BREKING NEWS :പണമിടപാടിനെ ചൊല്ലി തർക്കം; മടവൂർ കൊച്ചാലുംമൂട്ടിൽ ഭാര്യയെയും ഭർത്താവിനെയും മുൻ സൈനികൻ പെട്രോളൊഴിച്ച് കത്തിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ മടവൂർ കൊച്ചാലുംമൂട്ടിൽ    , ദമ്പതിമാരെ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ചു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശി ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. പള്ളിക്കൽ സ്വദേശി പ്രഭാകര പിള്ള  (60), വിമലകുമാരി (55) എന്നിവർക്ക് സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റു. ഇരുവരേയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെ ആക്രമിച്ച ശശിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വിസ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു തർക്കമെന്നാണ് പ്രാഥമിക വിവരം. പെട്രോളുമായി വീട്ടിലെത്തിയ ശശി, പ്രഭാകര പിള്ളയുടെയും വിമലകുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ് ശശി. ഹോളോ ബ്രിക്സ് നിർമാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകര പിള്ള.