BREKING NEWS മടവൂർ കൊച്ചാലുംമൂട്ടിൽ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു.
October 01, 2022
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. പള്ളിക്കൽ സ്വദേശി വിമല കുമാരി (55) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിമല കുമാരിക്കൊപ്പം ആക്രമണത്തിന് ഇരയായ ഭർത്താവ് പ്രഭാകരക്കുറുപ്പ് ഉച്ചയോടെ മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇവരെ ആക്രമിച്ച ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ട്. കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ദമ്പതിമാരെ ആക്രമിച്ച ശേഷമാണ് ശശിധരൻ നായർ ഇവരെ പെട്രോളൊഴിച്ച് കത്തിച്ചത്.മകന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പെട്രോളുമായി വീട്ടിലെത്തിയ ശശിധരൻ നായർ, പ്രഭാകരക്കുറുപ്പിന്റെയും വിമല കുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹോളോ ബ്രിക്സ് നിർമാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകരക്കുറുപ്പ്. സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ് ശശിധരൻ നായർ.ശശിധരൻ നായരുടെ മകനെ വിദേശത്ത് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പ്രഭാകരക്കുറുപ്പാണ് 29 വർഷം മുമ്പ് ശശിധരൻ നായരുടെ മകനെ ബഹ്റൈനിൽ കൊണ്ടുപോയത്. എന്നാൽ മകൻ അവിടെ വച്ച് ആത്മഹത്യ ചെയ്തു. ഇതിനു പിന്നാലെ ശശിധരൻ നായരുടെ മകളും ജീവനൊടുക്കി. മകന്റെ മരണത്തിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന് ആരോപിച്ച് ശശിധരൻ നായർ നൽകിയ കേസിൽ ഇന്നലെ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ശശിധരൻ നായർ പ്രഭാകര കുറുപ്പിന്റെ വീട്ടിൽ എത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. അതിനു മുമ്പ് കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഇയാൾ രണ്ടുപേരെയും ആക്രമിച്ചിരുന്നു. വീടിന് സമീപത്ത് നിന്ന് ചോര പുരണ്ട നിലയിൽ ചുറ്റിക കണ്ടെടുത്തിട്ടുണ്ട്. നിലവിളി ശബ്ദത്തിന് പിന്നാലെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.