച്ചിയുമായി ആദിവാസി യുവാവിനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ വനം വകുപ്പിനെതിരെ ആദിവാസി സമരം. ആദിവാസികളെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച് വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
◾സിനിമാ പ്രചരണപരിപാടിക്കിടെ കോഴിക്കോട് യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ പ്രതികളെക്കുറിച്ച് വിവരം കിട്ടാതെ അന്വേഷണ സംഘം. പരിപാടിയുടെ വീഡിയോ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും അതിക്രമം നടത്തിയവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
◾അട്ടപ്പാടി മധുകൊലക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. പൂജാ അവധിക്കുശേഷം മണ്ണാര്‍ക്കാട് വിചാരണക്കോടതി വിധി പറയും. സാക്ഷികളെ സ്വാധിനിക്കാന്‍ ശ്രമിച്ചെന്നു തെളിഞ്ഞതോടെയാണ് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്.
◾ചങ്ങാനാശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തിനു കാരണം തന്റെ ഭാര്യയുമായി കൊല്ലപ്പെട്ട ബിന്ദുമോനു ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിന്റെ സംശയമാണെന്ന് പൊലീസ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിന്‍ എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ മേലാംകോട് സ്വദേശി വേണുഗോപാലന്‍ നായര്‍ക്കെതിരെ സഹപ്രവര്‍ത്തകയുടെ പീഡന പരാതി. അഞ്ച് മാസം മുന്പ് സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ അതിക്രമം നടത്തിയെന്നാണ് കേസ്. സ്റ്റേഷന്‍ മാസ്റ്റര്‍ ഒളിവിലാണ്.
◾മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. 66 വയസായിരുന്നു.
◾അച്ചന്‍കോവിലാറ്റില്‍ നീന്താനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടിയൂര്‍ ഹരിഹര മന്ദിരത്തില്‍ രാധാകൃഷ്ണന്റെയും മിനിയുടെയും മകന്‍ ഹരികൃഷ്ണന്‍ (28) ആണ് മരിച്ചത്.
◾ആലുവ കമ്പിനിപ്പടിയില്‍ ടയര്‍ പഞ്ചറായതുമൂലം നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ റോഡിന് സമീപം നിന്നിരുന്ന ഹോട്ടല്‍ സുരക്ഷ ജീവനക്കാരനെയും ഇടിച്ച് തെറിപ്പിച്ചു.
◾കാഞ്ഞങ്ങാട്ടും ആലുവായിലും എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചവര്‍ പിടിയില്‍. കാഞ്ഞങ്ങാട്ടെ എടിഎമ്മില്‍ കവര്‍ച്ചയ്ക്കു ശ്രമിച്ച കേസില്‍ പാലക്കാട് വണ്ടാഴി സ്വദേശി മണികണ്ഠനാണ് പിടിയിലായത്. ആലുവയില്‍ മാള അന്നമനട സ്വദേശി ഷിനാസാണ് അറസ്റ്റിലായത്.
◾താമരശേരിയിലും പൊന്‍കുന്നത്തും എംഡിഎംഎ വേട്ട. താമരശേരിയിലെ ലോഡ്ജില്‍ പുതുപ്പാടി കൈതപ്പൊയില്‍ ചന്ദനപ്പുറം വീട്ടില്‍ മുഹമ്മദ് ഷക്കീര്‍ (23), താമരശ്ശേരി പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടില്‍ ആദില്‍ റഹ്‌മാന്‍ (20), പെരുമ്പളളി കവുമ്പുറത്ത് വീട്ടില്‍ ആഷിക്. കെ.പി. (23), എന്നിവരാണു പിടിയിലായത്. പൊന്‍കുന്നത്ത് കാഞ്ഞിരപ്പളളി കോരുത്തോട് സ്വദേശി അരുണ്‍ ജോണ്‍, അനന്തു കെ ബാബു, ജിഷ്ണു സാബു എന്നിവരാണ് അറസ്റ്റിലായത്.
◾എംഡിഎംഎ കൈവശം വച്ചതിന് ഒരു മാസം മുന്‍പ് കണ്ടല്ലൂരില്‍ രണ്ടു പേര്‍ പിടിയിലായ കേസില്‍ ഒരാളെ കനകക്കുന്ന് പൊലീസ് ബംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ വടക്ക് പുതിയവിള എസ്‌കെ നിവാസില്‍ സന്തോഷ് കുമാറിന്റെ മകന്‍ സച്ചിന്‍ (20) ആണ് പിടിയിലായത്.
◾ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധി കര്‍ണാടകയിലെത്തി. കുടകിലെ റിസോര്‍ട്ടില്‍ രണ്ടു ദിവസം തങ്ങുന്ന സോണിയ, കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. വ്യഴാഴ്ച ഭാരത് ജോഡോ യാത്രയില്‍ സോണിയാ ഗാന്ധി പങ്കെടുക്കും. വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധിയും എത്തും.
◾പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മാന്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാര്‍ക്ക് 25 കോടി രൂപവീതം വാഗ്ദാനം ചെയ്ത് ബിജെപി നടത്തിയ 'ഓപറേഷന്‍ ലോട്ടസ്' ശ്രമങ്ങള്‍ പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു.
◾ഏഴാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം. 182 അംഗങ്ങളുള്ള നിയമസഭയില്‍ 135 മുതല്‍ 143 വരെ സീറ്റ് ബിജെപി നേടുമെന്നാണ് എബിപി ന്യൂസ് - സി വോട്ടര്‍ സര്‍വേ ഫലം പറയുന്നത്. 36 മുതല്‍ 44 വരെ സീറ്റ് കോണ്‍ഗ്രസിനു കിട്ടും. ഗുജറാത്തില്‍ ഇളക്കിമറിച്ചു പ്രചാരണം നടത്തുന്ന ആം ആദ്മി പാര്‍ട്ടിക്കു വെറും രണ്ടു സീറ്റേ ലഭിക്കൂവെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. ഹിമാചല്‍ പ്രദേശിലും ബിജെപിതന്നെ അധികാരത്തിലെത്തുമെന്നാണു സര്‍വേ റിപ്പോര്‍ട്ട്.
◾ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ നവംബര്‍ മാസത്തോടെ ലഭ്യമാകും. അടുത്തവര്‍ഷം ഓഗസ്റ്റ് മാസത്തോടെ 5 ജി ആക്കും. അടുത്ത 18 മാസം കൊണ്ട് 1.25 ലക്ഷം 4 ജി മൊബൈല്‍ സൈറ്റുകള്‍ അവതരിപ്പിക്കുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പികെ പുര്‍വര്‍ പറഞ്ഞു.
◾ജമ്മു കാഷ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് ലോഹ്യയെ കഴുത്തറുത്തു കൊന്നു. ഉദയ്വാലയിലുള്ള വസതിയിലാണു സംഭവം. വീട്ടുജോലിക്കാരനെ സംശയിക്കുന്നതായി പോലീസ്.
◾'പ്ലേബോയ്' ആകാന്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഘം ഡല്‍ഹിയില്‍ പിടിയില്‍. നൂറോളം പേരെയാണ് നാലംഗ സംഘം ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലും ഡേറ്റിംഗ് ആപ്പായ ടിന്‍ഡറിലും വ്യാപകമായി പരസ്യം നല്‍കിയാണ് യുവാക്കളെ ആകര്‍ഷിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹരി നഗറിലെ രണ്ട് മുറികളുള്ള അപ്പാര്‍ട്ട്‌മെന്റില്‍ തട്ടിപ്പു നടത്തിയ ഉദിത് മെഹ്‌റ, നേഹ ഛബ്ര, അര്‍ച്ചന അഹൂജ, സൂത്രധാരന്‍ ശുഭം അഹൂജ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
◾നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗര്‍ഭ നൃത്തം ചെയ്യുന്നതിനിടെ 35 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വിവരമറിഞ്ഞ് ഹൃദയം തകര്‍ന്ന് യുവാവിന്റെ പിതാവും മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ മനീഷ് നരാപ്ജി സോണിഗ്രയാണ് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണത്. 66 കാരനായ പിതാവ് നരാപ്ജി സോണിഗ്ര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ മകന്റെ മരണ വാര്‍ത്ത അറിഞ്ഞ പിതാവും കുഴഞ്ഞുവീണ് മരിച്ചു.
◾തമിഴ്നാട് ട്രിച്ചിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രവി (35) എന്നയാളാണ് കൊല്ലപ്പെട്ടത്.
◾ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സില്‍ കേരളത്തിന് ഒരു സ്വര്‍ണം കൂടി. വനിതകളുടെ ലോങ് ജമ്പില്‍ നയന ജെയിംസാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. ഫെന്‍സിങ്ങില്‍ കേരളത്തിന് നാലാം മെഡല്‍. വനിതകളുടെ ഫോയില്‍ വിഭാഗത്തില്‍ കേരളം വെള്ളി നേടി.
◾ജസ്പ്രീത് ബുംറ ലോകകപ്പിനില്ല. ഇന്നലെ വാര്‍ത്താക്കുറിപ്പിലൂടെ ബിസിസിഐ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുറം ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണിത്.
◾ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 മത്സരം ഇന്ന് ഇന്‍ഡോറില്‍. ആദ്യത്തെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ നേടിയിരുന്നു. ഇന്ന് 7 മണി മുതലാണ് മത്സരം ആരംഭിക്കുക.
◾രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് പിന്‍വലിഞ്ഞ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ). സെപ്തംബറില്‍ 7,624 കോടി രൂപ അവര്‍ പിന്‍വലിച്ചു. ജൂലായില്‍ 5,000 കോടി രൂപയും ആഗസ്റ്റില്‍ 51,200 കോടി രൂപയും നിക്ഷേപിച്ചശേഷമാണ് സെപ്തംബറിലെ പിന്മാറ്റം. ജൂലായ്ക്ക് മുമ്പ് തുടര്‍ച്ചയായ ഒമ്പതുമാസങ്ങളില്‍ എഫ്.പി.ഐ നിക്ഷേപം ഇടിഞ്ഞിരുന്നു. 2.50 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപമാണ് ഇക്കാലയളവില്‍ പിന്‍വലിക്കപ്പെട്ടത്. 2022ലെ മാത്രം നഷ്ടം 1.68 ലക്ഷം കോടി രൂപ. നിക്ഷേപകര്‍ ഓഹരിവിപണിയില്‍ നിന്ന് പണം പിന്‍വലിച്ച് ബോണ്ടുകളിലേക്ക് ഒഴുക്കുകയാണ്. ആഗോളതലത്തില്‍ ഡോളറിന് ഡിമാന്‍ഡേറിയതോടെ രൂപയുടെ മൂല്യവും റെക്കാഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. തായ്വാന്‍, തായ്‌ലന്‍ഡ്, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ എന്നിവയും വന്‍തോതിലുള്ള എഫ്.പി.ഐ നിക്ഷേപനഷ്ടം നേരിടുകയാണ്. ഇന്‍ഡോനേഷ്യ കഴിഞ്ഞമാസം നിക്ഷേപവളര്‍ച്ച രേഖപ്പെടുത്തി.
◾ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഉത്സവ സീസണ്‍ ആരംഭിക്കാന്‍ നാളുകള്‍ ശേഷിക്കവേയാണ് ആഭ്യന്തര റൂട്ടുകളില്‍ പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം ആണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. പത്ത് മാസത്തോളം ടാറ്റയ്ക്ക് കീഴില്‍ നിരവധി മാറ്റങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ വിധേയമാക്കിയിരിക്കുന്നത്. പുതിയ മെനുവില്‍, രുചികരമായ ഭക്ഷണങ്ങള്‍ ആണ് അണിനിരത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രാദേശിക വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് തരത്തിലുള്ള ഡെസേര്‍ട്ടും മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മെനുവും താമസിയാതെ പരിഷ്‌കരിക്കും.
◾പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ബേസില്‍ ജോസഫ് ചിത്രം 'ജയ ജയ ജയ ജയ ഹേ'യുടെ ടീസര്‍ പുറത്ത്. ഒരു കോമഡി എന്റര്‍ടെയ്നര്‍ ആകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ബേസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹവും പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. ദര്‍ശന രാജേന്ദ്രന്‍ നായികയായി എത്തുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ എത്തും. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തിറക്കിയ പോസ്റ്ററില്‍ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകന്‍ എബി കുരുവിളയുടെയും ചിത്രമാണുള്ളത്. കൊച്ചുമകന്റെ സൈക്കിളിനു പിന്നില്‍ ക്രിക്കറ്റ് ബാറ്റും സ്റ്റമ്പുമൊക്കെയായി ഇരിക്കുന്ന ഉതുപ്പേട്ടനാണ് പോസ്റ്ററില്‍ ഉള്ളത്. ഉതുപ്പേട്ടനായി ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി സജല്‍ സുദര്‍ശനുമാണ് വേഷമിടുന്നത്. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജു കൃഷ്ണയാണ് നായിക. കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാര്‍, വൈശാഖ്, ബിജു, മഹിമ, നവീന്‍, അനുനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ഇലക്ട്രിക് വാഹനനിര്‍മ്മാണ മേഖലയില്‍ പുതിയ കുതിപ്പിനൊരുങ്ങുന്ന സ്‌കോഡ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 560 കോടി യൂറോ ചെലവഴിക്കും.2030 വരെയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതില്‍ ഇ-വാഹനങ്ങള്‍ക്കായുള്ള ആകര്‍ഷകമായ പുത്തന്‍ ലോഗോയും ഉള്‍പ്പെടുന്നു. ഡിജിറ്റല്‍വത്കരണത്തിന് 70 കോടി യൂറോയും ചെലവിടും. 2030ഓടെ യൂറോപ്യന്‍ ഇലക്ട്രിക് കാര്‍ വിപണിയുടെ 70 ശതമാനവും സ്വന്തമാക്കുകയാണ് ലക്ഷ്യം. 2026നകം മൂന്ന് ഇ-മോഡലുകള്‍ വിപണിയിലിറക്കും.
◾കേരളത്തിലുണ്ടായ പ്രളയം പ്രകൃതിയുടെ വികൃതിയല്ലെന്നും മറിച്ച് പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക നാശത്തിന്റെ സൂചനയാണെന്നും പ്രവചിച്ച കൃതിയുടെ പരിഭാഷ. വന്‍തോതിലുള്ള ഖനനവും പാറപൊട്ടിക്കലും വനനശീകരണവും; ജലസ്രോതസ്സുകളുടെ ദുര്‍വിനിയോഗം- ഇവയെല്ലാം മൂലം തകര്‍ന്നു തരിശായ പശ്ചിമഘട്ടമേഖലയില്‍ സഞ്ചരിച്ചു പഠിച്ച് പാരിസ്ഥിതികപ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം. 'പ്രളയവും കോപവും'. വിജു ബി. മാതൃഭൂമി ബുക്സ്. വില 285 രൂപ.
◾വൈറ്റമിന്‍-ഡിയുടെ കുറവ് പൊതുവെ എല്ലുകളെയും മുടിയെയുമെല്ലാം ബാധിക്കുമെന്നേ പറഞ്ഞുകേള്‍ക്കാറുള്ളൂ. എന്നാല്‍ വൈറ്റമിന്‍ -ഡി കാര്യമായ രീതിയില്‍ കുറയുന്നത് ഹൈപ്പര്‍ടെന്‍ഷനിലേക്കും നയിച്ചേക്കാം. ഇത് ഹൃദയത്തിനും പ്രതികൂലമായ സാഹചര്യമുണ്ടാക്കാം. പതിവായി ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവരിലും ബിപി അധികരിക്കാന്‍ സാധ്യതയുണ്ട്. മുതിര്‍ന്ന ഒരാള്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉറങ്ങേണ്ടതുണ്ട്. ഇത് പതിവായി ആറ് മണിക്കൂറോ അതിന് താഴെയോ ആയി ചുരുങ്ങിയാല്‍ ക്രമേണ ഹൈപ്പര്‍ടെന്‍ഷനിലേക്ക് നീങ്ങാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്ന് മാത്രമല്ല ശാരീരികാരോഗ്യത്തിന് പുറമെ മാനസികാരോഗ്യത്തെയും ഉറക്കമില്ലായ്മ കാര്യമായി തന്നെ ബാധിക്കാം. ഇടവിട്ട് ഉണരുക, ആഴത്തിലുള്ള ഉറക്കം കിട്ടാതിരിക്കുക, ഉറക്കസമയം കുറവാകുക എന്നീ പ്രശ്നങ്ങളെല്ലാം പരിഹരിക്കേണ്ടവയാണ്. ബിപിയുള്ളവര്‍ ഡയറ്റ് പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ഇക്കാര്യം ആദ്യമേ സൂചിപ്പിച്ചുവല്ലോ. പ്രോസസ്ഡ് ഭക്ഷണങ്ങളെല്ലാം ബിപിയുള്ളവര്‍ ഒഴിവാക്കുന്നതാണ് ഉചിതം. അല്ലെങ്കില്‍ ഇവ ക്രമേണ നിങ്ങളെ അപകടത്തിലാക്കും. പാക്കറ്റ് ഭക്ഷണങ്ങള്‍- ഇത്തരത്തിലുള്ള പാനീയങ്ങളെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മാത്രമല്ല നമ്മെ ദോഷകരമായി ബാധിക്കുന്നത്. മാനസികാരോഗ്യത്തിനും ഇതില്‍ വലിയ പ്രാധാന്യമുണ്ട്. സാമൂഹികമായി ഉള്‍വലിഞ്ഞ് ജീവിക്കുക, ഏകാന്തവാസം, സൗഹൃദങ്ങളോ മറ്റ് അടുത്ത ബന്ധങ്ങളോ ഇല്ലാതിരിക്കുകയെല്ലാം ക്രമേണ ഹൈപ്പര്‍ടെന്‍ഷനിലേക്ക് ചില വ്യക്തികളെ നയിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചില മരുന്നുകളെടുക്കുന്നവരില്‍ ഇതുമൂലവും ഹൈപ്പര്‍ടെന്‍ഷനുണ്ടാകാം. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ മറ്റ് രോഗങ്ങള്‍ക്ക് മരുന്നുകളെടുക്കും മുമ്പ് ഡോക്ടറോട് ഇക്കാര്യം ചര്‍ച്ച ചെയ്തിരിക്കണം.
*ശുഭദിനം*
*കവിത കണ്ണന്‍*
രണ്ടുപേര്‍ കാട്ടിലെ ചെറിയ വഴിയിലൂടെ പോവുകയായിരുന്നു. അവരുടെ ഇടയില്‍ ഒരു വഴക്ക് ഉണ്ടായി. ഒരാള്‍ മറ്റേയാളെ അടിച്ചു. രണ്ടാമന്‍ തിരിച്ചൊന്നും ചെയ്തതേയില്ല. അയാള്‍ താഴെ മണലില്‍ എഴുതി വെച്ചു. ഇവിടെ വെച്ച് എന്റെ സുഹൃത്ത് എന്നെ അടിച്ചു എന്ന്. അങ്ങനെ രണ്ടാം ദിവസം അവരുടെ യാത്രയ്ക്കിടയില്‍ ഒരു അരുവി കടന്നുവേണം പോകാന്‍ അരുവിയിലൂടെ നടന്നുപോകുമ്പോള്‍ അയാള്‍ കല്ലുകളില്‍ ചവിട്ടി വീഴാന്‍ പോയി. ആദ്യം തല്ലിയ സുഹൃത്ത് ഇയാളെ പെട്ടെന്ന് തന്നെ ചുറ്റിപിടിച്ചു രക്ഷിച്ചു. കരയിലെത്തിയപ്പോള്‍ രണ്ടാമന്‍ തന്റെ ഭാണ്ഡത്തില്‍ നിന്നും ഒരു ഉളിയെടുത്ത് അടുത്തുള്ള പാറയില്‍ ഇങ്ങനെ കൊത്തിവെച്ചു. ഇവിടെവച്ച് എന്റെ സുഹൃത്ത് എന്നെ രക്ഷിച്ചു. ഒന്നാമന് കൗതുകമായി. അദ്ദേഹം ചോദിച്ചു: ഇതെന്താണ് ഇങ്ങനെ. ഞാന്‍ താങ്കളെ ഉപദ്രവിച്ചപ്പോള്‍ താങ്കള്‍ അത് മണലില്‍ എഴുതിവെച്ചു. ഞാന്‍ താങ്കളെ രക്ഷിച്ചപ്പോള്‍ അത് താങ്കള്‍ ഒരു കല്ലില്‍ കൊത്തിവെച്ചിരിക്കുന്നു.. രണ്ടാമന്‍ പറഞ്ഞു: അത് അങ്ങിനെയാണ്.. നമ്മളെ മറ്റുള്ളവര്‍ ഉപദ്രവിച്ചിട്ടുണ്ടാകും. അത് നമുക്ക് മണലിലെഴുതുന്നതാണ് നല്ലത്.. കാരണം ഒരു കാറ്റ് വരുമ്പോഴേക്കും ആ എഴുതിയതെല്ലാം മാഞ്ഞുപോകണം. പക്ഷേ, മറ്റുള്ളവര്‍ നമുക്ക് തരുന്ന സ്‌നേഹം, കരുതല്‍ അതൊന്നും അങ്ങിനെ മാഞ്ഞുപോകാന്‍ പാടില്ല.. അത് കല്ലില്‍ കൊത്തിവെക്കണം. അതാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്ന ഊര്‍ജ്ജമായി മാറുന്നത്.. കല്ലില്‍ കൊത്തിവെയ്ക്കാന്‍ നമുക്ക് ഒരുപാട് മുഖങ്ങളും സന്ദര്‍ഭങ്ങളുമുണ്ടാകട്ടെ.. -ശുഭദിനം.
MEDIA 16