പുള്ളിപ്പുലി ആക്രമണത്തിൽ ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്മയ്‌ക്കൊപ്പം വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായത്. മുംബൈയിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഗോരേഗാവിലെ ആരെ കോളനിയിലെ വനമേഖലയിലാണ് സംഭവം.ആരെയിലെ യൂണിറ്റ് നമ്പർ 15ൽ രാവിലെ 6.30ഓടെയാണ് സംഭവം. വീട്ടിൽ നിന്ന് 30 അടി അകലെയുള്ള ക്ഷേത്രത്തിലേക്ക് അമ്മയ്‌ക്കൊപ്പം നടക്കുകയായിരുന്നു കുട്ടി. ഇതിനിടെ പിന്നിൽ നിന്നും എത്തിയ പുലി പെൺകുട്ടിയെ ആക്രമിച്ച് പരുക്കേൽപ്പിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ആരെ കോളനിയിലെ ജനവാസ കേന്ദ്രങ്ങളിലും പാടങ്ങളിലും പുള്ളിപ്പുലികൾ എത്തുന്നത് പതിവാണ്. പുലി ആക്രമിക്കുന്ന സംഭവങ്ങളും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. കോളനിയിൽ പുലിയുടെ ആക്രമണം വർധിക്കുന്നത് പ്രദേശത്തെ നാട്ടുകാരിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം പ്രദേശത്ത് മനുഷ്യ-വന്യജീവി സംഘർഷം തടയാൻ വനംവകുപ്പ് കർമപദ്ധതി ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.റെസ്‌കിങ്ക് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫെയർ (RAWW)യുടെ ഒരു സംഘത്തെ സഹായത്തിനായി വനം വകുപ്പ് വിളിച്ചിട്ടുണ്ട്.