ഹൈസ്കൂളിനോട് ചേർന്നുള്ള ഈ ഗ്രൗണ്ടിൽ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സ്പോർട്സ് ഇനങ്ങൾ, പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ക്ലബുകളുടെ നേതൃത്വത്തിൽ ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ തുടങ്ങിയവയും നടത്തുന്നുണ്ട്. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് എന്നീ കേഡറ്റുകളുടെ പരേഡും ഇവിടെയാണ് നടത്തുന്നത്
**കൽപ്പടവുകളും നശിച്ചു
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം 1991ൽ സ്റ്റേഡിയം നിർമ്മാണ കമ്മിറ്റി ആണ് സ്റ്റേഡിയം നിർമാണത്തിനായി 73 സെന്റ് സ്ഥലം ഇവിടെ വാങ്ങിയത്. ഇവിടെ സ്ഥിതിചെയ്തിരുന്ന കുന്നിന്റെ മുക്കാൽ ഭാഗവും ഇടിച്ചുനിരത്തി തുറന്ന കളിസ്ഥലം നിർമ്മിക്കുകയായിരുന്നു അന്ന് ചെയ്തത്. സ്‌റ്റേഡിയത്തിനരികിൽ റോഡിനോടു ചേർന്ന് കൽപ്പടവുകൾ നിർമ്മിച്ചെങ്കിലും കാലപ്പഴക്കം മൂലവും ശക്തമായ കാലവർഷത്താലും അവ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
** എസ്റ്റിമേറ്റ് തയാറാക്കി, എന്നിട്ടും
ഇവിടെ മിനി സ്റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായപ്പോൾ രണ്ടു വർഷം മുൻപ്പ് അന്നത്തെ എം.പി എ. സമ്പത്തിന്റെ നിർദ്ദേശപ്രകാരം മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ഗ്രീൻ റൂം, ഹാൾ, രണ്ടു ഹൈമാക്സ് ലൈറ്റ് തുടങ്ങിയവ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ അടങ്ങുന്നവയായിരുന്നു എസ്റ്റിമേറ്റ്. ഇത് അന്ന് എം.പിക്കു നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. എങ്കിലും ഇവിടെ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യത്തിന് ജനപ്രതിനിധികൾ മുന്തിയ പരിഗണന നൽകുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു
ആശ്രയം മറ്റ് സ്ഥലം
ഇപ്പോൾ അതൊരു തുറന്ന കളിസ്ഥലം മാത്രമാണ്. ഇവിടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചാൽ പുതിയ കായികതാരങ്ങളെ സൃഷ്ടിക്കുന്നതിനും വിവിധതരം ടൂർണമെന്റുകൾ നടത്തുന്നതിനും സൗകര്യം ലഭിക്കും. പഞ്ചായത്തിൽ ഈ സൗകര്യം ലഭ്യമല്ലാത്തതിനാൽ വളർന്നുവരുന്ന പല കായികതാരങ്ങളും മറ്റ് ദൂര സ്ഥലങ്ങളിൽ പോയാണ് പരിശീലനത്തിൽ ഏർപ്പെടുന്നത്.