ഇലകമൺ : ഗ്രാമപ്പഞ്ചായത്തിലെ ഹരിഹരപുരം തൂമ്പിൽത്തൊടി ശുദ്ധജലസ്രോതസ്സ് സംരക്ഷണമില്ലാതെ നശിക്കുന്നു. കടുത്ത വേനലിലും സമൃദ്ധമായി ശുദ്ധജലം ലഭിക്കുന്ന നീരുറവകൾ സംരക്ഷിക്കാൻ പദ്ധതികൾ ഇല്ലാത്തതാണ് നശിക്കാൻ കാരണമാകുന്നത്. ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് കായലിലേക്കൊഴുകി പാഴാകുന്നത്.
വേനൽക്കാലത്ത് ദൂരസ്ഥലങ്ങളിൽനിന്നുവരെ ആൾക്കാർ കുളിക്കാൻ തൂമ്പിൽത്തൊടിയിലെത്തുന്നുണ്ട്. കുന്നിൻചരിവുകളിലെ നീരുറവകളിലെ ജലം തടഞ്ഞുനിർത്താൻ കൽക്കെട്ടും സമീപം കുളിപ്പുരകളും തയ്യാറാക്കിയിട്ടുണ്ട്. ഒഴുകിയെത്തുന്ന വെള്ളം സൗകര്യപൂർവം ഉപയോഗിക്കാനായി പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക കുളിപ്പുരയുമുണ്ട്.
എന്നാലിപ്പോൾ കുളിക്കടവും പരിസരവും കാടുമൂടിക്കിടക്കുകയാണ്. വെള്ളം സംഭരിക്കാനുള്ള കൽക്കെട്ടിൽ മാലിന്യവും നിറഞ്ഞു. സമീപത്തെ മരങ്ങളിലെ ഇലകളും മറ്റും വീണ് അഴുകി പായൽമൂടിയനിലയിലാണ്. മദ്യക്കുപ്പികളും മാലിന്യവും നിറഞ്ഞ കൽക്കെട്ടിലെ വെള്ളമാണ് സ്ത്രീകൾ കുളിക്കുന്ന ഭാഗത്ത് ഒഴുകിയെത്തുന്നത്. ആരോഗ്യപ്രശ്നങ്ങൾക്കും കാരമണാകുന്നു.
രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചവുമില്ല. കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ഇലകമൺ പഞ്ചായത്തിന്റെ അധീനതയിലുള്ള തൂമ്പിൽത്തൊടി കുടിവെള്ള പദ്ധതിക്കായി പ്രയോജനപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഇലകമൺ പഞ്ചായത്ത് ഭരണസമിതി 30 ലക്ഷം രൂപയുടെ തൂമ്പിൽത്തൊടി പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഹരിഹരപുരം കായലിനോടു ചേർന്ന തൂമ്പിത്തൊടിയിലെ ഉറവകളുടെ പ്രഭവസ്ഥാനത്ത് കിണർ തയ്യാറാക്കി ജലം സംഭരിച്ച് ടാങ്കിലേക്ക് പമ്പ് ചെയ്ത് ഉയർന്ന സ്ഥലങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ പലവിധ കാരണങ്ങളാൽ പദ്ധതി ലക്ഷ്യംകാണാതെ പോയി.