ശ്രീനഗര്‍ : ജമ്മു കാശ്മീര്‍ ജയില്‍ വകുപ്പ് ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ജമ്മുവിലെ വസതിയിലാണ് അദ്ദേഹത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. വീട് പുതുക്കിപ്പണിയുന്നതിനാല്‍ ഹേമന്ത് കുമാര്‍ ലോഹ്യ സ്വന്തം കുടുംബത്തോടൊപ്പം സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലായിരുന്നു താമസം. ഡിജിപിയുടെ വീട്ടുജോലിക്കാരന് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയെ ഓഗസ്റ്റിലാണ് ജയില്‍ ഡി ജി പിയായി നിയമിച്ചത്. ജമ്മുവിന്റെ പ്രാന്തപ്രദേശത്തുള്ള ഉദയ്വാല വസതിയില്‍ വച്ചാണ് ക്രൂര കൃത്യം നടന്നത്. ലോഹ്യയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടെത്തി. പരിശോധനയില്‍ ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു.