*വിഴിഞ്ഞം പദ്ധതിക്കായി അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ എത്തിക്കുന്ന നിര്‍മ്മാണ സാമഗ്രികള്‍ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു*

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി കടല്‍മാര്‍ഗം വിഴിഞ്ഞത് എത്തിക്കുവാന്‍ ആയി അദാനി ഗ്രൂപ്പ് ഹാര്‍ബറില്‍ വാഹന മാര്‍ഗ്ഗം എത്തിക്കുന്ന നിര്‍മ്മാണസാമഗ്രികള്‍ ആണ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വഴിയില്‍ തടഞ്ഞത്. കരിങ്കല്ലുമായി മുതലപ്പൊഴിയില്‍ എത്തിയ ലോറികളെയും തടഞ്ഞു. വഞ്ചിയൂര്‍ കടവിള കോറികളില്‍ നിന്നുമാണ് ലോറികള്‍ എത്തിയത്. ആദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പിന്നീട് വിഴിഞ്ഞം സമരസഹായ സമിതി സഹപ്രവര്‍ത്തകരും എത്തിയാണ് തടഞ്ഞത്. മണിക്കൂറുകളോളം മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥയായി. ബുധനാഴ്ച രാവിലെ മുതല്‍ മുതലപ്പൊഴിയിലേക്ക് പാറയുമായി വലിയ ലോറികള്‍ എത്തിത്തുടങ്ങിയിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ എത്തിയ വാഹനങ്ങള്‍ വാര്‍ഫിലേക്ക് കയറ്റാന്‍ സമ്മതിക്കാതെ തടഞ്ഞു. മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക, അഴിമുഖത്ത് അടിഞ്ഞു കൂടിയ മണല്‍ നീക്കുക, മുതലപ്പൊഴി അപകടത്തില്‍ മരിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
    മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് സമരക്കാരും അദാനി തുറമുഖ പ്രതിനിധികളും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആയതോടെയാണ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് ലോഡുമായി വന്ന വാഹനങ്ങള്‍ വാര്‍ഡിലേക്ക് കടത്തിവിട്ടു എന്നാല്‍ സമരം അവസാനിച്ചത് തൊട്ടുപിന്നാലെ വിഴിഞ്ഞം സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെത്തി ലോറികള്‍ തടഞ്ഞു. പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥയായി സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍ണമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉപരോധം എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ നിരവധി തവണ ചര്‍ച്ച നടത്തി. മണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവില്‍ ലോറികള്‍ വാര്‍ഫിനുള്ളിലേക്ക് കടത്തി വിടാന്‍ സമരസമിതി അനുവദിച്ചു. നിര്‍മാണ സാമഗ്രികളുമായി വാഹനങ്ങള്‍ ഇനി വരില്ലെന്നും സമര സമിതിയുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടി ഉണ്ടാകുമെന്നും ഉള്ള അധികൃതരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച കളക്ടറുടെ ചേംബറില്‍ സമരസമിതിയുടെ ചര്‍ച്ച നടക്കും പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.