BREAKING NEWSപോക്സോ കേസ് പ്രതിയായ നാവായിക്കുളം കിഴക്കനേല സ്വദേശി ഫെബിനെ കേരള പോലീസ് ഇന്റർപോളിന്റെ സഹായത്തോടെ അബുദാബിയിൽ എത്തി പിടികൂടി നാട്ടിലെത്തിച്ചു.
October 13, 2022
അബുദാബി/അജ്മാൻ • എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു നാടുവിട്ട പോക്സോ കേസ് പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അജ്മാനിൽ നിന്നു പിടികൂടി കേരള പൊലീസിനു കൈമാറി. തിരുവനന്തപുരം പള്ളിക്കൽ കിഴക്കൻ ഏല സ്വദേശി ഫെബിനെ(23)യാണ് കേരള പൊലീസ് യുഎഇയിലെത്തി ഏറ്റുവാങ്ങിയത്. 2018ലാണ് സംഭവം കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതേ തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഇന്റർപോളിന്റെ സഹായം തേടിയത്.ഇന്ത്യയുടെ അഭ്യർഥന പ്രകാരം യുഎഇ പ്രതിയെ കസ്റ്റഡിയിൽ എടുത്തു വിവരം അറിയിച്ചു. ഇതനുസരിച്ചു തിരുവനന്തപുരം റൂറൽ ഡിസിആർബി ഡിവൈഎസ്പി വിജുകുമാർ, ഇൻസ്പെക്ടർ ശ്രീജേഷ്, ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ വി.കെ.സന്തോഷ് എന്നിവരടങ്ങുന്ന സംഘം യുഎഇയിലെത്തി നിയമ നടപടികൾ പൂർത്തിയാക്കി പ്രതിയെ ഏറ്റുവാങ്ങി. ഇന്നലെ രാത്രി 10ന് ഷാർജയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ കൊണ്ടുപോയി. ഇന്നു പുലർച്ചെ നാട്ടിലെത്തുന്ന സംഘം കേസിൽ കൂടുതൽ അന്വേഷണം നടത്തി പ്രതിയെ റിമാൻഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.ഇതു മൂന്നാം തവണ കേരള പൊലീസ് യുഎഇയിലെത്തി പ്രതിയെ ഏറ്റുവാങ്ങുന്നത്. നാട്ടിൽ നിന്നു കുറ്റകൃത്യം ചെയ്തു വിദേശത്തേക്കു മുങ്ങുന്ന പതിവുണ്ടെന്നും എവിടെ പോയാലും രക്ഷപ്പെടില്ലെന്ന സൂചനയാണ് ഇതു നൽകുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.