കോവളത്ത് വച്ച് ഉപദ്രവിച്ചെന്ന് അധ്യാപിക; ‌‌എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുക്കും?

കൊച്ചി • സുഹൃത്തായ യുവതിയെ മര്‍ദിച്ചെന്ന പരാതിയില്‍ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നു പൊലീസ്. എൽദോസിനെതിരെ പരാതി നൽകിയ അധ്യാപിക ഇന്നു പൊലീസിൽ വിശദമായ മൊഴി നൽകും. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ യുവതി എംഎൽഎയ്ക്ക് എതിരെ മൊഴി നൽകിയിരുന്നു. പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും യുവതി ആരോപിക്കുന്നു.കോവളത്തുവച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയോട് മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച രാവിലെ 10ന് സ്റ്റേഷനിലെത്താന്‍ കോവളം പൊലീസ് ആവശ്യപ്പെട്ടു. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാണ് തീരുമാനം. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ പൊലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നല്‍കിയിരുന്നു.കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസ് കുന്നപ്പിള്ളിയും യുവതിയും കോവളത്തെത്തിയത്. വാക്കുതര്‍ക്കമുണ്ടാവുകയും എൽദോസ് മര്‍ദിച്ചുവെന്നും യുവതി പറയുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവതി നൽകിയ പരാതി കോവളം സ്‌റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തില്ല. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയിൽ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.തിങ്കളാഴ്ച വൈകിട്ടു കോവളം സ്‌റ്റേഷനില്‍ ഹാജരായ യുവതി, പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അറിയിച്ചു. തന്നെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാല്‍ വഞ്ചിയൂര്‍ സ്‌റ്റേഷനിലും ഹാജരായി. തുടര്‍ന്നാണു മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തിയത്. പരാതി നൽകിയ ശേഷം രണ്ടാഴ്ചയോളം ഇവർ സ്റ്റഷനിൽ എത്തിയിരുന്നില്ല. കോവളത്തു കാറിൽ യാത്ര ചെയ്യവേ എംഎൽഎ മർദിച്ചു എന്നാണ് അധ്യാപിക ആരോപിക്കുന്നത്.