മാതാപിതാക്കളെ കുത്തിപ്പരുക്കേൽപ്പിച്ച് മകൻ; ലഹരിക്കടിമ; വെടിയുതിർത്ത് പൊലീസ്”

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരുക്കേല്‍പിച്ചു. എര​ഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി(48) എന്നിവര്‍ക്കാണ് കുത്തേറ്റത്. മകൻ ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ് വെളിപ്പെടുത്തി. ദമ്പതികൾക്ക് കുത്തേറ്റ വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഷൈൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ അകറ്റി നിർത്തിയിരിക്കുകയായിരുന്നു. ഇയാളെ കീഴടക്കാൻ പൊലീസ് രണ്ടുവട്ടം വെടിവച്ചു.

മല്‍പ്പിടുത്തത്തിനിടെ ഷൈനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വീടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പൊലീസിന് കീഴ്‌പ്പെടുത്താനായത്. രണ്ടു തവണ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെയാണ് ഷൈന്‍ പൊലീസിന് വഴങ്ങിയത്.