കോട്ടയത്തെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്‌റ്റിൽ

കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ട കേസിലെ പ്രതി അറസ്റ്റില്‍. ചങ്ങനാശേരി എസി കോളനിയില്‍ താമസിക്കുന്ന മുത്തുകുമാര്‍ എന്നയാളെയാണ് ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആര്യാട് സ്വദേശി ബിന്ദുമോനെ (40) കൊലപ്പെടുത്തി ചങ്ങനാശ്ശേരി പൂവം രണ്ടാം പാലത്തിന് സമീപമുള്ള വീടിനുള്ളിൽ കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു.ഇരുവരും സുഹൃത്തുകളായിരുന്നു എന്നാണ് വിവരം.കൊലപാതകത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്നാണ് സൂചന.

ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ ബിന്ദുകുമാറിന്‍റെ (ബിന്ദുമോന്‍-42) മൃതദേഹം കണ്ടെടുത്തിരുന്നു.പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും.

സെപ്റ്റംബര്‍ 26 മുതല്‍ ബിന്ദുകുമാറിനെ കാണാനില്ലായിരുന്നു എന്നാണ് മാതാവ് പരാതിയില്‍ പറയുന്നത്. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞ് പോയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വൈകിയും വരാഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. അമ്മ കമലമ്മ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. ഇതിനിടെ ബിന്ദുകുമാറിന്റെ ബൈക്ക് ചങ്ങനാശ്ശേരി വാകത്താനത്ത് തോട്ടില്‍ കണ്ടെത്തിയതോടെ ഇയാള്‍ കോട്ടയം ജില്ലയിലെത്തിയെന്ന് ഉറപ്പായി.

ബിന്ദുകുമാറിന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ച പോലീസ്, ഇയാള്‍ അവസാനം വിളിച്ചത് സുഹൃത്തായ മുത്തുകുമാര്‍ എന്നയാളിനെയാണെന്ന് കണ്ടെത്തി. ലൊക്കേഷന്‍ പ്രകാരം തിരുവല്ലയില്‍ ഫോണ്‍ ഓഫായിരുന്നു. പിന്നീട് പൂവത്തും ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. മുത്തുകുമാര്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് മനസ്സിലായി. ആലപ്പുഴ നോര്‍ത്ത് പോലീസ് മുത്തുകുമാറിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായില്ല. ഇത് കൂടുതല്‍ സംശയം ജനിപ്പിച്ചു. ഇതോടെയാണ് മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.