BREAKING NEWS നഗ്നപൂജാശ്രമമെന്ന് ആറ്റിങ്ങല്‍ സ്വദേശിനിയുടെ പരാതി; ഭർതൃമാതാവ് അറസ്റ്റില്‍

നഗ്നയാക്കി പൂജ നടത്താന്‍ മന്ത്രവാദി ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർതൃമാതാവ് അറസ്റ്റില്‍.ആറ്റിങ്ങല്‍ സ്വദേശിയായ പരാതിക്കാരിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനില്‍ ഷാലു സത്യബാബു (36), സഹോദരി ശ്രുതി, മന്ത്രവാദി നിലമേല്‍ ചേറാട്ടുകുഴി സ്വദേശി അബ്ദുല്‍ ജബ്ബാര്‍ (55), സഹായി സിദ്ദിക്ക് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. ഭര്‍തൃമാതാവ് ലൈഷയാണ് (60) അറസ്റ്റിലായത്. എല്ലാവര്‍ക്കും എതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു.

അ‌ഞ്ച് വര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2017 ജനുവരി 18ന് തമിഴ്നാട്ടിലെ നാഗൂര്‍ പള്ളിക്കടുത്ത് ലോഡ്‌ജിലായിരുന്നു സംഭവം. 2016 ഡിസംബറിലായിരുന്നു പരാതിക്കാരിയുടെ വിവാഹം. പിന്നാലെ ബംഗളൂരുവില്‍ മധുവിധുവിന് പോകാനെന്ന പേരില്‍ ജനുവരി 17ന് തന്നെ നാഗൂരിലെത്തിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവും സഹോദരിയും മാതാവും മന്ത്രവാദിയും ഒപ്പമുണ്ടായിരുന്നു.18ന് ലോഡ്‌ജ് മുറിയില്‍ എത്തുമ്ബോള്‍ മറ്റൊരു പെണ്‍കുട്ടിയെ നഗ്നയാക്കി പീഠത്തില്‍ ഇരുത്തി അബ്ദുള്‍ ജബ്ബാര്‍ പൂജ നടത്തുകയായിരുന്നു. തന്നെയും നഗ്നപൂജ ചെയ്യാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാതിരുന്നപ്പോള്‍ ഭര്‍ത്താവും സഹോദരിയും മര്‍ദ്ദിച്ചു. മന്ത്രവാദിയുടെ സഹായി സിദ്ധിക്ക് വസ്ത്രം വലിച്ചു കീറി. ഇതോടെ നേരത്തേ പൂജയ്‌ക്കിരുന്ന പെണ്‍കുട്ടിയുടെ പിതാവ് ബഹളം വച്ചു. തുടര്‍ന്ന് ലോഡ്‌ജിലെ മുറിയിലേക്ക് രക്ഷപ്പെട്ടു. അടുത്ത രണ്ട് ദിവസവും നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാതായതോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് യുവതി പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് പോയി. അബ്ദുല്‍ ജബ്ബാറും സിദ്ധിക്കും ഭര്‍ത്താവും ഉള്‍പ്പെട്ട സംഘം ആറ്റിങ്ങലിലെത്തി വാഹനം ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നും സഹോദരനെ ആക്രമിച്ചെന്നും മകളെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.ഒന്‍പത് മാസം മുൻപ് യുവതി വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു. ഒരാഴ്ച മുൻപ് ഭര്‍ത്താവ് ഫേസ്ബുക്ക് വഴി അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.