ലൈഫ് : വീട് നിര്‍മ്മാണത്തിന് തുടക്കമാകുന്നു

ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്ന നടപടികളിലേക്ക് കടക്കാന്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

 ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാറൊപ്പിടുന്ന നടപടി ഉടന്‍ ആരംഭിക്കും. പട്ടികജാതി-പട്ടികവര്‍ഗ-മത്സ്യത്തൊഴിലാളിമേഖലയ്ക്കും അതിദരിദ്രരായി സര്‍ക്കാര്‍ കണ്ടെത്തിയവര്‍ക്കും മുന്‍ഗണന നല്‍കിയാകും പ്രക്രീയ ആരംഭിക്കുക. 

അതിദരിദ്രരുടെ പട്ടിക പരിശോധിച്ച് വീട് അനിവാര്യമായവരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തി, ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിലേക്ക് ചേര്‍ക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് തീരുമാനം. 

ലൈഫ് മിഷന്‍ നിര്‍മ്മിച്ച നാല് ഭവനസമുച്ചയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കള്‍ക്ക് കൈമാറും. ഈ സാമ്പത്തിക വര്‍ഷം 1,06,000 വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. പട്ടിക വര്‍ഗ സങ്കേതങ്ങളില്‍ വീടുവെക്കുന്ന പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് ആറ് ലക്ഷം രൂപയാണ് ധനസഹായം. മറ്റുള്ളവര്‍ക്ക് നാല് ലക്ഷം രൂപയാണ് വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത്.

 എല്ലാമനുഷ്യര്‍ക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതുവരെ ലൈഫ് പദ്ധതിയുടെ ഭാഗമായി 3,11,000 വീടുകളാണ് പൂര്‍ത്തിയായത്. ലൈഫിന്റെ ഒന്നാം ഘട്ടത്തില്‍ പേരുള്ള, ഇനിയും കരാറില്‍ ഏര്‍പ്പെടാത്ത ഭൂമിയുള്ള ഭവനരഹിതര്‍ 4360 ആണ്.

 സി ആര്‍ ഇസെഡ്, വെറ്റ്ലാന്‍ഡ് പ്രശ്നങ്ങള്‍ മൂലം കരാറിലെത്താത്തവരുടെ ഓരോരുത്തരുടെയും വിഷയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നങ്ങള്‍ മൂലമോ താത്പര്യമില്ലാത്തതിനാലോ കരാറില്‍ ഏര്‍പ്പെടാത്തവരുടെ വിശദാംശങ്ങള്‍ പഠിച്ച് കരാറിലെത്താനോ, ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനോ ഉള്ള നടപടി സ്വീകരിക്കും. 'മനസോടിത്തിരി മണ്ണ്' പദ്ധതിയിലൂടെ നിലവില്‍ ലഭിച്ച സ്ഥലം, ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കും. 

കൂടുതല്‍ ഭൂമി സംഭാവന ചെയ്യാന്‍ പൊതുജനങ്ങളും സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിളാ മേരി ജോസഫ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ലൈഫ് സിഇഒ പി ബി നൂഹ് തുടങ്ങിയവര്‍ പങ്കെടുത്തു.